ഗന്ധം വിനിമയം ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണും

Posted on: 26 Jul 2013
തിരുവനന്തപുരത്തെ വീട്ടിലിരുന്ന് രാവിലെ നിങ്ങള്‍ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയാണ്.

മുന്നില്‍ ആവി പറക്കുന്ന കോഫി.

'കാപ്പിയുടെ മണം കിട്ടുന്നുണ്ടോ' - ഹോങ്കോങിലിരിക്കുന്ന സുഹൃത്തിനോട് നിങ്ങള്‍ തിരക്കുന്നു.

'ഉണ്ട്, നിങ്ങള്‍ ആ പണ്ടത്തെ ബ്രാന്‍ഡ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതല്ലേ' -സുഹൃത്ത് ചോദിച്ചു.

------

ഇത് സമീപഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതിയാണിത്. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീ ലബോറട്ടറീസ് ഇത്തരമൊരു സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്!

എന്നുവെച്ചാല്‍, ശബ്ദങ്ങളും ചിത്രങ്ങളും സ്മാര്‍ട്ട്‌ഫോണുകള്‍ വഴി എങ്ങനെ വിനിമയം ചെയ്യുന്നുവോ, അതേ മാതിരി ഗന്ധങ്ങളും വിനിമയം ചെയ്യാനുള്ള പദ്ധതിയാണിത്. ആര്‍ട്ട്, ഡിസൈന്‍, സയന്‍സ് ഡെവലപ്പിങ് സെന്ററായ ലീ ലബോറട്ടറീസ് ഇതിന് പേരിട്ടിരിക്കുന്നത് 'ഒഫോണ്‍' ( OPHONE ) എന്നാണ്.

പോക്കറ്റിലിട്ട് നടക്കാവുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഗന്ധം വിനിമയം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഒരു ആപ് വഴി ആ ഉപകരണം സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

ഗന്ധത്തെ അതിന്റെ വിവിധ ഘടകാംശങ്ങളാക്കി വിഘടിപ്പിിച്ച് ' ഗന്ധാക്ഷരങ്ങള്‍ ' പോലെ മാറ്റുകയാണ് ആ ഉപകരണം ചെയ്യുക. എന്നിട്ട്, അത് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലേക്ക് അയയ്ക്കും. അവിടെ സ്വീകരിക്കപ്പെടുന്ന ഗന്ധാക്ഷരങ്ങള്‍ കൂട്ടിയിണക്കി ഗന്ധം പുനസൃഷ്ടിക്കപ്പെടുന്നു.

ഒഫോണിന്റെ ഒരു ആദ്യരൂപം (കോഫി മണം അയയ്ക്കാന്‍ കഴിയുന്നത്) പാരീസിലെ ഒരു എക്‌സിബിഷനില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ സ്ഥാപിക്കുന്ന ആര്‍ട്‌സ് - സയന്‍സ് ലബോറട്ടറിയുടെ സഹായത്തോടെ, അടുത്ത വര്‍ഷമാകുമ്പോള്‍ അതിന്റെ കുറച്ചുകൂടി വികസിപ്പിച്ച രൂപം അവതരിപ്പിക്കാന്‍ കഴിയുമെന്ന്, ലീ ലബോറട്ടറിന്റെ സ്ഥാപകനായ ഹാര്‍വാഡ് പ്രൊഫസര്‍ ഡേവിഡ് എഡ്വേര്‍ഡ്‌സ് പ്രതീക്ഷിക്കുന്നു.

ഈ ദശകത്തിന്റെ അവസാനത്തോടെ ഒഫോണിന്റെ പൂര്‍ണരൂപം വിപണയിലെത്തുമെന്നാണ് പ്രതീക്ഷ. (കടപ്പാട് : ന്യൂസ്‌വീക്ക്)
TAGS:


Stories in this Section