നിയാണ്ടെര്‍ത്തലുകള്‍ക്ക് വിനയായത് വലിയ കണ്ണുകള്‍!

Posted on: 13 Mar 2013നിയാണ്ടെര്‍ത്തലിന്റെയും (ഇടത്ത്) ഹോമോസാപ്പിയന്റെയും (വലത്ത്) തലയോട്ടികള്‍


യൂറോപ്പില്‍ അധിവസിച്ച പ്രാചീന മനുഷ്യവര്‍ഗമായ നിയാണ്ടെര്‍ത്തലുകളെ നാശത്തിലേക്ക് നയിച്ചത് വലിയ കണ്ണുകളോ! കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും. കണ്ണിത്തിരി വലുതായി എന്നതുകൊണ്ട് ഒരു വര്‍ഗം ഇല്ലാതാകുമോ.....അത്ഭുതംവേണ്ട, അങ്ങനെ സംഭവിക്കാമെന്ന് പുതിയൊരു പഠനം പറയുന്നു.

ഏതാണ്ട് രണ്ടര ലക്ഷം വര്‍ഷംമുമ്പ് യൂറോപ്പില്‍ സാന്നിധ്യമുറപ്പിച്ച നിയാണ്ടെര്‍ത്തല്‍ വര്‍ഗത്തിന് വിനയായത് അവയുടെ വലിയ കണ്ണുകളാണെന്ന് പഠനം പറയുന്നു. 28,000 വര്‍ഷം മുമ്പുവരെ ആ വര്‍ഗം നിലനിന്നു. 'ഹോമോ സാപ്പിയന്‍സ്' എന്ന ആധുനിക മനുഷ്യനും നിയാണ്ടെര്‍ത്തലുകളും കുറച്ചു കാലം യൂറോപ്പില്‍ സഹവസിക്കുകയും ചെയ്തു.

യൂറോപ്പിലെ ദൈര്‍ഘ്യമേറിയ ഇരുണ്ട രാത്രികള്‍ക്ക് യോജിച്ച വിധത്തില്‍ നിയാണ്ടെര്‍ത്തലുകള്‍ക്ക് സംഭവിച്ച പരിണാമമാണ് അവയ്ക്ക് വിനയായതെന്ന് 'റോയല്‍ സൊസൈറ്റി ബി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ആഫ്രിക്കയില്‍ നിന്ന് പുറത്തുകടന്ന നിയാണ്ടെര്‍ത്തലുകളുടെ പൂര്‍വികര്‍ക്ക്, യൂറോപ്പിലെ നീണ്ട ഇരുണ്ട രാത്രികളോട് സമരസപ്പെടേണ്ടി വന്നു. അതിനായി കണ്ണുകള്‍ വലുതായി പരിണമിച്ചു. തലച്ചോറില്‍ കാഴ്ചയുടെ വിശകലനത്തിന് കൂടുതല്‍ ഭാഗം മാറ്റിവെയ്‌ക്കേണ്ടിയും വന്നു.

അതേസമയം, ആധുനിക മനുഷ്യന്‍ ഏതാണ്ട് 60,000 വര്‍ഷം മുമ്പ് വരെ ആഫ്രിക്കയിലാണ് കഴിഞ്ഞത്. സൂര്യപ്രകാശമേറിയ ആഫ്രിക്കന്‍ പരിസ്ഥിതിയില്‍ അത്തരം മാറ്റം ആധുനിക മനുഷ്യന് വേണ്ടിവന്നില്ല. തലച്ചോറിന്റെ വലിയൊരു ഭാഗം കാഴ്ചയുടെ വിശകലനത്തിന് നീക്കിവെയ്‌ക്കേണ്ടിയും വന്നില്ല.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഇയ്‌ലൂനിഡ് പിയേഴ്‌സ് ഈ സിദ്ധാന്തം ശാസ്ത്രീയമായി പരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് പുതിയ പഠനം. ഹോമോ സാപ്പിയന്‍സിന്റെ 32 തലയോട്ടികളും, നിയാണ്ടര്‍ത്തലുകളുടെ 13 തലയോട്ടികളും താരതമ്യം ചെയ്തായിരുന്നു പഠനം.

നിയാണ്ടെര്‍ത്തല്‍ മനുഷ്യന്‍ - ചിത്രകാരന്റെ ഭാവന


നിയാണ്ടെര്‍ത്തലുകളുടെ കണ്‍കുഴികള്‍ക്ക്, ഹോമോസാപ്പിയന്‍സുകളുടേതിനെ അപേക്ഷിച്ച് കാര്യമായ വലിപ്പക്കൂടുതലുണ്ടെന്ന് പഠനത്തില്‍ കണ്ടു. കണ്‍കുഴിയുടെ താഴെ മുതല്‍ മുകള്‍ വരെ ശരാശരി ആറു മില്ലിമീറ്ററിന്റെ വലിപ്പക്കൂടുതല്‍ നിയാണ്ടെര്‍ത്തലുകള്‍ക്കുണ്ട്.

ഇതത്ര കൂടുതലാണോ എന്ന് തോന്നിയേക്കാം. എന്നാല്‍, ഇതുമൂലം തലച്ചോറിന്റെ സിംഹഭാഗവും കാഴ്ചയുടെ വിശകലനത്തിന് നിയാണ്ടെര്‍ത്തലുകള്‍ക്ക് നീക്കിവെയ്‌ക്കേണ്ടി വന്നിരിക്കാമെന്ന് പിയേഴ്‌സ് പറയുന്നു.

തലച്ചോറില്‍ നല്ലൊരു പങ്ക് ദൃശ്യവിശകലനത്തിനും ശരീര നിയന്ത്രണത്തിനും പോയപ്പോള്‍, അതിജീവനത്തിനാവശ്യമായ മറ്റ് സംഗതികള്‍ക്ക് തലച്ചോറില്‍ കുറച്ചു ഭാഗമേ മാറ്റിവെയ്ക്കാനാകൂ എന്ന സ്ഥിതി വന്നു- അവര്‍ വിശദീകരിക്കുന്നു. സ്വാഭാവികമായും നിയാണ്ടെര്‍ത്തല്‍ വര്‍ഗത്തിന്റെ നിലനില്‍പ്പിന് അത് പ്രതികൂലമായി മാറി.

ലണ്ടനില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നരവംശ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധന്‍ പ്രൊഫ.ക്രിസ് സ്റ്റിങറും ഈ നിഗമനത്തോട് യോജിക്കുന്നു.

അതിജീവിക്കാനുള്ള കഴിവ് കൂടുതലുണ്ടാകാന്‍ ഹോമോസാപ്പിയന്‍ വര്‍ഗത്തെ സഹായിച്ചത്, അവയുടെ തലച്ചോറില്‍ നല്ലൊരു പങ്ക് കാഴ്ചയ്ക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നില്ല എന്നതാണ്. ആശയവിനിമയത്തിനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുമൊക്കെ അത് അവയെ സഹായിച്ചു. അതേസമയം, നിയാണ്ടെര്‍ത്തലുകളുടെ കഥ വ്യത്യസ്തവുമായി.
TAGS:
neanderthals  |  human origins  |  homo sapiens  |  evolution  |  science 


Stories in this Section