ഇത് കുഞ്ഞന്‍ പ്രൊജക്ടറുകളുടെ കാലം

Posted on: 19 May 2013


-സുനില്‍ പ്രഭാകര്‍
ഹോം തീയറ്റര്‍.. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ ഈ ആശയം വെച്ച് പരസ്യം ചെയ്യുമ്പോള്‍ പലരും ആദ്യം ഒന്നമ്പരന്നു.. വീട്ടിലും സിനിമാ തീയറ്ററോ.. എന്നാല്‍ ഈ ആശയത്തിന് അറുപതാണ്ടോളം പഴക്കുമുണ്ടെന്നതാണ് വാസ്തവം.

1950 കളില്‍ ഉപയോഗിച്ചിരുന്ന പോര്‍ട്ടബിള്‍ 8 എംഎം ഫിലിം പ്രൊജക്ടറുകള്‍ക്ക് പകരം ഹോം തീയറ്ററുകളില്‍ ടിവിയും വിസിആറും പ്രത്യക്ഷപ്പെട്ടു. പിന്നീട് എല്‍സിഡി, എല്‍ഇഡി ടെലിവിഷനുകള്‍, ഡിവിഡി പ്ലെയര്‍, സറൗണ്ട് സൗണ്ട് തുടങ്ങി ആധുനിക ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ തീയറ്ററിന്റെ രൂപവും ഭാവവും മാറിമാറി വന്നു. പുതിയ എല്‍ഇഡി പ്രൊജക്ടറുകളുടെ വരവോടെ ഹോം തീയറ്ററുകളില്‍ പഴയ പ്രൊജക്ടര്‍ പുനരവതരിക്കുകയാണ്.

എല്‍സിഡി ടെലിവിഷനുകളോടൊപ്പം എല്‍സിഡി പ്രൊജക്ടറുകളും വ്യാപകമായെങ്കിലും ഉയര്‍ന്ന വിലയും പ്രവര്‍ത്തനത്തിന് വലിയ മുറി വേണമെന്നുള്ളതും ഇവയെ ഹോം തീയറ്ററില്‍ നിന്ന് അകറ്റി നിര്‍ത്തി.

കാലം വീണ്ടും മുന്നോട്ടുപോയി, ടെക്‌നോളജി വളര്‍ന്നുകൊണ്ടിരുന്നു. ഒരു ടെലിവിഷന്‍ സെറ്റിന്റെ ചിലവില്‍ 120 ഇഞ്ച് സ്‌ക്രീനില്‍ സിനിമ കാണാവുന്ന എല്‍ഇഡി പ്രൊജക്ടര്‍ സംവിധാനം ഒരുക്കാന്‍ ഇപ്പോള്‍ കഴിയും. ഇവയില്‍ത്തന്നെ കൈവെള്ളയിലൊതുങ്ങുന്ന, ഇത്തിരിക്കുഞ്ഞന്‍ എല്‍ഇഡി പ്രൊജക്ടറുകളാണ് പുതിയ താരങ്ങള്‍.

ഉയര്‍ന്ന വ്യക്തതയുള്ള ചെറിയ എല്‍ഇഡി പ്രൊജക്ടറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കമ്പ്യൂട്ടറില്‍ നിന്നോ, യുഎസ്ബി പെന്‍ ഡ്രൈവില്‍ നിന്നോ, സിഡി/ഡിവിഡി പ്ലെയറുകളില്‍ നിന്നോ, മൊബൈലിലിടുന്ന ഫ്ലാഷ് കാര്‍ഡുകളില്‍ നിന്നോ എന്തിന് കേബിള്‍ ടിവി ക്കാര്‍ നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സില്‍ നിന്നുപോലും നേരിട്ട് സിനിമയും ടിവി പരിപാടികളും കാണാന്‍ ഇത് അവസരം നല്‍കുന്നു. അതായത് ടെലിവിഷന്റെ ആവശ്യം തന്നെ ഇല്ല എന്നു സാരം.

