ഗാലക്‌സി എസ് ത്രിക്ക് ഇനിയൊരു ജൂനിയര്‍

Posted on: 16 Oct 2012


-പി.എസ്.രാകേഷ്‌
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സൂപ്പര്‍താരമായി തുടരുകയാണ് സാംസങിന്റെ ഗാലക്‌സി എസ് ത്രി. 2012 മെയ് മൂന്നിന് സാംസങ് പുറത്തിറക്കിയ ഈ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ആദ്യ നൂറുദിവസത്തിനുള്ളില്‍ തന്നെ രണ്ട് കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ലോകമെങ്ങും എട്ടു കോടി ഗാലക്‌സി എസ് ത്രി മോഡലുകള്‍ വില്‍ക്കുമെന്നാണ് പ്രവചനം. സാംസങ് പുറത്തിറക്കിയ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ മോഡലും ഇത്രയധികം സ്വീകരിക്കപ്പെട്ടിട്ടില്ല.

പ്രതിമാസം 50 ലക്ഷം ഗാലക്‌സി എസ് ത്രി മോഡലുകള്‍ നിര്‍മിക്കാവുന്ന ദക്ഷിണ കൊറിയയിലെ സാംസങ് ഫാക്ടറി രാവുംപകലും പ്രവര്‍ത്തിക്കുകയാണിേപ്പാള്‍. ആ ഫോണിന്റെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിന് അനുസൃതമായി ഉല്പാദനം വര്‍ധിപ്പിക്കാന്‍ 75,000 ജീവനക്കാരെ സാംസങ് പുതുതായി നിയമിച്ചു.

ചൂടപ്പം പോലെ ഗാലക്‌സി എസ് ത്രി വിറ്റഴിക്കുന്നതിനിടയില്‍ പുതിയയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി വിപണിയിലെത്തിച്ചുകൊണ്ട് സാംസങ് വാര്‍ത്ത സൃഷ്ടിക്കുകയാണ്. പുതിയ േഫാണിന്റെ പേര് 'ഗാലക്‌സി എസ് ത്രി മിനി' (Galaxy S3 Mini). ഗാലക്‌സി എസ് ത്രിയുടെ സ്വീകാര്യത പരമാവധി മുതലെടുക്കാനുള്ള സാംസങിന്റെ ബുദ്ധിയാണ് മിനിയുടെ പിറവിക്ക് പിന്നിലെന്ന് വ്യക്തം.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സാംസങ് എസ് ത്രിയുടെ ചെറിയൊരു പതിപ്പാണ് ഗാലക്‌സി എസ് ത്രി മിനി. സ്‌ക്രീന്‍ വലിപ്പത്തിലും ഹാര്‍ഡ്‌വേര്‍ കരുത്തിലും ക്യാമറയുടെ ശേഷിയിലുമൊക്കെ ഗാലക്‌സി എസ് ത്രിയേക്കാള്‍ കുറച്ചു പിന്നിലാണ് 'മിനി'. അതുകൊണ്ടുതന്നെ എസ് ത്രിയുടെ വിലയും കുറവായിരിക്കും. എസ് ത്രി മിനി എന്നു പുറത്തിറങ്ങുമെന്നോ അതിനെന്തു വിലയാകുമെന്നോയുള്ള കാര്യങ്ങള്‍ സാംസങ് പുറത്തുവിട്ടിട്ടില്ല.


ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഗാലക്‌സി എസ് ത്രി മിനിക്ക് 350 ഡോളറിനും (18500 രൂപ) 430 ഡോളറിനും (28000 രൂപ) മധ്യേയായിരിക്കും വിലയെന്നാണ്. 34,500 രൂപയ്ക്കാണ് ഗാലക്‌സി എസ് ത്രി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്നത്. ഈ വര്‍ഷം ഡിസംബറോടെ എസ് ത്രി മിനി വിപണിയിലെത്തുമെന്നാണ് സൂചന.

സാംസങ് എസ് ത്രിയുടെ സ്‌ക്രീന്‍ സൈസ് 4.8 ഇഞ്ചാണെങ്കില്‍ എസ് ത്രി മിനിയുടേത് നാലിഞ്ച് സ്‌ക്രീനാണ്. എസ് ത്രിക്ക് കരുത്തുപകരുന്നത് ക്വാഡ്‌കോര്‍ പ്രൊസസറാണെങ്കില്‍, എസ് ത്രി മിനിയിലുള്ളത് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ മാത്രം. എസ് ത്രിയില്‍ എട്ട് മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എസ് ത്രി മിനിയിലെത്തുമമ്പാള്‍ ക്യാമറ അഞ്ച് മെഗാപിക്‌സലാകുന്നു. ഇതൊക്കെയാണ് ഇരു മോഡലുകളും തമ്മിലുള്ള കാര്യമായ വ്യത്യാസങ്ങള്‍.

ഒരു കാര്യത്തില്‍ മാത്രമേ എസ് ത്രി മിനി ചേട്ടനെ കടത്തിവെട്ടുന്നുള്ളു. ആന്‍ഡ്രോയിഡിന്റെ ഐസ്‌ക്രീം സാന്‍വിച്ച് പതിപ്പിലാണ് ഗാലക്‌സി എസ് ത്രി പുറത്തിറങ്ങിയത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ജെല്ലിബീനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം പിന്നീട് സാംസങ് ഏര്‍പ്പെടുത്തി. എന്നാല്‍, എസ് ത്രി മിനി ഇറങ്ങുന്നതുതന്നെ ജെല്ലിബീന്‍ വെര്‍ഷന്‍ ആന്‍ഡ്രോയിഡ് ഒ.എസുമായിട്ടാണ്.

സാംസങ് ഗാലക്‌സി എസ് ത്രി വാങ്ങാനുള്ള കാശില്ലാത്തവരെ ലക്ഷ്യമിട്ടാണ് എസ് ത്രി മിനി പുറത്തിറക്കിയതെന്ന് സാംസങ് കമ്പനി തന്നെ വ്യക്തമാക്കുന്നുണ്ട്. 'ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് ത്രി മിനിയുടെ പിറവി. എസ് ത്രി യുടെ അതേ രൂപകല്പനയിലും ഫിനിഷിങിലുമാണ് എസ് ത്രി മിനിയും നിര്‍മിച്ചിരിക്കുന്നത്.

ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനിലും സ്‌ക്രീന്‍ സൈസിലും അല്പം വ്യത്യാസമൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും എസ് ത്രിയും എസ് ത്രി മിനിയും സാദൃശ്യം പുലര്‍ത്തുന്നുണ്ട്'- സാംസങ് യു.കെ. വൈസ് പ്രസിഡന്റ് സിമോണ്‍ സ്റ്റാന്‍ഫോര്‍ഡ് പറയുന്നു. ഗാലക്‌സി എസ് ത്രിയുടെ വലിയ സ്‌ക്രീന്‍ സൈസ് ഇഷ്ടപ്പെടാത്തവരെ മിനി ആകര്‍ഷിക്കുമെന്ന് സാംസങ് കണക്കുകൂട്ടുന്നു.
TAGS:
samsung  |  galaxy s3 mini  |  smartphone  |  galaxy s 3  |  android phones 


Stories in this Section