HERE - നോക്കിയയുടെ പുതിയ മാപ്‌സ് സര്‍വീസ്

Posted on: 14 Nov 2012


-സ്വന്തം ലേഖകന്‍




സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ശക്തമാകുന്ന മാപ്പിങ് ബിസിനസില്‍ ഫിന്നിഷ് കമ്പനിയായ നോക്കിയയും കരുത്തു തെളിയിക്കാന്‍ ഒരുങ്ങുന്നു. വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്‌സ് എന്നിങ്ങനെ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന 'HERE' എന്ന മാപ്‌സ് സര്‍വീസ് നോക്കിയ അവതരിപ്പിച്ചു.

ക്ലൗഡ് അധിഷ്ഠിത ലൊക്കേഷന്‍ സര്‍വീസാണ് 'HERE'. ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള എച്ച്ടിഎംഎല്‍ 5 വേര്‍ഷനും പുറത്തിറക്കിയിട്ടുണ്ട്. ഭാവിയില്‍ കമ്പനിയുടെ പ്രധാന ഉന്നംതന്നെ ലൊക്കേഷന്‍ സര്‍വീസുകളായിരിക്കുമെന്ന്, നോക്കിയ മേധാവി സ്റ്റീഫന്‍ ഇലോപ് അറിയിച്ചു.

ഏറെക്കാലമായി മാപ്പിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നോക്കിയ. എന്നാല്‍, വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ക്കായി ഇത്തരമൊരു സര്‍വീസ് കമ്പനി അവതരിപ്പിക്കുന്നത് ആദ്യമായാണ്. പുതിയ സര്‍വീസ് ആരംഭിച്ചതിനൊപ്പം, ത്രീഡി മാപ്പിങില്‍ പ്രാഗത്ഭ്യം തെളിയിച്ച 'എര്‍ത്ത്‌മൈന്‍' (Earthmine) എന്ന കാലിഫോര്‍ണിയ കമ്പനിയെ വിലയ്‌ക്കെടുക്കാനുള്ള പദ്ധതിയും നോക്കിയ പ്രഖ്യാപിച്ചു.


മാപ്പിങ് സര്‍വീസ് രംഗത്ത് ഗൂഗിളായിരിക്കും നോക്കിയയുടെ പ്രധാന എതിരാളി. ഗൂഗിള്‍ മാപ്‌സ് ഒഴിവാക്കിയിട്ട് ഐഫോണിലും ഐപാഡിലും സ്വന്തം മാപ്‌സ് സര്‍വീസ് ഉപയോഗിക്കാനുള്ള ആപ്പിളിന്റെ തീരുമാനം വന്‍തിരിച്ചടി നേരിട്ടിരുന്നു. ആ സമയത്താണ് നോക്കിയ പുതിയ മാപ്‌സ് സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പിശകുകകള്‍ കടന്നുകൂടിയ ആപ്പിളിന്റെ മാപ്‌സ് സര്‍വീസിനെക്കുറിച്ച് പരാതിപ്രവാഹം ഉണ്ടായതിനെ തുടര്‍ന്ന്, ആപ്പിള്‍ മേധാവി ടിം കുക്കിന് ഉപയോക്താക്കളോട് ക്ഷമാപണം നടത്തേണ്ടി വരികയുണ്ടായി. മാത്രമല്ല, ആപ്പിളിന്റെ മാപ്‌സ് സര്‍വീസ് മെച്ചപ്പെടുത്തും വരെ ഗൂഗിള്‍ പോലെ മറ്റേതെങ്കിലും കമ്പനിയുടെ സര്‍വീസ് ഉപയോഗിക്കാനും അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു.


ആപ്പിള്‍ മാപ്‌സിന്റെ പരിമിതി മുതലാക്കാന്‍ തങ്ങള്‍ക്കാകുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടല്‍. ഏതാനും ആഴ്ചകള്‍ക്കകം 'HERE' ന്റെ ഐഫോണ്‍ ആപ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ സ്ഥാനംപിടിക്കും.

വെറുമൊരു മാപ്‌സ് സര്‍വീസല്ല 'HERE'. ഭൂപ്രദേശങ്ങളുടെ ത്രീഡി ദൃശ്യങ്ങളും തത്സമയ ട്രാഫിക് വിവരങ്ങളുമൊക്കെ അത് നല്‍കും. ത്രീഡി മാപ്പിങ് സങ്കേതത്തിന് കരുത്തു പകരാനാണ് 'എര്‍ത്ത്‌മൈന്‍' കമ്പനിയെ നോക്കിയ സ്വന്തമാക്കുന്നത്.

വളരെ കൃത്യതയോടുകൂടിയ സമീപയാഥാര്‍ഥ്യ (Augmented-reality) അനുഭവം യൂസര്‍മാര്‍ക്ക് ലഭിക്കുന്ന 'ലൈവ്‌സൈറ്റ്' (LiveSight) എന്ന സര്‍വീസും മാപ്‌സ് സര്‍വീസിനൊപ്പം നോക്കിയ അവതരിപ്പിച്ചു. നോക്കിയ ഇറക്കുന്ന വിന്‍ഡോസ് ഫോണുകളിലെ 'സിറ്റി ലെന്‍സ് ആപ്' (City Lens app) വഴിയാകും ലൈവ്‌സൈറ്റ് ആദ്യം ലഭ്യമാക്കുക.
TAGS:
nokia  |  3d mapping  |  here  |  mapping service  |  livesight  |  online maps 


Stories in this Section