വിക്കഡ്‌ലീക്കിന്റെ വാമി പാഷന്‍ സെഡ്‌

Posted on: 03 Jun 2013


-പി.എസ്.രാകേഷ്‌
മുംബൈയിലെ ചെമ്പൂര്‍ കേന്ദ്രമായി 2009ല്‍ ആരംഭിക്കപ്പെട്ട ഇലക്‌ട്രോണിക് ഓണ്‍ലൈന്‍ സ്‌റ്റോറാണ് വിക്കഡ്‌ലീക്ക്. സഹപവഠികളായിരുന്ന ഏതാനും എം.ബി.എ. ബിരുദധാരികളായിരുന്നു ഈ സംരംഭത്തിനുപിന്നില്‍. മറ്റു ബ്രാന്‍ഡുകളുടെ വില്പന നടത്താതെ വിക്കഡ്‌ലീക്ക് എന്ന പേരില്‍ തന്നെ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും അവതരിപ്പിക്കുകയെന്നതായിരുന്നു കമ്പനിയുടെ പദ്ധതി.

ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമിറക്കിയ ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍ വിക്കഡ്‌ലീക്ക് എന്ന് റീബ്രാന്‍ഡ് ചെയ്തശേഷം കമ്പനി ഓണ്‍ലൈന്‍ ആയി വില്പനയ്ക്ക് വെച്ചു. 'വാമി' എന്ന പേരില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളായിരുന്നു വിക്കഡ്‌ലീക്കിന്റെ ആദ്യ ഉല്പന്നം. സാംസങ് ഗാലക്‌സി എസ് സീരീസിലെ ഫോണുകളോടു സാമ്യമുണ്ടായിരുന്ന വാമി ഫോണുകള്‍ക്ക് വില കുറവായിരുന്നു. ചൈനീസ് ഇറക്കുമതിഫോണുകളുടെ പ്രധാനപ്രശ്‌നമായ ആഫ്റ്റര്‍ സെയില്‍ സര്‍വീസ് പ്രശ്‌നം പരിഹരിക്കാനും വിക്കഡ് ലീക്ക് ശ്രമിച്ചു.

എല്ലാ മോഡലുകള്‍ക്കും ഒരുവര്‍ഷം വാറന്റിയും ഒന്നരമാസത്തെ മണിബാക്ക് ഗാറന്റിയും നല്‍കി അവര്‍ വാര്‍ത്ത സൃഷ്ടിച്ചു. അതോടെ വിക്കഡ്‌ലീക്കിന്റെ സൈറ്റില്‍ ട്രാഫിക്ക് കൂടി, വില്പനയും. ഇന്നിപ്പോള്‍ ആയിരത്തിലേറെ പേര്‍ ജോലി ചെയ്യുന്ന വമ്പന്‍ കമ്പനിയാണ് വിക്കഡ് ലീക്ക്‌സ്. സ്മാര്‍ട്‌ഫോണുകള്‍ക്ക് പുറമെ ക്യാമറയും കമ്പ്യൂട്ടറും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളുമെല്ലാം കമ്പനി വില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ വാമി പാഷന്‍ സെഡ് എന്ന പേരിലൊരു പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുകയാണ് വിക്കഡ്‌ലീക്ക്. ജൂണ്‍ 15 മുതല്‍ വില്പന തുടങ്ങുന്ന ഈ ഫോണിന് 14,990 രുപയാണ് വില. ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും ചേരുന്ന സങ്കരഗാഡ്ജറ്റായ 'ഫാബ്ലറ്റ്' ഇനത്തില്‍ പെടുന്നതാണീ ഫോണ്‍.


1.2 ഗിഗാഹെര്‍ട്‌സിന്റെ കോര്‍ടെക്‌സ് എ7 ക്വാഡ്‌കോര്‍ പ്രൊസസറാണ് ഫോണിലുള്ളത്. ഒരു ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയുള്ള വാമി പാഷന്‍ സെഡില്‍ 64 ജി.ബി. എസ്.ഡി. കാര്‍ഡ് വരെയുപയോഗിക്കാം. 1920 X 1080 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയാണ് പാഷന്‍ സെഡിന്റേത്.

ഇന്ത്യന്‍ വിപണിയില്‍ കിട്ടാനുള്ള ഏറ്റവും വിലകുറഞ്ഞ എച്ച്.ഡി. ഫോണാണ് പാഷന്‍ സെഡ്. ഇതിലും കുറവ് റിസൊല്യൂഷനുള്ള സാംസങ് ഗ്രാന്‍ഡിന് 19,500 രൂപ വിലയുണ്ടെന്നോര്‍ക്കണം. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന പാഷന്‍ സെഡില്‍ എല്‍.ഇ.ഡി. ഫ്ലാഷും ബി.എസ്.ഐ. സെന്‍സറുമുള്ള 12 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്്.

ഡ്യൂവല്‍ സിം മോഡലാണിത്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്. എന്നീ സംവിധാനങ്ങളുള്ള പാഷന്‍ സെഡില്‍ 2,500 എം.എ.എച്ച്. ബാറ്ററിയാണുപയോഗിച്ചിരിക്കുന്നത്.

ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, മാഗ്നറ്റിക് സെന്‍സര്‍, മാഗ്നറ്റിക് സെന്‍സര്‍, ഇ-കോമ്പസ് എന്നിങ്ങനെ സ്മാര്‍ട്‌ഫോണുകളിലെ ആധുനിക സങ്കേതങ്ങളെല്ലാം പാഷന്‍ സെഡിലുണ്ട്.

സാംസങിന്റെ ഗാലക്‌സി നോട്ട്, ഗ്രാന്റ് എന്നീ മോഡലുകളോടാകും പാഷന്‍ സെഡിന് മത്സരിക്കേണ്ടിവരിക. ജൂണ്‍ 15 മുതല്‍ ഈ ഫോണിന്റെ വിതരണം തുടങ്ങുമെന്നാണ് വിക്കഡ്‌ലീക്ക് അറിയിച്ചിരിക്കുന്നത്. കമ്പനി വെബ്‌സൈറ്റായ www.wickedleak.org ല്‍ ഇതിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.


Stories in this Section