ആധുനിക ടെലിവിഷന്‍ സെറ്റുകളില്‍ ലഭ്യമായ ഓഡിയോ, വീഡിയോ (എവി), യുഎസ്ബി, എച്ച്ഡിഎംഐ, വിജിഎ ഇന്‍പുട്ട് സംവിധാനങ്ങള്‍ ഈ പ്രൊജക്ടറുകളിലും ലഭ്യമാണ്. താരതമ്യേന മികച്ച വ്യക്തതയോടെ ചുമരിലോ വെള്ള സ്‌ക്രീനിലോ 120 ഇഞ്ച് വരെ വലിപ്പത്തില്‍ വീഡിയോ ഇത് ദൃശ്യമാക്കുന്നു.

പുതിയ കുഞ്ഞന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ക്ക് 20,000 മുതല്‍ 30,000 മണിക്കൂര്‍ വരെ ലാമ്പ് ആയുസ്സുണ്ട്. ടെക്‌സാസ് ഇന്‍സ്ട്രമെന്റ്‌സിന്റെ ഡിഎല്‍പി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഇവയ്ക്ക് നല്ല തെളിമയോടെ ചിത്രങ്ങള്‍ ദൃശ്യമാക്കാനാവും.

പോര്‍ട്രോണിക്‌സ് കമ്പനിയുടെ ഐലൂമെ, ബെന്‍ക്യുയുടെ ജോയ്ബീ ജിപി2, ജിപി10, എഎഎക്‌സ്എയുടെ എല്‍ഇഡി ഷോടൈം ത്രിഡി, 3എംന്റെ എംപി410, ഡെല്ലിന്റെ എം110 തുടങ്ങിയ വിവിധ കമ്പനികളുടെ നിരവധി കുഞ്ഞന്‍ പ്രൊജക്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. മിക്കവയും എല്‍ഇഡി പ്രൊജക്ടറുകളാണ്.

മിക്കവാറും എല്ലാ ജനപ്രിയ ഓഡിയോ, വീഡിയോ, ചിത്ര ഫയല്‍ ഫോര്‍മാറ്റുകളെയും ഇവ പിന്തുണയ്ക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് വേഡ്, പവര്‍ പോയിന്റ് പോലുള്ള ഡോക്യുമെന്റ് ഫോര്‍മാറ്റുകളെയും ഇവ പിന്തുണയ്ക്കുന്നു.


ക്ലാസ്സുകളെടുക്കാനും സെമിനാറുകള്‍ക്കും ഇവ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും കമ്പ്യൂട്ടര്‍ തന്നെ വേണമെന്നില്ല. പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് പ്ലേ ചെയ്യാന്‍ ഈ കുഞ്ഞുപ്രൊജക്ടറുകള്‍ക്കാവും. ചില മോഡലുകള്‍ ത്രിമാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാവുന്നവയാണ്. വലിപ്പവും ഭാരവും കുറഞ്ഞ ഇവയെ ലാപ്‌ടോപ്പിന്റെ ബാഗിലോ തോള്‍ സഞ്ചിയിലോ എളുപ്പം കൊണ്ടുനടക്കാം. ബാറ്ററിയിലും പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു മേന്മ. തെളിച്ചം അല്പം കുറയുമെന്നു മാത്രം. ചില മോഡലുകളോടൊപ്പം ഡിവിഡി പ്ലെയറുകളും ഘടിപ്പിക്കാം.

ഭിത്തിയില്‍ നിന്ന് അര മീറ്റര്‍ വരെ അകലത്തില്‍ വെച്ച് പ്രൊജക്ട് ചെയ്യാവുന്ന ഷോര്‍ട്ട് ത്രോ മോഡലുകളും ലഭ്യമാണ്. റിമോട്ട് കണ്‍ട്രോള്‍ ഉള്ളതിനാല്‍ നിയന്ത്രണം എളുപ്പമാണ്.

