ഉദ്വേഗത്തോടെ നാസ ; 'ക്യൂരിയോസിറ്റി' നാളെ ചൊവ്വയിലിറങ്ങും

Posted on: 04 Aug 2012




വാഷിങ്ടണ്‍: യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' (നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍)യുടെ ഇന്നേവരെയുള്ള ഏറ്റവും ബൃഹത്തായ ചൊവ്വാപര്യവേക്ഷണ പദ്ധതിക്ക് തിങ്കളാഴ്ച നിര്‍ണായകദിനം.

എല്ലാം തിരക്കഥപ്രകാരം നടന്നാല്‍, 'ക്യൂരിയോസിറ്റി' എന്ന റോബോട്ടിക് പര്യവേക്ഷണ പേടകം തിങ്കളാഴ്ച ഇന്ത്യന്‍സമയം രാവിലെ പതിനൊന്നോടെ ചൊവ്വയുടെ പ്രതലത്തിലിറങ്ങും.

'നാസ' മുമ്പ് വിക്ഷേപിച്ച 'സ്പിരിറ്റ്', 'ഓപര്‍ച്യൂണിറ്റി' തുടങ്ങിയ ചൊവ്വാപര്യവേക്ഷണ പേടകങ്ങളേക്കാള്‍ വലിപ്പവും ഭാരവുമേറിയതാണു 'ക്യൂരിയോസിറ്റി'. അതുകൊണ്ടുതന്നെ നൂതനവും സങ്കീര്‍ണവുമായ ഒരുപ്രക്രിയയാണ് ഈ പേടകത്തെ ചൊവ്വയിലിറക്കുന്നതിനായി ശാസ്ത്രജ്ഞര്‍ വിഭാവനം ചെയ്തിട്ടുള്ളത്.

മുന്‍കാല പേടകങ്ങള്‍ 'എയര്‍ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍, റോക്കറ്റ് സഹായത്തോടെയുള്ള 'സൈ്ക ക്രെയിന്‍' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി പ്രയോഗിക്കുന്നത്. 900 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം.


കഴിഞ്ഞ നവംബര്‍ 26ന് ഫ്ലോറിഡയിലെ കേപ് കനവറലില്‍നിന്ന് വിക്ഷേപിച്ച പേടകം എട്ടര മാസംകൊണ്ട് 56.6 കോടി കിലോമീറ്ററാണ് താണ്ടിയത്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ മണിക്കൂറില്‍ 21,240 കിലോമീറ്ററെന്ന അതിവേഗമാര്‍ജിക്കുകയും പിന്നീട് വെറും ഏഴുമിനിറ്റുകൊണ്ട് വേഗം കുറച്ചുകുറച്ച് വളഞ്ഞും പുളഞ്ഞുമിറങ്ങി ചൊവ്വയുടെ പ്രതലത്തില്‍ 'ബ്രേക്കി'ടുകയും ചെയ്യും.

'ഏഴു സംഭ്രമനിമിഷങ്ങള്‍' എന്നാണ് 'നാസ' ശാസ്ത്രജ്ഞര്‍ ഈ അതിനിര്‍ണായകഘട്ടത്തെ വിശേഷിപ്പിക്കുന്നത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്ന പ്രക്രിയയുടെ നാടകീയത അനാവരണം ചെയ്തുകൊണ്ട് 'നാസ' പുറത്തിറക്കിയ ഇന്‍റര്‍നെറ്റ് വീഡിയോയ്ക്കു നല്‍കിയ പേരും 'ഏഴു സംഭ്രമനിമിഷങ്ങള്‍'(7 Minutes of Terror) എന്നുതന്നെ.

രണ്ടുവര്‍ഷം നീളുന്ന ദൗത്യത്തില്‍ ചൊവ്വയിലെ 'ഗേല്‍ ക്രേറ്റര്‍' എന്നറിയപ്പെടുന്ന പടുകൂറ്റന്‍ കുഴിയിലാണു 'ക്യൂരിയോസിറ്റി' പര്യവേക്ഷണത്തിലേര്‍പ്പെടുക. ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ചരിത്രവും ജീവസാന്നിധ്യത്തിന്റെ സാധ്യതകളുമാണ് പ്രധാനമായും ശാസ്ത്രജ്ഞര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

TAGS:


Stories in this Section