പേഴ്‌സണല്‍ ഫോട്ടോഗ്രാഫിയുടെ മുഖംമിനുക്കാന്‍ 'മൊബി-ലെന്‍സ്'

Posted on: 12 Aug 2012


-സ്വന്തം ലേഖകന്‍
വിലകൂടിയ ക്യാമറ, വിവിധയിനം ലെന്‍സുകള്‍, ഫില്‍റ്ററുകള്‍, ഫോട്ടോയെടുക്കുന്നതിലെ വൈദഗ്ധ്യം....ഇതൊക്കെയായിരുന്നു ഒരുകാലത്ത് ഫോട്ടോഗ്രാഫറാകാന്‍ കൈമുതലായി വേണ്ടിയിരുന്നത്. ഡിജിറ്റല്‍ വിപ്ലവം അതൊക്കെ മാറ്റിമറിച്ചു. ആര്‍ക്കും ഫോട്ടോയെടുക്കാമെന്നു വന്നു. ഫിലം വേണ്ട, ഡെവലപ്‌മെന്റിന്റെ ചിലവ് ആവശ്യമില്ല, പ്രിന്റ് എടുക്കേണ്ട.

ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയെ പിന്തള്ളിക്കൊണ്ടാണ്, സ്മാര്‍ട്ട്‌ഫോണുകള്‍ വഴി പേഴ്‌സണല്‍ഫോട്ടോഗ്രാഫിയുടെ യുഗം പിറന്നത്. ആരുടെ പോക്കറ്റിലും ഒരു ക്യാമറയെന്നായി സ്ഥിതി. സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഫോട്ടോഗ്രാഫിയെ ജനകീയവത്ക്കരിച്ചു.

സ്മാര്‍ട്ട്‌ഫോണിലോ അല്ലെങ്കില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിലോ ഫോട്ടോടെയുത്ത്, ഡിജിറ്റല്‍ ഫില്‍റ്ററുകളുപയോഗിച്ച് നിമിഷങ്ങള്‍കൊണ്ട് അതിനെ പരിഷ്‌ക്കരിച്ച്, ഫെയ്‌സ്ബുക്കിലും മറ്റും പങ്കുവെയ്ക്കാന്‍ 'ഇന്‍സ്റ്റഗ്രാം' (Instagram) പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി തുറന്നു.

അപ്പോഴും പക്ഷേ, പേഴ്‌സണല്‍ ഫോട്ടോഗ്രാഫിയുടെ മുഖ്യ പോരായ്മയായി ഒരു സംഗതി അവശേഷിച്ചു-മൊബൈലിലായാലും ടാബ്‌ലറ്റിലായാലും, പ്രൊഫഷണല്‍ ക്യാമറകളിലേതുപോലെ, വ്യത്യസ്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കുക അസാധ്യമാണ് എന്നത്.

ഇവേറ്റ് അല്ലാവേര്‍ഡിയന്‍, അരീസ് അല്ലാവേര്‍ഡിയന്‍


ആ പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരമാവുകയാണ്-വെറുമൊരു ക്ലിപ്പിന്റെ രൂപത്തില്‍! അമേരിക്കയില്‍ ലോസ് ആന്‍ജലിസിലുള്ള ഇവേറ്റ് അല്ലാവേര്‍ഡിയന്‍, അരീസ് അല്ലാവേര്‍ഡിയന്‍ എന്നീ സഹോദരങ്ങള്‍ വികസിപ്പിച്ച 'മൊബി-ലെന്‍സ്' (Mobi-Lens) എന്ന ചെറുഉപകരണമാണ്, പേഴ്‌സണല്‍ ഫോട്ടോഗ്രാഫിക്ക് പുതിയ മുഖം നല്‍കാന്‍ പോകുന്നത്.

ഒരു ടു-ഇന്‍-വണ്‍ ഉപകരണമാണ് മൊബി-ലെന്‍സ്. വെറും നിമിഷങ്ങള്‍ക്കൊണ്ട് മൊബൈല്‍ ക്യാമറയില്‍ ഫിഷ്‌ഐ ലെന്‍സോ, മാക്രോ ലെന്‍സോ ഘടിപ്പിക്കാന്‍ ക്ലിപ്പിന്റെ ആകൃതിയുള്ള ഈ ഉപകരണം സഹായിക്കും. വൈഡ് ആംഗിള്‍ ചിത്രങ്ങളോ, ക്ലോസപ്പുകളോ പകര്‍ത്താന്‍ അനായാസം സഹായിക്കും.

ആപ്പിളിന്റേതെന്നോ, ആന്‍ഡ്രോയിഡ് എന്നോ വ്യത്യാസമില്ലാതെ, ഏതുതരം സ്മാര്‍ട്ട്‌ഫോണുകളുമായും ടാബ്‌ലറ്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മൊബി-ലെന്‍സിന് സാധിക്കും. ഐഫോണായാലും എച്ച്.ടി.സി.യുടെയോ സാംസങിന്റെയോ ഫോണായാലും ബ്ലാക്ക്ബറി ഫോണായാലും വ്യത്യാസമില്ല. ലാപ്‌ടോപ്പിലെ വെബ്ക്യാമില്‍ പോലും ഈ ഉപകരണം ഘടിപ്പിക്കാനാകും.


മൊബി-ലെന്‍സ് ലളിതമായി നിങ്ങളുടെ മൊബൈല്‍ ഉപകരണത്തില്‍ ക്ലിപ്പ് ചെയ്യുക. ക്യാമറ ലെന്‍സില്‍ കൃത്യമായി ചേര്‍ന്നിരിക്കത്തക്ക വിധം അത് അനാസായം ക്രമീകരിക്കാനാകും. ഫോണുകള്‍ക്ക് വ്യത്യസ്ത കനമാണുള്ളതെങ്കിലും, ക്ലിപ്പ് സുരക്ഷിതമായി പിടിച്ചിരുന്നുകൊള്ളുമെന്ന് ഇവേറ്റും അരീസും പറയുന്നു. എന്നാല്‍, അത് ഫോണിന്റെ പ്രതലത്തില്‍ പോറല്‍ വീഴ്ത്തുകയുമില്ല.

'കാഴ്ചയില്‍ ലളിതമെന്ന് തോന്നുന്ന ഈ ക്ലീപ്പുകള്‍, ഫോണുകളുപയോഗിച്ച് ചിത്രങ്ങളെടുക്കുന്ന നമ്മുടെ രീതിയെ തന്നെ വിപ്ലവകരമായി മാറ്റും'-ഗാജിറ്റ്‌സ് ഡോട്ട് കോം സൈറ്റ് അഭിപ്രായപ്പെടുന്നു.

നവീന ആശയങ്ങള്‍ നടപ്പിലാക്കാന്‍ സഹായിക്കുന്ന 'കിക്ക്സ്റ്റാര്‍ട്ടര്‍' വെബ്ബ് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ് ഇവേറ്റും ആരീസും. മിതമായ വിലയ്ക്ക് മൊബി-ലെന്‍സ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 34000 ഡോളര്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. ഇതുവരെ 11000 ഡോളര്‍ ഈ പദ്ധതിക്കായി ലഭിച്ചു.
Stories in this Section