ആന്‍ഡ്രോയിഡ് ക്യാമറക്കാലം

Posted on: 07 Dec 2012


- ബി.എസ്. ബിമിനിത്‌
സാംസങ്ങിന്റെ കൈയും പിടിച്ച് ഒടുവില്‍ ആന്‍ഡ്രോയിഡ് ക്യാമറയും വിപണിയില്‍ പച്ചപിടിച്ചു തുടങ്ങി. ആന്‍ഡ്രോയിഡിന് ജനകീയ മുഖം വന്നത് സാംസങ്ങിന്റെ ഗ്യാലക്‌സി പിറന്നതോടെയായിരുന്നു. 'വൈ' മുതല്‍ 'എസ് 3'യും കടന്ന് പറന്ന ഗ്യാലക്‌സി ഫോണുകളെ ഗൂഗിളിനു പോലും സല്യൂട്ട് ചെയ്യേണ്ടി വന്നു.

ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീനിന്റെ പിന്‍ബലത്തില്‍ ഗ്യാലക്‌സി ക്യാമറ നിര്‍മ്മിച്ചിറക്കിയത് മുഖ്യമായും സോഷ്യല്‍ മീഡിയ ലക്ഷ്യമാക്കിയാണ്. ക്യാമറയുടെ പിന്‍ഭാഗം കണ്ടാല്‍ ഗ്യാലക്‌സി സീരീസിലുള്ള ഏതോ സ്മാര്‍ട്ട് ഫോണാണെന്നു തോന്നും. ഫോണ്‍ ചെയ്യാന്‍ കഴിയില്ലെന്നതൊഴിച്ചാല്‍ 4.1 ജെല്ലി ബീന്‍ ഓഎസ്സില്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താവുന്ന മാറ്റങ്ങളൊന്നുമില്ല.


ഫോട്ടോയെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി വൈഫൈയുടേയും ത്രിജിയുടേയും സാധ്യതകള്‍ ഉപയോഗിച്ച് നെറ്റിലെ ഏതെങ്കിലും സംഭരണിയിലേക്ക് അപ്പപ്പോള്‍ ബാക്ക് അപ്പ് ചെയ്യാം. സ്മാര്‍ട്ട് ഫോണുകളിലേതുപോലെ ഫെയ്‌സ്ബുക്കിലോ ട്വിറ്ററിലോ ഗൂഗിള്‍ പ്ലസ്സിലോ അപ്പപ്പോള്‍ ഷെയര്‍ ചെയ്യാം. പ്രധാനമായും ഈ രണ്ട് ലക്ഷ്യങ്ങളാണ് ആന്‍ഡ്രോയിഡ് ക്യാമറകള്‍ക്കുള്ളത്.

29,990 രൂപയ്ക്ക് ഈ രണ്ട് കാര്യങ്ങളിലും സാംസങ് ഗ്യാലക്‌സി ക്യാമറ സംതൃപ്തി തരുമെന്നാണ് വിപണി വെളിപ്പെടുത്തുന്നത്. നേരത്തേ യു.എസ്സിലും മറ്റും രംഗത്തിറങ്ങിയ ഗ്യാലക്‌സി ക്യാമറ ഇത്തിരി വൈകിയാണ് ഇന്ത്യക്കാരുടെ കൈകളിലെത്തിയത്.


ക്യാമറയുടെ കാര്യത്തില്‍ വമ്പനായ നിക്കോണ്‍ കൂള്‍പിക്‌സ് S800c എന്ന ആന്‍ഡ്രോയ്ഡ് ക്യാമറ ഇറക്കി പരീക്ഷിച്ച മണ്ണിലേക്കാണ് ഗ്യാലക്‌സിയെത്തിയത്. ആന്‍ഡ്രോയ്ഡ് 2.33 ജിഞ്ചര്‍ ബേഡാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. നിക്കോണ്‍ ക്യാമറയ്ക്ക് വിപണിയില്‍ ഇരുപതിനായിരം വേണം. ഗ്യാലക്‌സിക്ക് ഒരു ഒമ്പതിനായിരം കൂടി അധികം നല്‍കണം.

നിക്കോണ്‍ 16 മെഗാപിക്‌സലാണെങ്കില്‍ ഗ്യാലക്‌സി 16.3 ആണ്. രണ്ടിനും ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനമുണ്ട്. സൂമിന്റെ കാര്യത്തിലാണ് സാംസങ് സൂപ്പറായത് 20.9 എക്‌സ് ഓപ്റ്റിക്കല്‍ സൂം. നിക്കോണിന് 10 എക്‌സ് മാത്രമേയുള്ളൂ. നിക്കോണ് 3.5 ഇഞ്ച് ഡിസ്‌പ്ലേയാണെങ്കില്‍ ഗ്യാലക്‌സിയില്‍ 4.77 ഉണ്ട്. ഒപ്പം മൊത്തത്തില്‍ ചന്തവും ഇത്തിരി കൂടുതലാണ്.
TAGS:


Stories in this Section