പെന്‍ഡ്രൈവ് കളഞ്ഞുപോയാല്‍....പേടിക്കേണ്ട

Posted on: 26 Oct 2012


-ബി.എസ്.ബിമിനിത്‌
ഡിജിറ്റല്‍ ഡാറ്റ പോക്കറ്റിലേക്കിറങ്ങിയത് 'പെന്‍ഡ്രൈവു'കള്‍ ജനകീയമായതോടെയാണ്. വിലക്കുറവ് മാത്രമല്ല, ജി.ബി.കണക്കിന് ഡിജിറ്റല്‍ ഡാറ്റ പേഴ്‌സില്‍ ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാവുന്ന പെന്‍ഡ്രൈവുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ, പുത്തന്‍ വിപ്ലവം തന്നെയാണ് അരങ്ങേറിയതെന്ന് പറയാം. കാര്യമൊക്കെ ശരിതന്നെ, എന്നാല്‍ സുപ്രധാന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കളഞ്ഞുപോകുകയോ കേടായിപ്പോകുകയോ ചെയ്താല്‍ എന്തുചെയ്യും?

പെന്‍ഡ്രൈവിലെ വിവരങ്ങള്‍ ഓരോ തവണയും കമ്പ്യൂട്ടറില്‍ കോപ്പിചെയ്ത് വെക്കുക എന്നതായിരുന്നു പോംവഴി. എന്നാല്‍, ഇപ്പോള്‍ ഒരു വഴി കൂടിയുണ്ട്, 'യു. എസ്.ബി. ഫ്ലാഷ് കോപ്പി' (usbflashcopy) യുടെ കുറുക്കുവഴി. പേര് കേട്ടാല്‍ തന്നെ കാര്യം ഏതാണ്ട് പിടികിട്ടും. അല്ലെങ്കില്‍, ഓട്ടോമേറ്റഡ് എന്ന പദം കൂടി ചേര്‍ത്തു വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തം.

www.usbflashcopy.com
എന്ന വെബ്‌സൈറ്റില്‍ ചെന്നാല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ചെറിയ ആപ്ലിക്കേഷനാണിത്. വലിപ്പം വെറും 300 കിലോബൈറ്റ് മാത്രം. നാല്പത് ഡോളര്‍ കൊടുത്താല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിപുലമായ പതിപ്പും ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, വെറുതെ ഡൗണ്‍ലോഡു ചെയ്ത് എവിടെയെങ്കിലും സേവ് ചെയ്ത് വച്ചാല്‍ മതി.

യു.എസ്.ബി. ഫ്ലാഷ് കോപ്പി നമ്മള്‍ നിര്‍ദേശിക്കുന്ന ഫോള്‍ഡറില്‍ ആദ്യം പെന്‍ഡ്രൈവിലെ ഫയലുകള്‍ കോപ്പിചെയ്ത് വയ്ക്കും. പിന്നീട് ഓരോ തവണ കണക്ട് ചെയ്യുമ്പോഴും മാറ്റംവരുത്തിയ ഫയലുകളും പുതിയവയും തനിയെ കോപ്പിചെയ്ത് വെച്ചോളും, നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല.

കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ച യു.എസ്.ബി. ഫ്ലാഷ് കോപ്പിയുടെ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്‌സ് വിന്‍ഡോ പൊങ്ങിവരും. അതില്‍ നമുക്ക് പെന്‍ഡ്രൈവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ഒരു പ്രൊഫൈല്‍ ഉണ്ടാക്കാം. പെന്‍ഡ്രൈവിന്റെ സീരിയല്‍ നമ്പറടക്കമുള്ള മറ്റു വിവരങ്ങള്‍ പുള്ളി കണ്ടുപിടിച്ചോളും. താഴെ ഫയലുകള്‍ എവിടെ എവിടെ ബാക്കപ്പ് ചെയ്യണമെന്ന് ചൂണ്ടിക്കാണിക്കാം.

പെന്‍ഡ്രൈവ് മൊത്തത്തില്‍ ബാക്കപ്പ് ചെയ്യണമോ, വേണ്ട ഫയലുകള്‍ മാത്രം മതിയോ എന്ന് തിരഞ്ഞെടുക്കാനുള്ള അരിപ്പയും താഴെയുണ്ട്. ഫില്‍റ്റര്‍ വിഭാഗത്തില്‍ ചെന്ന് വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍, ഡോക്യുമെന്റ് ഫയലുകള്‍ എന്നിവ സെലക്ട് ചെയ്താല്‍ പിന്നീട് അവ മാത്രമേ ബാക്കപ്പ് ചെയ്യുകയുള്ളൂ. ഇവയൊന്നുമല്ലാത്ത ഫയലുകളാണെങ്കില്‍ ഫയല്‍ എക്സ്റ്റങ്ഷന്‍ രേഖപ്പെടുത്താനും സ്ഥലമുണ്ട്.

ഇനി ഏതുതരം ഫയല്‍, കോപ്പി ചെയ്യേണ്ട എന്ന് രേഖപ്പെടുത്താനും സ്ഥലമുണ്ട്. പഴയ ഫയലുകളുടെ കോപ്പി സൂക്ഷിക്കണോ അതോ, അത് പുതുക്കിക്കൊണ്ടിരുന്നാല്‍ മതിയോ എന്നും നമുക്ക് നിശ്ചയിക്കാം. എല്ലാം കഴിഞ്ഞ് ഓകെ കൊടുത്തു കഴിഞ്ഞാല്‍ ഓട്ടോ ബാക്കപ്പ് സംവിധാനം റെഡി. ഇനി ഓരോ തവണ പെന്‍ഡ്രൈവ് കണക്ടു ചെയ്യുമ്പോഴും യു.എസ്.ബി. ഫ്ലാഷ് കോപ്പി സ്വയംസേവനം തുടങ്ങിക്കോളും.
TAGS:
pendrive  |  usb  |  flashdrive  |  data protection 


Stories in this Section