ആന്‍ഡ്രോയിഡ് ക്യാമറയുമായി നിക്കോണ്‍

Posted on: 22 Aug 2012


-സ്വന്തം ലേഖകന്‍
ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന കോംപാക്ട് ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ കമ്പനി പുറത്തിറക്കി. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഒരു മുഖ്യധാരാ ക്യാമറ നിര്‍മാതാവ് പുറത്തിറക്കുന്നത് ആദ്യമായാണ്.

എടുക്കുന്ന ഫോട്ടോകള്‍ ക്യാമറയില്‍ നിന്നുതന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനും വെബ്ബ് ബ്രൗസിങിനും സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമൊക്കെ നിക്കോണിന്റെ 'കൂള്‍പിക്‌സ് എസ് 800 സി' (Coolpix S800c) മോഡല്‍ ഉപയോഗിച്ച് സാധിക്കും.


'എസ് 800 സി'യിലെ വൈഫൈ കണക്ടിവിറ്റിയും ആന്‍ഡ്രോയിഡ് സോഫ്ട്‌വേറും, സ്മാര്‍ട്ട്‌ഫോണുകളെയും ടാബ്‌ലറ്റുകളെയും പോലെ, ക്യാമറ അധിഷ്ഠിത ഫോട്ടോ, വീഡിയോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ അവസരമൊരുക്കുന്നു -നിക്കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ മാര്‍ക്കറ്റായ 'ഗൂഗിള്‍ പ്ലേ'യില്‍ നിന്ന് ഏത് ആപ്ലിക്കേഷനും നിങ്ങളുടെ ക്യാമറയിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം'. ഫോട്ടോ ആപ്‌സ്, സോഷ്യല്‍ മീഡിയ ആപ്‌സ്, ഗെയിമുകള്‍ -അങ്ങനെ എല്ലാറ്റിന്റെയും മെച്ചം അനുഭവിക്കാം. മാത്രമല്ല, ഫോട്ടോ സംഭരിക്കാനും പങ്കുവെയ്ക്കാനുമുള്ള നിക്കോണ്‍ സൈറ്റിന്റെ സേവനവും ക്യാമറയ്ക്ക് ലഭിക്കും.


ക്യാമറയിലെ 16 മെഗാപിക്‌സല്‍ സെന്‍സറും 10 എക്‌സ് ഓപ്ടിക്കല്‍ സൂമും ഉപയോഗിച്ച് ചിത്രങ്ങളെടുക്കുക മാത്രമല്ല, ഫുള്‍ എച്ച്ഡി വീഡിയോയും പിടിക്കാം. 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ക്യാമറയ്ക്കുള്ളത്.

ആന്‍ഡ്രോയിഡ് 2.3 വേര്‍ഷന്‍ ഉപയോഗിക്കുന്ന ക്യാമറയ്ക്ക് 1.7 ജി.ബി.ഇന്റേണല്‍ മെമ്മറിയുണ്ട്. സ്‌പേസ് ഫോട്ടോകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ക്കുമായി 2 ജി.ബി.ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മെമ്മറി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുകയുമാകാം.


എസ് 8000 സിയിലെ 16 മെഗാപിക്‌സല്‍ ബാക്ക്-ഇല്ലുമിനേറ്റഡ് സി.എം.ഒ.എസ്.സെന്‍സറിന്റെ സഹായത്തോടെ, നൈറ്റ് പാര്‍ട്ടികളിലെ ഫോട്ടോകള്‍ പോലും മിഴിവോടെ പകര്‍ത്താനാകുമെന്ന് നിക്കോണ്‍ അവകാശപ്പെടുന്നു. 350 ഡോളര്‍ (ഏതാണ്ട് 19000 രൂപ) ആണ് എസ് 8000 സിയുടെ വില.

മികച്ച ക്യാമറകളോടെ സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിയത്, കോംപാക്ട് ഡിജിറ്റല്‍ ക്യാമറകള്‍ക്ക് ആവശ്യക്കാര്‍ കുറയാന്‍ ഇടയാക്കി. സ്വാഭാവികമായും നിക്കോണ്‍, കനോണ്‍ തുടങ്ങിയ ക്യാമറ കമ്പനികള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വെല്ലുവിളിയായത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് നിക്കോണിന്റെ പുതിയ നീക്കമെന്ന് വ്യക്തം.Stories in this Section