ഫ്യുജിഫിലിം ഇനി 'സിനിമ ഫിലിം' നിര്‍മിക്കില്ല

Posted on: 04 Apr 2013
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തില്‍ പഴയ വിദ്യകള്‍ അസ്തമിക്കുന്നതിന് ഒരിക്കല്‍ കൂടി ലോകം സാക്ഷിയാകുന്നു. 'സിനിമ ഫിലിം' (മോഷന്‍ പിക്ച്ചര്‍ ഫിലിം) നിര്‍മാണം, പ്രസിദ്ധ ഫിലിം നിര്‍മാണ കമ്പനിയായ ഫ്യുജിഫിലിം അവസാനിപ്പിച്ചു.

ഫ്യുജിഫിലിം കമ്പനി തന്നെയാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. 2013 മാര്‍ച്ചോടെ ഫിലിം നിര്‍മാണം കമ്പനി നിര്‍ത്തിയെന്നും, സ്റ്റോക്കുള്ളത് വിറ്റു തീര്‍ക്കുക മാത്രമാണ് ഇക്കാര്യത്തില്‍ ഇനി ചെയ്യുകയെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

സിനിമയും ഫോട്ടോഗ്രാഫിയും ഡിജിറ്റല്‍ ചിറകിലേറി മുന്നേറുന്ന കാഴ്ചയ്ക്കാണ് സമീപകാലം ലോകം സാക്ഷിയായത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റമാണ് ഫിലിമിന്റെ അന്ത്യവിധി കുറിക്കാന്‍ കാരണമായത്. മുമ്പ് ഇതുപോലെയാണ് മാഗ്നറ്റിക് ഫിലിമിലുള്ള വീഡിയോ കാസറ്റുകളും മ്യൂസിക് കാസറ്റുകളും നാടുനീങ്ങിയത്.

സിനിമ ഫിലിം നിര്‍മാണം നിര്‍ത്തിയാലും, മറ്റ് ഉത്പന്നങ്ങള്‍ കമ്പനി തുടര്‍ന്നും നിര്‍മിക്കുമെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു. ഇമേജിങ് പ്രോസസിങ് സിസ്റ്റം (IS-100), ഡിജിറ്റല്‍ മോഷന്‍ പിക്ച്ചര്‍ ക്യാമറകള്‍ക്കും പ്രോജക്ടറുകള്‍ക്കും വേണ്ടിയുള്ള ഫ്യൂജിനോന്‍ ലെന്‍സുകള്‍ തുടങ്ങിയവ കമ്പനി തുടര്‍ന്നും നിര്‍മിക്കും.

കളര്‍ പോസിറ്റീവ് ഫിലിം, കളര്‍ നെഗറ്റീവ് ഫിലിം, ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ഫിലിം, സൗണ്ട് റിക്കോര്‍ഡിങ് ഫിലിം, ഇന്റര്‍മീഡിയറ്റ് ഫിലിം തുടങ്ങിയവയുടെ ഉത്പാദനമാണ് ഫ്യുജിഫിലിം നിര്‍ത്തിയത്.
TAGS:


Stories in this Section