സാംസങിന്റെ ആന്‍ഡ്രോയ്ഡ് ഫ്രിഡ്ജ്

Posted on: 27 Jan 2013


-പി.എസ്.രാകേഷ്
പത്തിഞ്ച് വൈഫൈ എനേബിള്‍ഡ് ടച്ച്‌സ്‌ക്രീന്‍, വാര്‍ത്തകളും കാലാവസ്ഥാ വിവരങ്ങളും അറിയാനുളള ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകള്‍, ലൈവ് ട്വിറ്റര്‍ ഫീഡ്... പുതിയ സ്മാര്‍ട്‌ഫോണിന്റെയോ ടാബ്‌ലറ്റിന്റെയോ വിശേഷങ്ങളാണ് പറയുന്നതെന്ന് കരുതിയാല്‍ പൂജ്യം മാര്‍ക്ക്. ഒരു കിടിലന്‍ റഫ്രിജറേറ്ററിന്റെ വിശേഷങ്ങളാണിത്!

സ്മാര്‍ട്‌ഫോണുകള്‍ക്കും ക്യാമറകള്‍ക്കും ശേഷം ആന്‍്രേഡായ്ഡിലോടുന്ന സ്മാര്‍ട് ഫ്രിഡ്ജുകള്‍ അവതരിപ്പിക്കുന്നത് സാംസങ് ഇലക്‌ട്രോണിക്‌സ്. കഴിഞ്ഞയാഴ്ച സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ടി 9000 എന്ന സ്മാര്‍ട് ഫ്രിഡ്ജിന്റെ (T9000 smart refrigerator) ഉള്ളിലെന്തൊക്കെ എന്നറിഞ്ഞാല്‍ ആരും അദ്ഭുതപ്പെടും.

ഫ്രിഡ്ജ് എന്നാല്‍ പച്ചക്കറിയും മീനും കോഴിയിറച്ചിയും തലേന്നു ബാക്കിയായ ചോറും സുക്ഷിച്ചുവെക്കാനുളള ഇടം എന്ന ധാരണ അപ്പാടെ കടപുഴകിയെറിയുകയാണ് ടി 9000. വീട്ടിലേക്കാവശ്യമായ ആഹാരസാധനങ്ങള്‍ വാങ്ങുന്നതിനുളള ലിസ്റ്റ് തയ്യാറാക്കലും വീട്ടിലുള്ള സാധനങ്ങളുപയോഗിച്ച് ഉണ്ടാക്കാവുന്ന പാചകക്കുറിപ്പുകള്‍ കണ്ടെത്തലുമൊക്കെ ഈ ഫ്രിഡ്ജ് ആയിക്കൊള്ളും. ഫ്രീസറിലുള്ള പാലിന്റെയും വെണ്ണയുടെയും എക്‌സ്പയറി ഡേറ്റ് കഴിയാറായിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ ഫ്രിഡ്ജിനാകും.

ഫ്രിഡ്ജിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന വൈഫൈ എനേബിള്‍ഡ് ടച്ച്‌സ്‌ക്രീന്‍ വഴിയാണ് ഇതൊക്കെ നടക്കുക. പാചകക്കുറിപ്പുകള്‍ പരതിയെടുക്കാന്‍ എപിക്യൂറിയസ്, എവര്‍നോട്ട് എന്നീ ആപ്ലിക്കേഷനുകള്‍ സ്‌ക്രീനിലുണ്ട്.

ഫ്രിഡ്ജിന് മുന്‍വശത്തെ ടച്ച്‌സ്‌ക്രീന്‍


''ഓരോ വീടിന്റെയും കേന്ദ്രബിന്ദുവായ അടുക്കളകള്‍ ഇപ്പോഴൊരു ടാബ്‌ലറ്റ് ആക്‌സസ് പോയന്റ് കൂടിയായിട്ടുണ്ട്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലെ പാചകക്കുറിപ്പുകള്‍ നോക്കി അടുക്കളയില്‍ പരീക്ഷണം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അടുക്കളയിലേക്ക് ടാബ്‌ലറ്റോ സ്മാര്‍ട്‌ഫോണോ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ടൊഴിവാക്കാനാണ് ഫ്രിഡ്ജില്‍ തന്നെ അത്തരം സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്' - സാംസങ് ഹോം അപ്ലയന്‍സ് ഡിവിഷന്‍ വൈസ് പ്രസിഡന്റ് വാര്‍ണര്‍ ഡോയല്‍ പറയുന്നു.

