പകുതി ക്യാമറ, പകുതി സ്മാര്‍ട്‌ഫോണ്‍

Posted on: 16 Jun 2013


-പി.എസ്.രാകേഷ്




ഓരോ പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലും അവതരിപ്പിക്കപ്പെട്ടാല്‍ ദിവസങ്ങള്‍ക്കകം അതേക്കുറിച്ചുള്ള വിശദമായ വിശകലനം ടെക്‌നോളജി മാസികകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. മത്സരം മുറുകിയതോടെ മോഡലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്‌സൈറ്റുകളില്‍ റിവ്യൂ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ റഷ്യന്‍ വെബ്‌സൈറ്റായ hiþtech.mall.ru എന്ന വെബ്‌സൈറ്റ് എല്ലാവരെയും കടത്തിവെട്ടി വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. സാംസങ് ഗാലക്‌സി എസ് 4 സൂം എന്ന സ്മാര്‍ട്‌ഫോണിന്റെ വിശദമായ റിവ്യൂ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ ടെക്‌നോളജി വെബ്‌സൈറ്റ് ചരിത്രം രചിച്ചത്. വെറും റിവ്യൂ മാത്രമല്ല എസ് 4 സൂമും മറ്റ് സ്മാര്‍ട്‌ഫോണുകളുമായുളള താരതമ്യപഠനം, ഫോണിന് റഷ്യയില്‍ കൊടുക്കേണ്ട വില, വിപണിയിലെത്തുന്ന തീയതി എന്നിവയെല്ലാം ഹൈടെക് മാളിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇതിലെന്താണിത്ര അദ്ഭുതമെന്നല്ലേ, സാംസങ് കമ്പനി ഫോണ്‍ അവതരിപ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രങ്ങളടക്കമുളള റിവ്യൂ സൈറ്റില്‍ വന്നത്. അതിനുമുമ്പ് ഇത്തരമൊരു ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നത് സംബന്ധിച്ച് യാതൊരു സൂചനയും കമ്പനി നല്‍കിയിരുന്നില്ല. ആകെ നാണക്കേടിലായ സാംസങ് എസ് 4 സൂം ഔദ്യോഗികമായി പുറത്തിറക്കിക്കൊണ്ട് മുഖം രക്ഷിച്ചിരിക്കുകയാണിപ്പോള്‍.


പകുതി ക്യാമറ, പകുതി സ്മാര്‍ട്‌ഫോണ്‍....ഗാലക്‌സി എസ് 4 മിനി സൂമിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മുന്‍ഭാഗത്ത് നോക്കിയാല്‍ ഗാലക്‌സി എസ് 4 മിനി എന്ന മോഡലിനോട് സാദൃശ്യം തോന്നുന്ന രൂപഭാവമാണ് എസ് 4 നുള്ളത്. 960 X 540 പിക്‌സല്‍സ് റിസൊല്യുഷനോടു കൂടിയ 4.3 ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേ, 1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, എട്ട് ജി.ബി. സ്‌റ്റോറേജ് മെമ്മറി, 1.9 മെഗാപിക്‌സല്‍ കാമറ എന്നിവയുണ്ട് ഈ ഫോണില്‍.

പിന്‍ഭാഗത്തോ 16 മെഗാപിക്‌സല്‍ സെന്‍സറും 10 എക്‌സ് ഒപ്ടിക്കല്‍ സൂമും ഉളള അസലൊരു ക്യാമറ തന്നെയുണ്ട്. ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, സെനോണ്‍ ഫ്ലാഷ്, സൂം റിങ് എന്നിവയടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ക്യാമറയാണിത്. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ പോലും റിങ് തിരിച്ചാല്‍ ഉടന്‍ തന്നെ ഫോട്ടോയെടുക്കാന്‍ ക്യാമറ സജ്ജമാകുന്ന സംവിധാനത്തെയാണ് 'സൂം റിങ്' എന്നു വിളിക്കുന്നത്. നിലവിലുള്ള എല്ലാ സ്മാര്‍ട്‌ഫോണുകളിലും സ്‌ക്രീനിലെ ഷോര്‍ട്ട് കട്ട് കീ അമര്‍ത്തിയാല്‍ മാത്രമേ കാമറാ മോഡിലേക്ക് ഫോണ്‍ മാറുകയുളളൂ.


'യാതൊരു ഒത്തുതീര്‍പ്പുകളുമില്ലാതെ രണ്ടു ലോകങ്ങള്‍' സമ്മാനിക്കുന്ന ഫോണ്‍ ആണിതെന്ന് സാംസങ് കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ ജെ.കെ. ഷിന്‍ അവകാശപ്പെടുന്നു. എല്ലാവരുടെയും ഫോണുകളില്‍ ക്യാമറകളുണ്ടെങ്കിലും മികച്ച ചിത്രങ്ങളെടുക്കാനായി പ്രത്യേകമൊരു ക്യാമറയും കൊണ്ടുനടക്കുന്നവരാണ് നമ്മളില്‍ പലരും. ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണുന്നവര്‍ക്ക് സ്മാര്‍ട്‌ഫോണും ക്യാമറയും ചേരുന്ന ഈ ഗാഡ്ജറ്റ് ഏറെ ഇഷ്ടപ്പെടുമെന്നും ഷിന്‍ പറയുന്നു.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ് 4 സൂമില്‍ കണക്ടിവിറ്റിക്കായി 4ജി, ബ്ലൂടൂത്ത് 4.0, ജി.പി.എസ്., എന്‍.എഫ്.സി. എന്നീ സങ്കേതങ്ങളുണ്ട്. 2330 എം.എ.എച്ച് ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ കണ്ടാലും ബാറ്ററിയുടെ ചാര്‍ജ് മുഴുവനായി തീരില്ലെന്ന് സാംസങ് അവകാശപ്പെടുന്നു.


ജൂലായ് അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണിന് 618 ഡോളര്‍ (35,840 രൂപ) ആയിരിക്കും വിലയെന്ന് അറിയുന്നു. 41 മെഗാപിക്‌സല്‍ സെന്‍സറോടുകൂടിയ ക്യാമറയുള്ള നോക്കിയ പ്യുവര്‍വ്യൂ 808 എന്ന മോഡലിനോടാകും എസ് 4 സൂമിന് കാര്യമായി മത്സരിക്കേണ്ടിവരിക. നോക്കിയ 808 ന്റെ വിന്‍ഡോസ് വെര്‍ഷന്‍ സപ്തംബറില്‍ പുറത്തിറക്കാന്‍ നോക്കിയ തീരുമാനിച്ചിട്ടുണ്ട്.


TAGS:


Stories in this Section