ആദ്യ 'പൂര്‍ണ എച്ച്.ഡി.വീഡിയോ ഫോണു'മായി ദക്ഷിണകൊറിയന്‍ കമ്പനി

Posted on: 30 Jan 2013
പൂര്‍ണ റിസല്യൂഷനില്‍ 1080പി ഹൈഡെഫിനിഷന്‍ വീഡിയോ ആസ്വദിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ പാന്‍ടെക് അവതരിപ്പിച്ചു. 5.9 ഇഞ്ച് ഡിസ്‌പ്ലേയൊടുകൂടിയ 'വേഗ നമ്പര്‍ 6' (Vega No 6), ലോകത്തെ ആദ്യ 'പൂര്‍ണ എച്ച്.ഡി.വീഡിയോ ഫോണ്‍' ആണെന്ന് കമ്പനി പറയുന്നു.

ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഫുള്‍ എച്ച്.ഡി. സ്മാര്‍ട്ട്‌ഫോണാണ് വേഗ. ചൈനീസ് കമ്പനിയായ ഹ്വാവേ അടുത്തയിടെ 6.1 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഫോണ്‍ പുറത്തിറക്കിയിരുന്നു. അതിന്റെ ഡിസ്‌പ്ലെ, പക്ഷേ 720പി മാത്രമേ ഉണ്ടായിരുന്നുള്ളു.

'ഫാബ്‌ലറ്റ്' ('phablet')
എന്ന വിഭാഗത്തില്‍ പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് വേഗ. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെക്കാള്‍ സ്‌ക്രീന്‍ വലിപ്പം കുറഞ്ഞതും, എന്നാല്‍ സാധാരണ സ്മാര്‍ട്ട്‌ഫോണുകളെക്കാളും വലിപ്പം കൂടിയതുമായ സ്മാര്‍ട്ട്‌ഫോണുകളെയാണ് ഫാബ്‌ലറ്റ് എന്ന് വിളിക്കാറ്.

സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കളുടെ സ്വീകാര്യതയെക്കുറിച്ച് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. സാംസങ് 2011 ല്‍ 5.3 ഇഞ്ചുള്ള ഗാലക്‌സി നോട്ട് (Galaxy Note) അവതരിപ്പിച്ചപ്പോള്‍, വലുപ്പക്കൂടുതല്‍ കൊണ്ട് അതൊരു പരാജയമാകുമെന്ന് പല ടെക് വിദഗ്ധരും പ്രവചിച്ചു. എന്നാല്‍, സാംസങിന്റെ വിജയങ്ങളിലൊന്നായി ഗാലക്‌സി നോട്ട് മാറി.

സ്ട്രീക്ക് 5 (Streak 5) എന്ന അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഡെല്‍ അവതരിപ്പിച്ചെങ്കിലും, ഏഴിഞ്ച് ടാബ്‌ലറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി ആ ഫോണ്‍ പരമ്പര അവര്‍ തുടര്‍ന്നില്ല. സോണി, എല്‍.ജി, എച്ച്.ടി.സി. എന്നിങ്ങനെ പ്രമുഖ ഹാന്‍സെറ്റ് നിര്‍മാതാക്കളെല്ലാം സമീപകാലത്ത് അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുകയുണ്ടായി.

സൂപ്പര്‍ വലിപ്പമുള്ള കൂടുതല്‍ ഫോണുകള്‍ അടുത്ത മാസം അവസാനം ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.

വേഗയുടെ സവിശേഷതകള്‍

5.9 ഇഞ്ച് 1920 X 1080 പിക്‌സല്‍ റിസല്യൂഷന്‍. 1.5 GHz ക്വാര്‍ഡ്-കോര്‍ ക്വാല്‍കോം പ്രൊസസര്‍ ആണ് വേഗയ്ക്ക് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് ജല്ലിബീന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ 2 ജിബി റാം ആണുള്ളത്.

ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് 32 ജിബി ആണെങ്കിലും, മൈക്രോ എസ് ഡി എക്‌സ് സി ഉപയോഗിച്ച് 2 ടി.ബി.വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം (ഓര്‍ക്കുക, നിലവില്‍ മൈക്രോ എസ് ഡി. എക്‌സ് സി കാര്‍ഡുകള്‍ക്ക് 256 ജിബി സ്‌റ്റോറേജ് ശേഷിയേ ഉള്ളൂ).

വേഗയുടെ മുഖ്യക്യാമറ 13 എംപി ശേഷിയുള്ളതാണ്, സെക്കന്‍ഡറി ക്യാമറ 2 എംപിയും. 4ജി കണക്ടിവിറ്റിയുള്ള ഫോണില്‍ ബ്ലൂടൂത്ത് 4.0, എന്‍.എഫ്.സി, ജി.പി.എസ് തുടങ്ങിയവയൊക്കെയുണ്ട്.

3140 mAh ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുക. ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോംപസ് ഒക്കെ ഫോണിലുണ്ട്. 209 ഗ്രാമാണ് ഫോണിന്റെ ഭാരം.

ദക്ഷിണ കൊറിയയില്‍ അടുത്ത മാസം വില്‍പ്പനയ്‌ക്കെത്തുന്ന ഫോണ്‍ ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.

ദക്ഷിണകൊറിയയില്‍ 780 ഡോളര്‍ (42,000 രൂപ) ആണ് വില. സാംസങിന്റെ ഗാലക്‌സി എസ് 3, എല്‍ജിയുടെ ഓപ്ടിമസ് ജി എന്നിവയ്ക്ക് ദക്ഷിണകൊറിയയില്‍ ആയിരം ഡോളറിനടുത്ത് നല്‍കണം. അതുവെച്ചു നോക്കിയാല്‍ വേഗ ഫോണിന് കുറച്ച് വില കുറവാണ്.
TAGS:


Stories in this Section