ഇതാ ഒരു സ്‌കാന്‍ മാജിക്‌

Posted on: 18 May 2013


- സുനില്‍ പ്രഭാകര്‍
അസൈന്‍മെന്റ് സമര്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൈബ്രറിയില്‍ അത്യാവശ്യം വിവരങ്ങള്‍ക്കായി തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അത് കണ്ടത്. വേണ്ട വിവരങ്ങള്‍ അതേ ക്രമത്തില്‍ ഒരു റഫറന്‍സ് പുസ്തകത്തില്‍ ... ലൈബ്രറിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കട്ടപ്പുറത്താണ്.. പകര്‍പ്പെടുക്കാനെന്തു ചെയ്യും.. ഫോണിലെ ക്യാമറ തന്നെ ശരണം..!

പ്രശസ്തമായ ഒരു കമ്പനിയില്‍ ബിസിനസ് മാനേജരായ ടോണിക്ക് അതല്ല പ്രശ്‌നം.. ഒരു അത്യാവശ്യ രേഖ പെട്ടെന്ന് ഹെഡ് ഓഫീസിലെത്തിക്കണം.. ഫോണിലെ ക്യാമറയിലെടുത്താല്‍ വ്യക്തമാവില്ല.. സ്‌കാന്‍ ചെയ്തുതന്നെ അയയ്ക്കണം.. അടുത്തെങ്ങും ഒരു ഇന്റര്‍നെറ്റ് കഫേ പോലുമില്ല...!

വളരെ ചെറിയ അക്ഷരമുള്ള പുസ്തകമാവുമ്പോള്‍, കൂടുതല്‍ വ്യക്തത വേണ്ട രേഖയാവുമ്പോള്‍, മിഴിവ് ചോരാതെ ഒരു ചിത്രം പകര്‍ത്തേണ്ടിവരുമ്പോള്‍ ... അങ്ങനെ ഒരു സ്‌കാനറിന്റെ സഹായം വേണ്ടിവരുന്ന അവസരങ്ങള്‍ പലതാണ്. എന്നാല്‍ കൊണ്ടുനടക്കാവുന്ന വലിപ്പമല്ലല്ലോ സ്‌കാനറുകള്‍ക്കുള്ളത്.

പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ കാലമാണിത്. ക്യാമറയും ഇന്റര്‍നെറ്റും അലാറവും ഡിജിറ്റല്‍ ഡയറിയും ..പോട്ടെ ഒരു കമ്പ്യൂട്ടറിലുള്ളതിലെല്ലാമുള്ള ഫോണ്‍ നമ്മള്‍ പോക്കറ്റിലിട്ടുനടക്കുന്നു.. അപ്പോള്‍ സ്‌കാനറും പോര്‍ട്ടബിളാവാതെ തരമില്ലല്ലോ,

ഇതാ ഒരു പോര്‍ട്ടബിള്‍ സ്‌കാന്‍ മാജിക്.. ബ്രിട്ടീഷ് കമ്പനിയായ പോര്‍ട്രോണിക്‌സ് നിര്‍മ്മിക്കുന്ന 'സ്‌കാനി 4' ( Scanny 4 ) എന്ന ഈ പോര്‍ട്ടബിള്‍ സ്‌കാനര്‍ നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാഗിലൊതുങ്ങും. അത്യാവശ്യം പോക്കറ്റിലിട്ടും നടക്കാം!

സുന്ദരിപ്പേരുപോലെ സുന്ദരമാണ് ഇതിന്റെ പ്രകടനവും. മിഴിവ് അല്‍പ്പവും ചോരാതെ വ്യക്തമായ ചിത്രങ്ങള്‍, എത്ര ചെറിയ അക്ഷരമായാലും വ്യക്തതയോടെ വായിക്കാനാവുന്ന രേഖകള്‍.. തടിയന്‍ പുസ്തകമോ, മാസികയുടെ താളുകളോ, ബിസിനസ് പ്രമാണങ്ങളോ, വിസിറ്റിങ് കാര്‍ഡോ എന്തുമാകട്ടെ നിമിഷനേരം കൊണ്ട് സ്‌കാന്‍ ചെയ്‌തെടുക്കാം.. ഒരു തടിയന്‍ മരസ്‌കെയിലിന്റെ വലിപ്പമേ ഇതിനുള്ളൂ.. കനം അല്പം കൂടും, ഒരിഞ്ച്. ഭാരം ഒരു വലിയ ഫോണിനേക്കാളും കുറവ്, വെറും 180 ഗ്രാം മാത്രം.


സ്‌കാനിങ്ങിന് കമ്പ്യൂട്ടറിന്റെ ആവശ്യമേയില്ല. സ്‌കാനര്‍ ഓണ്‍ ചെയ്യുക. എന്താണ് സ്‌കാന്‍ ചെയ്യേണ്ടത്.. അതിനുമുകളിലൂടെ മൃദുവായി ഒന്ന് ഓടിക്കുക..സ്‌കാനിങ് കഴിഞ്ഞു. പുതുതലമുറയുെട ഭാഷയില്‍ പറഞ്ഞാല്‍ ഒന്നു സൈ്വപ്പ് ചെയ്യുക.. അത്രേ വേണ്ടൂ!

