16,000 കിലോമീറ്റര്‍ നീന്തി റോബോട്ട് ഗിന്നസ് ബുക്കില്‍

Posted on: 06 Dec 2012
മനുഷ്യര്‍ക്ക് മാത്രമല്ല, റോബോട്ടുകള്‍ക്കുമാകാം ഗിന്നസ് റിക്കോര്‍ഡ്. 16688 കിലോമീറ്റര്‍ (9000 നോട്ടിക്കല്‍ മൈല്‍) നീന്തി ശാന്തസമുദ്രം കടന്ന് ഓസ്‌ട്രേലിയയിലെത്തിയ 'പപ്പ മാവു' റോബോട്ട് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ്.

വെള്ളത്തില്‍ സ്വയം നിയന്ത്രിക്കുകയും തെന്നിമാറുകയും ചെയ്യുന്ന ഗ്ലൈഡറിന്റെ രൂപത്തിലുള്ള റോബോട്ട്, അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് യാത്രതിരിച്ചത്. ഒരുവര്‍ഷം കടലിലൂടെ സ്വയം നീന്തി ഓസ്‌ട്രേലിയയില്‍ ക്യൂന്‍സ്‌ലന്‍ഡിലെ ഹെര്‍വി ബേയിലെത്തുകയായിരുന്നു.

സിലിക്കണ്‍ വാലിയിലെ നവാഗത കമ്പനികളിലൊന്നായ 'ലിക്വിഡ് റോബോട്ടിക്‌സി'ന്റേതാണ് 'പപ്പ മാവു' റോബോട്ട്. സമുദ്രത്തെക്കുറിച്ചും സമുദ്ര പരിസ്ഥിതിയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കലാണ് ഇത്തരം റോബോട്ടിക് ദൗത്യങ്ങള്‍കൊണ്ട് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

പ്രസിദ്ധ മൈക്രോനേഷ്യന്‍ സമുദ്രസഞ്ചാരി പയസ് മാവു പിയലുങിന്റെ സ്മരണാര്‍ഥമാണ് 'പപ്പ മാവു' റോബോട്ടിന് ആ പേരിട്ടത്. ഒരു വാഹനം സ്വന്തംനിലയ്ക്ക് കടലിലൂടെ സഞ്ചരിക്കുന്ന ഏറ്റവും വലിയ ദൂരം എന്ന റിക്കോര്‍ഡാണ് പപ്പ മാവു സ്ഥാപിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെയായി ശാന്തസമുദ്രത്തിലെ വിവിധ വിവരങ്ങള്‍ ശേഖരിച്ചാണ് പപ്പ മാവു ഓസ്‌ട്രേലിയയിലെത്തിയത്. സമുദ്രതാപനില, ലവണാംശം, പരിസ്ഥിതി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് അയയ്ക്കാന്‍ റോബട്ടിന് കഴിഞ്ഞു. വലിയ സമുദ്രങ്ങളില്‍ ഇത്തരം റോബോട്ടുകള്‍ക്ക് അതിജീവനം സാധ്യമാകുമെന്ന് തെളിഞ്ഞതായി ലിക്വിഡ് റോബോട്ടിക്‌സ് അറിയിച്ചു.

പപ്പ മാവു ഉള്‍പ്പടെ നാല് റോബോട്ടുകളെയാണ്, ഡേറ്റാ ശേഖരണത്തിന് കടലില്‍ വിട്ടത്. രണ്ടെണ്ണം ജപ്പാനെ ലക്ഷ്യമിട്ടും രണ്ടെണ്ണം ഓസ്‌ട്രേലിയന്‍ ഭാഗത്തേക്കുമാണ് വിട്ടത്. അതില്‍ ആദ്യം ലക്ഷ്യസ്ഥാനത്തെത്തുന്നത് പപ്പ മാവുവാണ്.

പപ്പ മാവു നവംബര്‍ 20 നാണ് ലക്ഷ്യസ്ഥാനത്തഞ്ഞതെന്ന് ലിക്വിഡ് റോബോട്ടിക്‌സ് വൈസ് പ്രസിഡന്റ് ഗ്രഹാം ഹൈന്‍ അറിയിച്ചു. ഓസ്‌ട്രേലിയയ്ക്ക് അയച്ച രണ്ടാമത്തെ റോബോട്ട് ഫിബ്രവരിയില്‍ എത്തുമെന്ന് കരുതുന്നു. ജപ്പാനിലേക്ക് പോയവയും അടുത്ത വര്‍ഷമേ ലക്ഷ്യസ്ഥാനത്തെത്തൂ.

ഒരുവര്‍ഷത്തെ യാത്രയ്ക്കിടയില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് പപ്പ മാവു റോബോട്ട് ലക്ഷ്യത്തിലെത്തിയതെന്ന് ഹൈന്‍ പറഞ്ഞു. ശക്തമായ കാറ്റും സ്രാവുകളുടെ ആക്രമണവും ഓസ്‌ട്രേലിയന്‍ തീരത്തെ ഗ്രേറ്റ് ബാരിയര്‍ റീഫുമൊക്കെ ഉയര്‍ത്തിയ വെല്ലുവിളി നേരിട്ടാണ് റോബോട്ട് ലക്ഷ്യം കണ്ടത്.

ലിക്വിഡ് റോബോട്ടിക്‌സ് കടിലില്‍ വിട്ട റോബോട്ടുകള്‍ക്കെല്ലാം രണ്ടു പ്രധാനഭാഗങ്ങളുണ്ട്. തിരമാലയഭ്യാസികള്‍ സര്‍ഫീങിനുപയോഗിക്കുന്ന ബോട്ടിന്റെ ആകൃതിയിലുള്ള മേല്‍ഭാഗവും, ചിറകുകളും മറ്റുമുള്ള താഴത്തെ ഭാഗവും.

തിരമാലകളുടെ ശക്തിയെ മുന്നോട്ടുള്ള സഞ്ചാരത്തിന് വേണ്ട ഊര്‍ജമായി പരിവര്‍ത്തനം ചെയ്യുകയാണ് ഈ ജലറോബോട്ടുകള്‍ ചെയ്യുന്നത്. മുകള്‍പ്രതലഭാഗത്ത് സോളാര്‍ പാനലുകളുണ്ട്. റോബോട്ടിലെ എണ്ണമറ്റ സെന്‍സറുകളുടെ പ്രവര്‍ത്തനത്തിന് സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നു. ഓരോ പത്തുമിനിറ്റിലും വിവരങ്ങള്‍ ശേഖരിക്കുകയാണ് സെന്‍സറുകളുടെ ചുമതല.
TAGS:


Stories in this Section