ബ്ലാക്ക്ബറി വില്‍പ്പന തടയാന്‍ നോക്കിയ

Posted on: 29 Nov 2012ബ്ലാക്ക്ബറി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ക്യാനഡ എന്നിവിടങ്ങളിലെ കോടതികളോട് ഫിന്നിഷ് കമ്പനിയായ നോക്കിയ ആവശ്യപ്പെട്ടു. ഇരുകമ്പനികളും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നോക്കിയ ഈ ആവശ്യം കോടതികളില്‍ ഉന്നയിച്ചത്.

സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ സങ്കേതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നോക്കിയയ്ക്ക് കൂടുതല്‍ റോയലിറ്റി കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍, വൈഫൈ സങ്കേതമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ 'റിസര്‍ച്ച് ഇന്‍ മോഷന്‍' (റിം) കമ്പനിയെ അനുവദിക്കരുതെന്ന്, ഒരു സ്വീഡിഷ് മധ്യസ്ഥന്‍ വിധി പുറപ്പെടുവിക്കുകയുണ്ടായി. ബ്ലാക്ക്ബറി ഫോണുകള്‍ റിം കമ്പനിയുടേതാണ്.

വയര്‍ലെസ്സ് ലോക്കല്‍ ആക്‌സസ് നെറ്റ്‌വര്‍ക്ക് സംവിധാനം അഥവാ 'വഌന്‍' (WLAN) ടെക്‌നോളജി ഉപയോഗിച്ചാണ് വൈഫൈ ശൃംഖലകളിലേക്ക് കടക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നത്. ബ്ലാക്ക്ബറി ഫോണുകള്‍ ഇക്കാര്യത്തില്‍, നോക്കിയയുടെ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാണ് സ്വീഡിഷ് മധ്യസ്ഥന്‍ കണ്ടെത്തിയത്.

നവംബര്‍ ആറിന് പുറപ്പെടുവിച്ച വിധിയുടെ കാര്യം കഴിഞ്ഞ ദിവസമാണ് ലോകമറിഞ്ഞത്. മധ്യസ്ഥവിധി നടപ്പാക്കണമെന്നും, അതനുസരിച്ച് കൂടുതല്‍ റോയല്‍റ്റി നല്‍കാന്‍ റിം തയ്യാറായില്ലെങ്കില്‍ ബ്ലാക്ക്ബറി ഫോണുകളുടെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോടതികളെ നോക്കിയ സമീപിച്ചത് അങ്ങനെയാണ്.

വഌന്‍ പിന്തുണയുള്ളതാണ് ബ്ലാക്ക്ബറിയുടെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും. അതിനാല്‍, ഇപ്പോഴത്തെ വിധി റിം കമ്പനിക്ക് വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും - ഐ.ഡി.സിയിലെ ഫ്രാന്‍സിസ്‌ക ജെറോനിമോ വിലയിരുത്തി. റിം കമ്പനി ഇതെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്വീഡിഷ് മധ്യസ്ഥ വിധി റിം കമ്പനിക്ക് പെട്ടൊന്നൊരു തിരിച്ചടി സൃഷ്ടിക്കില്ലെന്ന് കമ്പനിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. കാരണം ആ വിധി നടപ്പാക്കിക്കിട്ടാന്‍ വിവിധ രാജ്യങ്ങളിലെ കോടതികളില്‍ നോക്കിയ നിയമയുദ്ധം നടത്തേണ്ടതായി വരും.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തിരിച്ചടി നേരിട്ട റിം കമ്പനി, ബ്ലാക്ക്ബറി 10 സോഫ്റ്റ്‌വേറുള്ള സ്മാര്‍ട്ട്‌ഫോണുമായി 2013 ല്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയമാണിത്. ഇത്തരമൊരു വേളയില്‍ ബ്ലാക്ക്ബറിക്ക് വില്‍പ്പന നിരോധം ഏല്‍ക്കേണ്ടി വന്നാല്‍ അത് റിം കമ്പനിക്ക് കഠിന പ്രഹരമായിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിവിധ കമ്പനികള്‍ തമ്മില്‍ നടക്കുന്ന പേറ്റന്റ് പോരിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് നോക്കിയയും ബ്ലാക്ക്ബറിയും തമ്മിലുള്ളത്. ആപ്പിളും സാംസങും മൈക്രോസോഫ്റ്റും ഒക്കെ തമ്മില്‍ വന്‍തോതിലുള്ള ബലാബലമാണ് പേറ്റന്റ് രംഗത്ത് നടത്തുന്നത്.
TAGS:
nokia  |  blackberry  |  research in motion  |  rim  |  patent issue  |  mobile market 


Stories in this Section