കോശപഠനത്തിലെ മുന്നേറ്റത്തിന് രസതന്ത്ര നൊബേല്‍

Posted on: 10 Oct 2012ബ്രിയാന്‍ കോബില്‍ക, റോബര്‍ട്ട് ലെഫ്‌കോവിറ്റ്‌സ്‌


ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങള്‍ പരിസരവുമായി ഇടപഴകുന്നതിന്റെ രഹസ്യം കണ്ടെത്തുകയും, അതുവഴി ഫലപ്രദമായ ഔഷധപ്രയോഗത്തിന് വഴിയൊരുക്കുകയും ചെയ്ത രണ്ട് അമേരിക്കന്‍ ഗവേഷകര്‍ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.

റോബര്‍ട്ട് ലെഫ്‌കോവിറ്റ്‌സ്, ബ്രിയാന്‍ കോബില്‍ക എന്നിവരാണ് 80 ലക്ഷം സ്വീഡിഷ് ക്രോണര്‍ (ഏതാണ്ട് 6.5 കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം പങ്കിടുന്നത്.

പരിസരം മനസിലാക്കാനും പരിസരവുമായി ഇടപഴകാനും കോശങ്ങളെ സഹായിക്കുന്ന സ്വീകരണികളില്‍ (receptors) പ്രധാനപ്പെട്ട ഒരു കുടുംബത്തെ തിരിച്ചറിയുകയാണ് ലെഫ്‌കോവിറ്റ്‌സും കോബില്‍കയും ചെയ്തത്.

കോശപ്രതലത്തിലെ 'ജി പ്രോട്ടീന്‍ അധിഷ്ഠിത സ്വീകരണി'(G-protein–coupled receptors) കളുടെ കുടുംബത്തെ തിരിച്ചറിയുകയും, അവയുടെ പ്രവര്‍ത്തനം മനസിലാക്കുകയും ചെയ്യുക വഴി കോശപഠനരംഗത്ത് വന്‍മുന്നേറ്റമാണ് ഇരുവരും നടത്തിയതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.

പ്രകാശം, ഗന്ധം, സ്വാദ് എന്നിങ്ങനെ ഒട്ടേറെ സംഗതികള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന 'ജി പ്രോട്ടീന്‍ അധിഷ്ഠിത സ്വീകരണി'കളുടെ പ്രവര്‍ത്തനത്തില്‍ ഏതാണ്ട് ആയിരത്തോളം ജീനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്നറിയാം. മനുഷ്യനുപയോഗിക്കുന്ന പകുതിയോളം ഔഷധങ്ങള്‍ക്ക് അവയുടെ ഫലം സാധ്യമാക്കുന്നതും ഈ സ്വീകരണികളാണ്.

സ്വീകരണികളുടെ രഹസ്യം

കോശങ്ങള്‍ എങ്ങനെയാണ് അവയുടെ പരിസരം മനസിലാക്കുന്നത്. ശാസ്ത്രലോകത്തിന് ഏറെക്കാലം അതൊരു നിഗൂഢതയായിരുന്നു. കോശപ്രതലങ്ങളിലെ ഏതോ സ്വീകരണികളാകാം ഹോര്‍മോണുകളുടെയും മറ്റും സാന്നിധ്യം തിരിച്ചറിയുകയും, അതിനനുസരിച്ച് പ്രതിക
ജി പ്രോട്ടീന്‍ അധിഷ്ഠിത സ്വീകരണി', കോശഭിത്തിയില്‍
രിക്കാന്‍ കോശങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നതെന്ന് സംശയമുണ്ടായിരുന്നു.

1968 ല്‍ ലെഫ്‌കോവിറ്റ്‌സ് ആരംഭിച്ച പഠനമാണ് ഇക്കാര്യത്തില്‍ മുന്നേറ്റം സാധ്യമാക്കിയത്. കോശപ്രതലത്തിലെ സ്വീകരണികളുടെ സാന്നിധ്യമറിയാന്‍ റേഡിയോആക്ടീവതയുടെ സഹായമാണ് അദ്ദേഹം തേടിയത്.

