ത്രീഡി പദ്ധതിയുമായി നോക്കിയ; മൊബൈല്‍ കൂടുകള്‍ നിങ്ങള്‍ക്ക് നിര്‍മിക്കാം

Posted on: 19 Jan 2013
നോക്കിയയുടെ ലൂമിയ ഫോണുകളുടെ കൂടുകള്‍ (cases) ഇനി ഉപഭോക്താക്കള്‍ക്ക് തന്നെ ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ സഹായത്തോടെ നിര്‍മിക്കാം. അതിനാവശ്യമായ ഫയലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെ നോക്കിയ അറിയിച്ചു.

ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ ലൂമിയ 820 ഫോണിന്റെ കൂട് സ്വന്തംനിലയ്ക്ക് നിങ്ങള്‍ക്ക് തന്നെ നിര്‍മിക്കാമെന്ന്, നോക്കയയിലെ ജോണ്‍ നീലാന്‍ഡ് പ്രസിദ്ധീകരിച്ച ബ്ലോഗ് പറയുന്നു. അതിനാവശ്യമായ ടൂള്‍ കിറ്റ് (tool kit) കമ്പനി ലഭ്യമാകും. ത്രീഡി ചട്ടക്കൂടുകള്‍ (3-D templates) ഉള്‍പ്പടെയുള്ളവയാണ് ടൂള്‍ കിറ്റിലുണ്ടാവുക.

കൂടുതല്‍ കസ്റ്റമറൈസേഷനാണ് മൊബൈല്‍ രംഗത്ത് ഭാവിയില്‍ സംഭവിക്കുക - നീലാന്‍ഡ് പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോണ്‍ രൂപപ്പെടുത്താന്‍ സംരംഭകര്‍ക്ക് നോക്കിയ ഫോണ്‍ ടംപ്ലേറ്റുകള്‍ നല്‍കുന്ന കാലംപോലും വന്നേക്കാം-ബ്ലോഗ് പോസ്റ്റ് പറഞ്ഞു.

വാട്ടര്‍പ്രൂഫായ, ഇരുട്ടത്ത് തിളങ്ങുന്ന, ബോട്ടില്‍ ഓപ്പണറുള്ള, സോളാര്‍ ചാര്‍ജറുള്ള ഫോണ്‍ നിങ്ങളാഗ്രഹിക്കുന്നുവോ? നിങ്ങളുടെ ആഗ്രഹമനുസരിച്ച് അത് നിര്‍മിച്ചു തരുന്നവരുണ്ടാകാം. അതല്ലെങ്കില്‍, നിങ്ങള്‍ക്ക് തന്നെ ത്രീഡി പ്രിന്റിങിന്റെ സഹായത്തോടെ അത്തരമൊരു ഫോണ്‍ പ്രിന്റ് ചെയ്‌തെടുക്കാന്‍ സാധിച്ചേക്കാം - നീലാന്‍ഡ് എഴുതുന്നു.

പക്ഷേ, നോക്കിയ ലൂമിയ ഫോണിന്റെ കൂട് നിങ്ങള്‍ക്ക് ടൂള്‍ കിറ്റുപയോഗിച്ച് ഡിസൈന്‍ ചെയ്യണമെങ്കില്‍, ത്രീഡി പ്രിന്റര്‍ കൂടിയേ തീരൂ. മാത്രമല്ല, ത്രീഡി ദൃശ്യരൂപങ്ങളെ എങ്ങനെ ആവശ്യപ്രകാരം ഉപയോഗിക്കാം എന്നുള്ള സാങ്കേതിക പരിജ്ഞാനവും വേണം.
TAGS:
nokia  |  3d printing  |  lumia 820  |  innovation 


Stories in this Section