കുരങ്ങനെ ബഹിരാകാശത്തയച്ച് ഇറാന്റെ ശക്തിപ്രകടനം

Posted on: 29 Jan 2013
ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് ആദ്യമായി ഒരു വാനരസഞ്ചാരി ബഹിരാകാശം കറങ്ങിയെത്തി. പിഷ്ഗാം റോക്കറ്റില്‍ 120 കിലോമീറ്ററോളം ബഹിരാകാശത്ത് സഞ്ചരിച്ച കുരങ്ങന്‍ ജീവനോടെ മടങ്ങിയെത്തിയതായി ഇറാന്‍ പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അവകാശപ്പെട്ടു. സുരക്ഷാസജ്ജീകരണങ്ങള്‍ ഘടിപ്പിച്ച കുരങ്ങനെ റോക്കറ്റിലേക്ക് കൊണ്ടുപോകുന്ന ചിത്രം ഇറാന്‍ ടെലിവിഷന്‍ നല്‍കിയിരുന്നു.

ആണവായുധം വഹിക്കുന്നതിന് ആവശ്യമായ ദീര്‍ഘദൂര മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് ഇറാന്റെ ഈ ശ്രമങ്ങളെന്ന് പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലും ആരോപിക്കുന്നുണ്ട്. ഈ മിസൈല്‍ യുദ്ധമുഖത്ത് ഉപയോഗിക്കാനാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം ഇറാന്‍ നിഷേധിച്ചു. തങ്ങളുടെ ആണവപരിപാടി സമാധാന ആവശ്യം ലക്ഷ്യം വെച്ചുള്ളതാണെന്നും അവര്‍ അവകാശപ്പെടുന്നു.

1948-ല്‍ അമേരിക്കയാണ് ആദ്യമായി കുരങ്ങനെ ബഹിരാകാശത്തേക്കയച്ചത്. മനുഷ്യനെ അയയ്ക്കുന്നതിന് മുന്നോടിയായാണ് വാനരനെ ബഹിരാകാശദൗത്യം ഏല്‍പ്പിക്കുന്നത്. 2011-ല്‍ കുരങ്ങനെ ബഹിരാകാശത്തയയ്ക്കാനുള്ള ഇറാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. 2019-ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കുമെന്ന് പ്രസിഡന്‍റ് മഹമൂദ് അഹമ്മദി നെജാദ് രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ ആദ്യമായി ബഹിരാകാശത്തേക്ക് ഉപഗ്രഹം അയയ്ക്കുന്നത് 2009-ലാണ്. പിറ്റേവര്‍ഷം എലി, ആമ, മണ്ണിര എന്നിവയെ വിജയകരമായി ബഹിരാകാശത്തയച്ചു.
TAGS:
monkey into space  |  iran  |  space  |  science 


Stories in this Section