ലോകത്ത് 600 കോടി മൊബൈല്‍ വരിക്കാര്‍

Posted on: 12 Oct 2012
ലോകത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം 2011 അവസാനം 600 കോടി തികഞ്ഞതായി യു.എന്‍. ടെലകോം ഏജന്‍സി. അതുപ്രകാരമാണെങ്കില്‍, ഇപ്പോള്‍ ലോകത്തെ മൊത്തം മനുഷ്യരുടെ ഏതാണ്ട് അത്രയും എണ്ണം മൊബൈല്‍ വരിക്കാരും ഉണ്ടാകണം.

അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍സ് യൂണിയന്‍ (ഐ.ടി.യു) ആണ് മൊബൈല്‍ വരിക്കാരുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 155 രാജ്യങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠത്തിന്റെ റിപ്പോര്‍ട്ട്, 'മെഷറിങ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി 2012' (Measuring the Information Society 2012) എന്ന പേരിലാണ് പുറത്തിറക്കിയത്.

ഭൂമുഖത്തിപ്പോള്‍ ഏതാണ്ട് 700 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. അതില്‍ നൂറുകോടിയിലേറെയും ചൈനയിലാണ്. അതിനര്‍ഥം മൊത്തം മൊബൈല്‍ വരിക്കാരില്‍ നൂറുകോടിയിലേറെയും ചൈനയിലാണ് എന്നാണ്.

മൊബൈലിന്റെ മാത്രമല്ല, ആഗോളതലത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗവും ഐ.ടി.യു.പഠിക്കുകയുണ്ടായി. 2011 അവസാനം ലോകത്ത് ഏതാണ്ട് 200 കോടി പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടത്.

വികസിതരാഷ്ട്രങ്ങളില്‍ ഏതാണ്ട് 70 ശതമാനം പേര്‍ ഓണ്‍ലൈനിലെത്തുമ്പോള്‍, വികസ്വര രാഷ്ട്രങ്ങളില്‍ അത് 24 ശതമാനം മാത്രമാണ്.


Stories in this Section