ഫ്രിഡ്ജിന്റെ മുന്‍വശത്തെ വാതിലില്‍ ഘടിപ്പിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയിലൂടെ വാര്‍ത്തകളും കാലാവസ്ഥാ വിവരങ്ങളും ലൈവായി അറിയാം. ഫ്രിഡ്ജിനുള്ളിലെ ആഹാരസാധനങ്ങള്‍ എന്തൊക്കെയാണെന്ന വിവരങ്ങള്‍ എപിക്യൂറിയസ് ആപ്ലിക്കേഷന് നല്‍കിയാല്‍ അവയുപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ നൊടിയിടയില്‍ സ്‌ക്രീനില്‍ തെളിയും.

ഫ്രിഡ്ജിലേക്ക് ജാമും പാലും ടുമാറ്റോ സോസും ബട്ടറുമൊക്കെ കയറ്റുമ്പോള്‍ അവയുടെ എക്‌സ്പയറി ഡേറ്റ് സ്‌ക്രീനിലെ ഒരു ആപ്ലിക്കേഷനില്‍ എന്റര്‍ ചെയ്യാം. ഓരോ സാധനത്തിന്റെയും എക്‌സ്പയറി ഡേറ്റ് കഴിയുന്നതിനു മുമ്പായി ആപ്ലിക്കേഷന്‍ നമുക്ക് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കും. ടച്ച്‌സ്‌ക്രീനില്‍ ഒരു വെബ് ബ്രൗസര്‍ കൂടിയുളളതിനാല്‍ അടുക്കളയില്‍നിന്ന് മെയിലുകള്‍ പരിശോധിക്കാനും പാട്ടുകേള്‍ക്കാനും സിനിമ കാണാനുമൊക്കെ സാധിക്കും.

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനാണ് ടി 9000 ഫ്രിഡ്ജിലുള്ളത്. മുന്‍വശത്തെ സ്‌ക്രീനില്‍ മാത്രമല്ല ഫ്രിഡ്ജിന്റെ ഉള്ളിലും ആന്‍ഡ്രോയ്ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലെ തണുപ്പും താപനിലയുമൊക്കെ നിയന്ത്രിക്കുന്നത് ആന്‍ഡ്രോയ്ഡ് ഒ.എസാണ്. സ്‌ക്രീനില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളല്ലാതെ മറ്റൊന്നുമിതില്‍ പ്രവര്‍ത്തിക്കില്ല എന്നതു പോരായ്മയാണ്. ടാബുകളില്‍ ചെയ്യുന്നതുപോലെ ഗൂഗിള്‍ േപ്ലസ്‌റ്റോര്‍ പരതി ഇഷ്ടമുളള ആപ് ഡൗണ്‍ലോഡ് ചെയ്യാനാവില്ലെന്നര്‍ഥം.

ഈ വര്‍ഷം അവസാനത്തോടെ ടി 9000 സ്മാര്‍ട്ഫ്രിഡ്ജ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ തീരുമാനം. വില സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടില്ലെങ്കിലും 4000 ഡോളറിനടുത്താകും വിലയെന്ന് ഊഹാപോഹങ്ങളുണ്ട്. www.samsung.com/uk/t9000fridge എന്ന വെബ്‌സൈറ്റ് ലിങ്കില്‍ പ്രവേശിച്ച് പേരും ഇമെയില്‍ വിലാസവും നല്‍കിയാല്‍ ഫ്രിഡ്ജിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അയച്ചുതരാമെന്ന് സാംസങ് വാഗ്ദാനം ചെയ്യുന്നു.
സ്മാര്‍ട്ട് ഫ്രിഡ്ജിന്റെ ഉള്‍വശംStories in this Section