200 മുതല്‍ 500 വരെ ലൂമന്‍ തെളിമയും 1280 x 800 പിക്‌സല്‍ വ്യക്തതയോടുകൂടിയ ചിത്രങ്ങള്‍ നല്‍കുന്നതുമാണ് വിപണിയിലെ കുഞ്ഞന്‍ പ്രൊജക്ടറുകളധികവും. ഡിഎല്‍പി സാങ്കേതിക വിദ്യയും മെച്ചപ്പെട്ട വെളിച്ച സംവിധാനങ്ങളോടു കൂടിയ വലിയ പ്രൊജക്ടറുകളും വിപണിയിലുണ്ട്. പ്രൊജക്ടറും സ്‌ക്രീനും സറൗണ്ട് സൗണ്ടും വലിയ തീയറ്ററുകളിലുള്ള പോലെ വര്‍ണ്ണ വെളിച്ച സംവിധാനവും സുഖകരമായ സീറ്റിംഗ് ക്രമീകരണവും ഒക്കെ ചേര്‍ത്ത് വീട്ടില്‍ തീയറ്ററുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന ഏജന്‍സികളും ഇപ്പോള്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്താണ് ഡിഎല്‍പി സാങ്കേതികവിദ്യ?

ടെക്‌സാസ് ഇന്‍സ്ട്ുമെന്റ്‌സ് എന്ന യുഎസ് കമ്പനി വികസിപ്പിച്ചെടുത്ത സങ്കേതമാണിത്. ഡിജിറ്റല്‍ ലൈറ്റ് പ്രോസസിംഗ് എന്നാണിതിന്റെ പൂര്‍ണ്ണരൂപം. ഡിഎല്‍പി ചിപ്പ് എന്ന ഓപ്റ്റിക്കല്‍ അര്‍ദ്ധചാലകമാണ് ഇതിന്റെ കേന്ദ്രഭാഗം. തലമുടിയുടെ അഞ്ചിലൊരു ഭാഗം മാത്രം വലിപ്പം വരുന്ന എട്ടുദശലക്ഷത്തിലധികം ചെറുകണ്ണാടികള്‍ നിരത്തിനിര്‍മ്മിച്ച ചതരുമാണിതെന്ന് പറയാം. ഒരു ഡിജിറ്റല്‍ വീഡിയോ അല്ലെങ്കില്‍ ചിത്രസിഗ്നല്‍ ഇതിലേക്ക് നല്‍കുമ്പോള്‍ അതിനെ വെളിച്ച സ്രോതസ്സിന്റെയും ലെന്‍സിന്റെയും സഹായത്തോടെ ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഇതിനു കഴിയും. 16 ദശലക്ഷത്തിലധികം നിറങ്ങള്‍ ദൃശ്യമാക്കാന്‍ ഈ സങ്കേതത്തിന് ശേഷിയുണ്ട്. ഇതേ സാങ്കേതിവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ പോലും ഇപ്പോള്‍ പ്രൊജക്ടറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

എന്താണ് ഷോര്‍ട്ട് ത്രോ പ്രൊജക്ടറുകള്‍?

കുറഞ്ഞ പ്രൊജക്ഷന്‍ ദൂരമുള്ളവയാണ് ഷോര്‍ട്ട് ത്രോ പ്രൊജക്ടറുകള്‍. സ്‌ക്രീനിനടുത്തു തന്നെ ഇവയെ സജ്ജീകരിക്കാം. അതിനാല്‍ വലിപ്പം കുറഞ്ഞ മുറിയിലും വലിയ ദൃശ്യം ലഭ്യമാക്കാന്‍ ഇവയ്ക്ക് കഴിയും.


പ്രൊജക്ടര്‍ വാങ്ങുമ്പോള്‍..

പ്രൊജക്ടറുകള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍. അതിന്റെ തെളിമയും ലാമ്പിന്റെ ആയുസ്സും ചിത്രത്തിന്റെ വ്യക്തത (Resolution)യുമാണ്. ലൂമെനിലാണ് തെളിമ പറയുന്നത്. നല്ല തെളിമയും കൂടുതല്‍ ലാമ്പ് ആയുസ്സും ഉള്ള പ്രൊജക്ടറുകള്‍ തിരഞ്ഞെടുക്കുകയാവും ഉത്തമം. ഇന്‍പുട്ട് സങ്കേതങ്ങള്‍, ഫയല്‍ പിന്തുണ, സര്‍വീസ് ലഭ്യത എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

-sunilparavur@gmail.com


Stories in this Section