ഗാലക്‌സി ഫോണുകള്‍ തുണയായി; സാംസങിന് റിക്കോര്‍ഡ് ലാഭം

Posted on: 26 Oct 2012
ആപ്പിളുമായുള്ള പേറ്റന്റ് പോരില്‍ പരിക്കേറ്റെങ്കിലും ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സിന് റിക്കോര്‍ഡ് ലാഭം.

ആപ്പിളിന്റെ ലാഭം പ്രതിക്ഷയ്‌ക്കൊത്ത് ഉയരില്ലെന്നും, ഗൂഗിളിന്റെ ലാഭം കുറഞ്ഞെന്നും, ആമസോണ്‍ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കഴിഞ്ഞ പാദത്തില്‍ സാംസങ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ നിരയാണ് സാംസങിന് തുണയായത്. 2012 സപ്തംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ കമ്പനിക്ക് 590 കോടി ഡോളര്‍ (ഏതാണ്ട് 32000 കോടി രൂപ) ലാഭമുണ്ടായി. പോയവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 91 ശതമാനം കൂടുതലാണ്.

വിപണിയിലെ മുറുകുന്ന മത്സരവും ആപ്പിളുമായുള്ള പേറ്റന്റ് യുദ്ധവും സാംസങിന് ഭാവിയില്‍ തിരിച്ചടിയായേക്കാമെന്നും വിലയിരുത്തലുണ്ട്.

സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കൂടുതല്‍ പ്രതിയോഗികള്‍ മാര്‍ക്കറ്റിലെത്തുകയാണ്. ആപ്പിളിന്റെ ഐഫോണ്‍ 5 കഴിഞ്ഞ മാസമാണ് അവതരിപ്പിക്കപ്പെട്ടത്. നോക്കിയ, എച്ച്.ടി.സി.തുടങ്ങിയ കമ്പനികള്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 സോഫ്ട്‌വേറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും രംഗത്തെത്തിക്കുകയാണ്. ഇതൊക്കെ സാംസങിന്റെ ഗാലക്‌സി ഫോണുകള്‍ക്കാണ് വെല്ലുവിളിയാവുക.

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ആപ്പിളിന് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ ആഗസ്ത് അവസാനം ഒരു യു.എസ്.ജൂറി വിധിച്ചിരുന്നു. ആപ്പിളിന്റെ നാല് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചതിന് തെളിവുണ്ടെന്ന്, യു.എസ്.ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ ജഡ്ജ് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചു. ഇതുകൂടാതെ പത്ത് രാജ്യങ്ങളില്‍ ആപ്പിളും സാംസങും തമ്മില്‍ പേറ്റന്റിന്റെ പേരില്‍ നിയമനടപടി പുരോഗമിക്കുകയാണ്.

ഇത്തരം പ്രതികൂലഘടകങ്ങള്‍ക്കിടയിലും സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം നേടാനായി എന്നതാണ് ശ്രദ്ധേയം. ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ഭീമന്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്ത സമയത്താണ് സാംസങിന്റെ ഈ നേട്ടം.

ആമസോണിന് നഷ്ടം

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ ഈ നാലാംപാദത്തിലെ ലാഭം പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ല എന്നാണ് വാള്‍ സ്ട്രീറ്റ് പ്രവചനം. മൂന്നാംപാദത്തില്‍ കമ്പനിക്ക് 820 കോടി ഡോളര്‍ ലാഭം നേടാനായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 27 ശതമാനം കൂടുതലാണ്.

ഐപാഡ് വില്‍പ്പന പ്രതീക്ഷിച്ച നിലയ്ക്ക് ഉയരാത്തതാണ് നാലാംപാദത്തിനുള്ള പ്രവചനം താഴാന്‍ കാരണം. സപ്തംബര്‍ അവസാനം വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ 269 ലക്ഷം ഐഫോണും, 140 ലക്ഷം ഐപാഡുമാണ് ആപ്പിള്‍ വിറ്റത്.

എന്നാല്‍, ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ഐപാഡ് വാങ്ങുന്നത് ഉപഭോക്താക്കള്‍ നീട്ടിവെച്ചതാണ് കഴിഞ്ഞ പാദത്തില്‍ ഐപാഡ് വില്‍പ്പന പ്രതീക്ഷിക്കൊത്ത് ഉയരാത്തതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നാലാംപാദത്തില്‍ ആപ്പിള്‍ നേടുമെന്ന് പ്രവചിക്കപ്പെടുന്ന ലാഭം 417 കോടി ഡോളര്‍ ആണ്, കമ്പനിയുടെ മൊത്തം പ്രതീക്ഷിത വരുമാനം 15650 കോടി ഡോളറും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദവുമായി താരതമ്യപ്പെടുത്തിയാല്‍ ലാഭത്തില്‍ 61 ശതമാനം വര്‍ധനയുണ്ടാകും. എന്നാല്‍, 2012 ലെ മൂന്നാംപാദവുമായി താരതമ്യം ചെയ്താല്‍ ലാഭം കുറവാണ്.

അതേസമയം, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് റീട്ടെയ്‌ലറായ ആമസോണ്‍ ഡോട്ട് കോം അഞ്ചുവര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി. ഈ സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ കമ്പനിക്ക് 27.4 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. 2003 ലെ മൂന്നാംപാദത്തിലാണ് ഇതിനുമുമ്പ് ആമസോണ്‍ നഷ്ടം രേഖപ്പെടുത്തിയത്.

ഗൂഗിളിന്റെ ലാഭത്തില്‍ ഈ മൂന്നാംപാദത്തില്‍ 20 ശതമാനം കുറവുണ്ടായി എന്ന വിവരം ഒരാഴ്ച മുമ്പ് പുറത്തു വന്നിരുന്നു. 2012 ലെ മൂന്നാംപാദത്തില്‍ 218 കോടി ഡോളര്‍ ലാഭമാണ് ഗൂഗിള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 273 കോടി ഡോളര്‍ ആയിരുന്നു.

അതേസമയം, ഗൂഗിളിന്റെ മൊത്തം വരുമാനം 1410 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവ് വരുമാനത്തിലുണ്ട്.
TAGS:
samsung  |  apple  |  amazon  |  google  |  mobile market 


Stories in this Section