10000 ല്‍ താഴെ വിലയുള്ള അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

Posted on: 29 Jan 2013


-പി.എസ്.രാകേഷ്‌'കൊള്ളാവുന്ന സ്‌പെസിഫിക്കേഷനും സ്‌ക്രീന്‍ വലിപ്പവുമുള്ള സ്മാര്‍ട് ഫോണ്‍ വേണോ? പതിനായിരം രൂപയെങ്കിലും മുടക്കേണ്ടിവരും'- മൊബൈല്‍ ഫോണുകളെക്കുറിച്ച് അത്യാവശ്യം വിവരമുള്ള ഏതൊരാളും പറയുന്ന കാര്യമാണിത്. ശരി, പതിനായിരം രൂപയുണ്ട് നല്ലൊരു സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുത്തു തരൂ എന്നു പറഞ്ഞാല്‍ ഇവരില്‍ മിക്കവരും ഒഴിഞ്ഞുമാറുകയും ചെയ്യും. നൂറുകണക്കിന് മൊബൈല്‍ഫോണ്‍ ബ്രാന്‍ഡുകളും കാക്കത്തൊള്ളായിരം ഹാന്‍ഡ്‌സെറ്റ് മോഡലുകളും കിട്ടാനുള്ള വിപണിയില്‍ ഇക്കാലത്ത് തിരഞ്ഞെടുപ്പ് അസാധ്യമാണെന്നതുതന്നെ കാരണം.

ഇന്ത്യന്‍ വിപണിയില്‍ പതിനായിരം രൂപയില്‍ താഴെ വിലയുളള അഞ്ച് സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണിവിടെ -


1. സാംസങ് ഗാലക്‌സി ചാറ്റ് (വില 7300 രൂപ)

പട്ടികയിലെ ആദ്യപേര് തന്നെ സാംസങിന്റേത് ആണെന്ന് കണ്ട് നോക്കിയ ആരാധകര്‍ വാളെടുക്കാന്‍ വരട്ടെ. ഈ വിലയ്ക്ക് കിട്ടാവുന്ന മികച്ച ഫോണ്‍ തന്നെയാണിത്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷനുമുണ്ട്.

240 X 320 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ മൂന്നിഞ്ച് ടച്ച് സ്‌ക്രീന്‍, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, അസിസ്റ്റഡ് ജി.പി.എസ്., വൈഫൈ കണക്ടിവിറ്റി എന്നിവയും ചാറ്റിന്റെ സവിശേഷതകളാണ്.

ടച്ച്‌സ്‌ക്രീന്‍ പൂര്‍ണമായി വഴങ്ങാത്തവര്‍ക്കായി ക്യുവെര്‍ട്ടി കീപാഡുമുണ്ടിതില്‍. ത്രീജി കണക്ടിവിറ്റിയുള്ള സാംസങ് ചാറ്റില്‍ 850 മെഗാഹെര്‍ട്‌സ് സി.പി.യു. ആണുള്ളത്.


2. സോണി എക്‌സ്പീരിയ ടിപ്പോ (വില 8400 രൂപ)

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍വിപണിയില്‍ വന്‍തോതില്‍ വിറ്റഴിഞ്ഞ മോഡലാണിത്. സോണി എക്‌സ്പീരിയ നിരയില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കിട്ടുന്ന ഏകഫോണും ഇതാണ്.

വില കുറവാണെന്ന് കരുതി ഈ മോഡലിന്റെ രൂപകല്പനയിലോ നിര്‍മാണമികവിലോ ഒരു വിട്ടുവീഴ്ചയും സോണി കാട്ടിയിട്ടില്ല എന്നത് ശ്രദ്ധേയം. പതിനായിരം രൂപയില്‍ കുറഞ്ഞ വിലയുള്ള സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും സുന്ദരന്‍ ഏതെന്ന ചോദ്യത്തിന് ടിപ്പോ എന്നു തന്നെയാണ് ഉത്തരം.

320 X 480 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 3.2 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷന്‍, 800 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി. റാം എന്നിവയാണ് ഇതിലുള്ളത്.

3.2 മെഗാപിക്‌സല്‍ ക്യാമറ, ബഌടൂത്ത്, വൈഫൈ, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും ഈ ഫോണിലുണ്ട്. ത്രീജി സംവിധാനമുള്ള എക്‌സ്പീരിയ ടിപ്പോയുടെ ഇന്റേണല്‍ മെമ്മറി രണ്ടര ജി.ബി. ആയിരം രൂപ കൂടി മുടക്കിയാല്‍ ടിപ്പോയുടെ ഡബിള്‍ സിം മോഡല്‍ ലഭിക്കും.