വിവിധ ഹോര്‍മോണുകളുമായി അയഡിന്‍ ഐസോടോപ്പ് സമ്മേളിപ്പിച്ചായിരുന്നു പഠനം. ഒട്ടേറെ സ്വീകരണികളെ തിരിച്ചറിയാന്‍ അത് വഴിതെളിച്ചു. അതിലൊന്നായിരുന്നു 'ബീറ്റ-അഡ്രെനെര്‍ജിക് സ്വീകരണി'. കോശഭിത്തിയിലെ ആ സ്വീകരണിയുടെ ഒളിത്താവളം കണ്ടെത്താനും, അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പ്രാഥമിക സംഗതികള്‍ മനസിലാക്കാനും ലെഫ്‌കോവിറ്റ്‌സിനും സംഘത്തിനും സാധിച്ചു.

ഈ വര്‍ഷത്തെ നൊബേല്‍ ജേതാക്കളില്‍ അടുത്തയാളായ കോബില്‍കയുടെ രംഗപ്രവേശം 1980 കളിലാണ്. ലെഫ്‌കോവിറ്റ്‌സിന്റെ സംഘത്തില്‍ പുതിയതായി എത്തിയ ഗവേഷകനായിരുന്നു കോബില്‍ക. 'ബീറ്റ-അഡ്രെനെര്‍ജിക് സ്വീകരണി'യ്ക്ക് കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയെന്ന വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു.

ജീനുകളെ കണ്ടെത്തിയ കോബില്‍കയും സംഘവും മറ്റൊന്നുകൂടി മനസിലാക്കി. തങ്ങള്‍ ലക്ഷ്യമാക്കിയ സ്വീകരണിക്ക് സമാനമായവയാണ് നേത്രകോശങ്ങളിള്‍ പ്രകാശത്തെ ആഗിരണം ചെയ്യുന്നവയും! പ്രവര്‍ത്തനത്തിലും കാഴ്ചയിലും സമാനതയുള്ള സ്വീകരണികളുടെ ഒരു കുടുംബം തന്നെയുള്ളതായി ഗവേഷകര്‍ മനസിലാക്കി.

ആ സ്വീകരണി കുടുംബം ഇന്നറിയപ്പെടുന്നത് 'ജി പ്രോട്ടീന്‍ അധിഷ്ഠിത സ്വീകരണി'കളെന്നാണ്. ജി പ്രോട്ടീന്‍ സ്വീകരണികളുടെ പ്രവര്‍ത്തന രഹസ്യവും ലെഫ്‌കോവിറ്റ്‌സും കോബില്‍കയും നടത്തിയ ഗവേഷണം വഴി വെളിവായി.

മാത്രമല്ല, 'ബീറ്റ-ആഡ്രെനെര്‍ജിക് സ്വീകരണി' പ്രവര്‍ത്തനിരതമായ നിമിഷത്തില്‍ അതിന്റെ ദൃശ്യം പിടിച്ചെടുക്കുന്നതില്‍ കോബില്‍കയും സംഘവും 2011 ല്‍ വിജയിക്കുകയും ചെയ്തു.

അമേരിക്കയില്‍ ഹൊവാര്‍ഡ് ഹൂസ് മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനാണ് 69-കാരനായ ലെഫ്‌കോവിറ്റ്‌സ്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറാണ് 57-കാരനായ കോബില്‍ക.

ക്വാണ്ടംഭൗതികത്തില്‍ നടത്തിയ മുന്നേറ്റത്തിനാണ് 2012 ലെ ഭൗതികശാസ്ത്ര നൊബേല്‍ നല്‍കപ്പെട്ടത്. ഫ്രഞ്ചുകാരനായ സെര്‍ജി ഹരോഷെ, യു.എസ്. ഗവേഷകന്‍ ഡേവിഡ് വൈന്‍ലന്‍ഡ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

അതേസമയം, വിത്തുകോശ ഗവേഷണത്തില്‍ അടിസ്ഥാന മുന്നേറ്റം സാധ്യമാക്കിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ജോണ്‍ ഗര്‍ഡനും, ജപ്പാന്‍ ഗവേഷകന്‍ ഷിന്‍യ യമനാകയും 2012 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു.


Stories in this Section