മൂന്നു സെക്കന്റുകള്‍കൊണ്ട് എ4 വലിപ്പത്തിലുള്ള ഒരു പേജ് സ്‌കാന്‍ ചെയ്യാന്‍ ഇതിനാവും. സ്‌കാന്‍ ചെയ്തവയെ 'സ്‌കാനി'യുടെ മെമ്മറി കാര്‍ഡി (micro SD) ലാണ് സൂക്ഷിക്കുക. എപ്പോള്‍ വേണമെങ്കിലും ഒപ്പം ലഭ്യമായ യുഎസ്ബി കേബിള്‍ വഴി ഇത് കമ്പ്യൂട്ടറിലേക്ക് പകര്‍ത്താം.

300/600/900 DPI (Dots Per Inch) എന്നിങ്ങനെ വിവിധ വ്യക്തതാ തോതുകളില്‍, കളര്‍, ബ്ലാക്ക് ആന്റ് വൈറ്റ് എന്നിങ്ങനെ വിവിധ മോഡുകളില്‍ സ്‌കാന്‍ ചെയ്യാന്‍ ഇതിലവസരമുണ്ട്. വ്യക്തതയുടെ തോതനുസരിച്ച് സ്‌കാനിങ് സമയവും വ്യത്യാസപ്പെടും. ലഭ്യമായ ഏറ്റവും ഉയര്‍ന്ന വ്യക്തതയില്‍പ്പോലും പക്ഷേ, ഒരു എ4 പേജിന് 12 സെക്കന്റിലധികം വരില്ല. ഒരു മാസികയുടെ പുറംചട്ട സ്‌കാന്‍ ചെയ്യാന്‍ ആറ് സെക്കന്റുകള്‍ ധാരാളം മതി. സ്‌കാന്‍ ചെയ്തവ കാണാന്‍ ഒരു കുഞ്ഞു എല്‍സിഡി സ്‌ക്രീനും ഇതിലുണ്ട്.

മറ്റൊരു പ്രത്യേകത സ്‌കാനിയുടെ 'നീണ്ട' സ്‌കാനിങ്ങാണ്.. മാസികയുടെ താളിന്റെ വീതിയില്‍ 127 സെന്റിമീറ്റര്‍ വരെ നീളത്തിലുള്ള പ്രമാണങ്ങള്‍ സ്‌കാന്‍ ചെയ്യാനാവും ഈ 'മീറ്റര്‍ സ്‌കാനറിന്'.

ഒരു മൊബൈല്‍ ഫോണിന്റെ വൈദ്യുതിപോലും വേണ്ട ഈ കുഞ്ഞന്‍ സ്‌കാനറിന്. AA വലിപ്പത്തിലുള്ള രണ്ട് ബാറ്ററിയിലാണ് ഇതു പ്രവര്‍ത്തിക്കുക. രണ്ടു ബാറ്ററികള്‍ കൊണ്ട് ഇരുന്നൂറിലധികം സ്‌കാനുകള്‍ സാധ്യമാണ്. റീചാര്‍ജ്ജ് ചെയ്യാവുന്ന സ്‌കാനി 5 എന്ന മറ്റൊരു മോഡലും ലഭ്യമാണ്.

സ്‌കാന്‍ ചെയ്യേണ്ട പ്രമാണത്തിന്റെ മുകളിലൂടെ ഉരസിനീക്കി സ്‌കാന്‍ ചെയ്യാവുന്നതുകൊണ്ട് തടിയന്‍ പുസ്തകങ്ങള്‍ പോലും വളരെ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാം. ഗ്രന്ഥശാലയില്‍ നിന്ന് ഒരു റഫറന്‍സ് പുസ്തകം മുഴുവനായിത്തന്നെ അങ്ങനെ സ്‌കാന്‍ ചെയ്തു കൊണ്ടുപോരാം..സ്‌കാന്‍ ചെയ്തവയെ jpg, pdf രൂപങ്ങളില്‍ സൂക്ഷിക്കാനുമവസരമുണ്ട്.

സ്‌കാന്‍ ചെയ്ത പ്രമാണങ്ങളെ എഡിറ്റ് ചെയ്യാവുന്ന ടെക്സ്റ്റാക്കി മാറ്റിത്തരുന്ന ഓപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗനൈസര്‍ (OCR) സോഫ്റ്റ്‌വേറും കൊണ്ടുനടക്കാനൊരു ഹാര്‍ഡ് കവറും സ്‌കാനിക്കൊപ്പം ലഭ്യമാണ്. ഒസിആര്‍ സോഫ്റ്റ്‌വെയറുകളില്‍ ഏറ്റവും മികച്ചതെന്ന് അറിയപ്പെടുന്ന അബ്ബി ഫൈന്‍ റീഡറാണ് ഇതിനൊപ്പം ലഭ്യമാക്കിയിട്ടുള്ളത്.

കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സോഫ്റ്റ്‌വേറുകളൊന്നും ആവശ്യമില്ല. 32 ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡ് വരെ ഇത് പിന്തുണയ്ക്കുമെങ്കിലും ആയിരത്തിലേറെ ചിത്രങ്ങള്‍ക്ക് 4 ജിബി കാര്‍ഡ് ധാരാളമാണ്.

ബിസിനസ് പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമൊക്കെ വളരെ ഉപകാരപ്രദമായ ഈ കുഞ്ഞു സ്‌കാനര്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.portronics.com സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഇന്‍ഫിബീമില്‍ ( infibeam.com ) സ്‌കാനി 4 വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് 4556 രൂപയ്ക്കാണ്.

-sunilparavur@gmail.com


TAGS:


Stories in this Section