3. മോട്ടറോള ഡെഫൈ മിനി (വില 9400 രൂപ)

കാറ്റും മഴയും പൊടിയും മണ്ണുമൊക്കെ അതിജീവിക്കാന്‍ കഴിയും എന്നതാണ് മോട്ടറോള ഡെഫൈ മിനിയുടെ പ്രധാനസവിശേഷതയായി കമ്പനി തന്നെ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത്തരമൊരു അവകാശവാദം ഏറെപ്പേരെ ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.

വാട്ടര്‍ റെസിസ്റ്റന്‍ഡും ഡസ്റ്റ്പ്രുഫുമാണ് ഡെഫൈ മിനി. പോറല്‍ വീഴാത്ത തരത്തിലുളള കോര്‍ണിങ് ഗോറില്ല ഗഌസ് കൊണ്ടാണിതിന്റെ 3.2 ഇഞ്ച് സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. റിസൊല്യൂഷന്‍ 320 X 480 പിക്‌സല്‍സ്. 3.1 മെഗാപിക്‌സല്‍ ക്യാമറ, 3ജി, 512 എം.ബി. റോം, 512 എം.ബി. റാം എന്നിവയും ഈ ഫോണിലുണ്ട്. 600 മെഗാഹെര്‍ട്‌സിന്റേതാണ് സി.പി.യു.

ഏറെ നേരം ചാര്‍ജ് സൂക്ഷിക്കാന്‍ ശേഷിയുള്ള 1650 എം.എ.എച്ച് ലി-അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.


4. നോക്കിയ ആശ 311 (വില 6100 രൂപ)

ആന്‍ഡ്രോയ്ഡ് ജാഡകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നോക്കിയ ആശ 311 കണ്ണുമടച്ച് വാങ്ങാം. കൊടുക്കുന്ന തുകയ്ക്കനുസരിച്ചുളള മൂല്യം ഉറപ്പുനല്‍കുന്ന ഫോണാണിത്.

നോക്കിയ സ്വന്തമായി രൂപകല്‍പന ചെയ്ത സീരീസ് 40 ടച്ച് യൂസര്‍ ഇന്റര്‍േഫസിലാണ് ആശ 311 പ്രവര്‍ത്തിക്കുന്നത്. 3.2 മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ത്രീജി എന്നീ സംവിധാനങ്ങള്‍ ഫോണിലുണ്ട്.

ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറും കോര്‍ണിങ് ഗോറില്ല ഗ്ലാസോടുകൂടിയ മൂന്നിഞ്ച് ടച്ച്‌സ്‌ക്രീനുമാണ് ഫോണിലുള്ളത്. സ്‌ക്രീന്‍ റിസൊല്യൂഷന്‍ 240 X 400 പിക്‌സല്‍സ്. ഇന്റേണല്‍ മെമ്മറി 140 എം.ബി.


5. മൈക്രോമാക്‌സ് കാന്‍വാസ് 2 (വില 10,000 രൂപ)

മൈക്രോമാക്‌സിന്റെ ഈ പ്രീമിയം മോഡലിന്റെ സ്‌പെസിഫിക്കേഷനുകളും സൗകര്യങ്ങളുമൊക്കെ കിടിലം എന്നു നിസ്സംശയം പറയാം.

480 X 954 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് ഐ.പി.എസ്. സ്്ക്രീന്‍, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, ഒരു ഗിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ9 ഡ്യുവല്‍കോര്‍ പ്രൊസസര്‍, ഡ്യുവല്‍ എല്‍.ഇ.ഡി. ഫ്ലാഷും 4എക്‌സ് ഡിജിറ്റല്‍ സൂമുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറ, വി.ജി.എ. സെക്കന്‍ഡറി ക്യാമറ എന്നിവയെല്ലാം കാന്‍വാസ് 2ലുണ്ട്.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണ് ഫോണിലെ ഒ.എസ്. കണക്ടിവിറ്റിക്കായി ജി.പി.ആര്‍.എസ്., എഡ്ജ്, ത്രീജി, വൈഫൈ, വാപ് സംവിധാനങ്ങളെല്ലാം ഫോണിലുണ്ട്. ഒപ്പം ഡ്യുവല്‍ സിം സൗകര്യവും.


Stories in this Section