ശരീരം തളര്‍ന്നവര്‍ക്ക് അനുഗ്രഹമാകാന്‍ മനസുകൊണ്ട് നിയന്ത്രിക്കാവുന്ന യന്ത്രക്കരം

Posted on: 17 Dec 2012


-സ്വന്തം ലേഖകന്‍മനസുകൊണ്ട് നിയന്ത്രിക്കുന്ന യന്ത്രക്കരമുപയോഗിച്ച് ചോക്കളേറ്റ് കടിക്കുന്ന ജാന്‍. കാലിനോ കൈയ്‌ക്കോ ചലനശേഷിയില്ലാതെ കഴിയുന്ന വ്യക്തിയാണ് ഈ 52-കാരി (ചിതം കടപ്പാട് : UPMC)


മനസാണ് ശരീരത്തെ നിയന്ത്രിക്കുന്നത്. കാലും കൈയും ചലിപ്പിക്കുന്നതും മനസിന്റെ നിയന്ത്രണത്താലാണ്. അത്തരത്തില്‍ മനസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്ന യന്ത്രക്കരം യാഥാര്‍ഥ്യമായാലോ! രോഗങ്ങളാലും പരിക്കു മൂലവും കൈകളുടെ ചലനശേഷി നഷ്ടമായവര്‍ക്കും കൈകള്‍ നഷ്ടമായവര്‍ക്കും അത് വലിയ അനുഗ്രഹമാകും.

അമേരിക്കയില്‍ 13 വര്‍ഷമായി ശരീരം തളര്‍ന്ന് കഴിയുന്ന ജാന്‍ എന്ന സ്ത്രീക്ക്, മനസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യന്ത്രക്കരം ചലിപ്പിക്കാന്‍ കഴിയുന്നതായി യു.എസ്.ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. 'ടെട്രാപ്ലെഗിയ' (tetraplegia) എന്ന ആരോഗ്യപ്രശ്‌നത്തിന്റെ ഭാഗമായി കഴുത്തിന് താഴേക്ക് ശരീരം തളര്‍ന്ന അവസ്ഥയിലാണ് ആ 52-കാരി.

ശരീരം തളര്‍ന്ന ജാനിന്റെ മസ്തിഷ്‌ക്കത്തില്‍, മോട്ടോര്‍ കോര്‍ട്ടക്‌സ് ഭാഗത്തെ വിചാരതരംഗങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍ രണ്ട് മൈക്രോഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

പരീക്ഷണശാലയില്‍ വെച്ച് 13 ആഴ്ചകൊണ്ട്, തന്റെ വിചാരങ്ങള്‍ക്കനുസരിച്ച് റോബോട്ടിക് കരം ചലിപ്പിക്കാനും നിയന്ത്രിക്കാനും ജാന്‍ പരിശീലിച്ചു. ആരോഗ്യമുള്ള കെയ്ക്ക് മേലുള്ള നിയന്ത്രണവും ചലനശേഷിയും, വിചാരവീചികള്‍കൊണ്ട് യന്ത്രക്കരത്തിന് മേല്‍ അവര്‍ ആര്‍ജിച്ചതായി, പഠനത്തിന് നേതൃത്വം നല്‍കുന്ന പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ.ആന്‍ഡ്രൂ ഷ്വാര്‍ട്‌സ് അറിയിച്ചു.

ആരോഗ്യമുള്ള ഒരാളില്‍ കരചലനത്തിന് മസ്തിഷ്‌ക്കമുപയോഗിക്കുന്ന പ്രക്രിയയെ ആല്‍ഗരിതം വഴി അനുകരിക്കുകയാണ്, യന്ത്രക്കരത്തിന്റെ കാര്യത്തില്‍ ഗവേഷകര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

യന്ത്രക്കരമുപയോഗിച്ച് വിവിധ ആകൃതിയും വലിപ്പവുമുള്ള വസ്തുക്കളെ എടുക്കാനും ഉദ്ദേശിച്ചതുപോലെ ചലിപ്പിക്കാനും ക്രമേണ ജാനിന് സാധിച്ചു. അക്കാര്യത്തില്‍ അവരുടെ വിജയനിരക്ക് 91.6 ശതമാനമാണ്.

മസ്തിഷ്‌ക്ക/കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസിന്റെ വിദഗ്ധമായ ഉപയോഗമാണ് ഈ യന്ത്രക്കരത്തിന്റെ കാര്യത്തില്‍ സാധ്യമായതെന്ന്, പഠനത്തില്‍ ഉള്‍പ്പെട്ട മൈക്കല്‍ ബോനിങെര്‍ അറിയിച്ചു. 'ലാന്‍സെറ്റ്' ജേര്‍ണലിലാണ് ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ടെട്രാപ്ലെഗിയ പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, കൈകള്‍ നഷ്ടപ്പെട്ടവര്‍ക്കും ചുറ്റുമുള്ള ലോകവുമായി സാധാരണപോലെ ഇടപെടാന്‍ ഒരുപരിധി വരെ അവസരമൊരുക്കുന്നതാണ് തങ്ങളുടെ മുന്നേറ്റമെന്ന് ഗവേഷകര്‍ പറയുന്നു.


Stories in this Section