സര്‍ഫേസ് ടാബ്‌ലറ്റുമായി മൈക്രോസോഫ്റ്റ്‌

Posted on: 19 Jun 2012


-പി.എസ്.രാകേഷ്‌
സര്‍ഫേസ് എന്ന പേരിലൊരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറങ്ങിയതാണ് ലോകമെങ്ങുമുള്ള ടെക്‌നോളജി വെബ്‌സൈറ്റുകളിലെ ഇന്നത്തെ പ്രധാന തലക്കെട്ട്. 24 മണിക്കൂറും രാഷ്ട്രീയവിവാദങ്ങള്‍ മാത്രം വിളമ്പുന്ന നമ്മുടെ നാട്ടിലെ ടി.വി. ചാനലുകള്‍ പോലും ഈ വാര്‍ത്ത പ്രധാന്യത്തോടെ അവതരിപ്പിച്ചു. കുടില്‍വ്യവസായം പോലെ വിലകുറഞ്ഞ പുതുപുത്തന്‍ ടാബ്‌ലറ്റുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സര്‍ഫേസിന് മാത്രമെന്താ ഇത്ര പ്രാധാന്യമെന്ന് ആരും സംശയിച്ചുപോകും. എന്നാല്‍ സര്‍ഫേസിന്റെ മുതലാളി സാക്ഷാല്‍ മൈക്രോസോഫ്റ്റ് ആണെന്നറിയുമ്പോഴേ സംഗതിയുടെ ഗൗരവം ശരിക്കും പിടികിട്ടൂ.


മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്‌വേര്‍ കമ്പനിയെയും അതിന്റെ ഉടമ ബില്‍ ഗേറ്റ്‌സിനെയും കുറിച്ച് സ്‌കൂള്‍കുട്ടികള്‍ക്കു പോലുമറിയാം. മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമായ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നവയാണ് ലോകത്തെ വലിയൊരു പങ്ക് കമ്പ്യൂട്ടറുകളും. എന്നാല്‍ 1975 എപ്രില്‍ നാലിന് സ്ഥാപിക്കപ്പെട്ട കമ്പനി ഇതുവരെ ഹാര്‍ഡ്‌വേര്‍ രംഗത്തേക്ക് കാര്യമായി പ്രവേശിച്ചിരുന്നില്ല. മ്യൂസിക് പ്ലെയറായ സൂണ്‍ പോലുള്ള ചിലത് മാത്രമാണ് അപവാദം.

സ്വന്തം സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിപ്പിക്കാനായി കമ്പ്യൂട്ടര്‍ നിര്‍മിക്കണമെന്ന് മൈക്രോസോഫ്റ്റിന് ഇതുവരെ തോന്നിയിട്ടില്ല. എന്നാല്‍ കീഴ്‌വഴക്കങ്ങളും മുന്‍ധാരണകളുമെല്ലാം കാറ്റില്‍ പറത്തി മൈക്രോസോഫ്റ്റ് സ്വന്തമായൊരു കമ്പ്യൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നു. അവനാണ് സര്‍ഫേസ് ടാബ്‌ലറ്റ്. ലോകം മുഴുവനുമുളള വാര്‍ത്താമാധ്യമങ്ങള്‍ സര്‍ഫേസിന്റെ വര് ആഘോഷിക്കുന്നതിന്റെ കാരണവും ഇതുതന്നെ.


ലോസ് ആന്‍ജലസില്‍ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീവ് ബാല്‍മറാണ് സര്‍ഫേസ് അവതരിപ്പിച്ചത്. വിന്‍ഡോസ് 8 ഒ.എസ് ഉപയോഗിക്കുന്ന ആദ്യ കമ്പ്യൂട്ടറാണിത്. 10.6 ഇഞ്ച് ഡിസ്‌പ്ലേ, പോറല്‍ വീഴാത്ത ഗോറില്ല ഗ്ലാസ്, ബില്‍ട്ട് ഇന്‍ കിക്ക്‌സ്റ്റാന്‍ഡ്, മള്‍ട്ടിടച്ച് കീബോര്‍ഡ് എന്നിവയാണ് സര്‍ഫേസിന്റെ പ്രധാനസവിശേഷതകള്‍. 676 ഗ്രാം ഭാരവും 9.3 മില്ലിമീറ്റര്‍ കട്ടിയുമുള്ള ടാബ്‌ലറ്റാണത്. ആപ്പിള്‍ ഐപാഡിന്റെ ഭാരം 652 ഗ്രാമും ഘനം 9.4 മില്ലിമീറ്ററുമാണെന്നോര്‍ക്കുക.


മൈക്രോസോഫ്റ്റിന്റെ ഓഫീസ് പ്രോഗ്രാമുകളും ഫോട്ടോഷോപ്പും ഇന്‍ബില്‍ട്ട് ആയി സര്‍ഫേസില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കും. രണ്ടു തരത്തിലുള്ള കവറുകളാണ് 'സേര്‍ഫസ്' ടാബ്‌ലറ്റിന്റെ മറ്റൊരു പ്രത്യേകത. ടൈപ്പ് ചെയ്യുന്നത് സ്‌ക്രീനിന് പിടിച്ചെടുക്കാന്‍ കഴിയുന്ന ടച്ച് കവറും ഒരു പൂര്‍ണകീബോര്‍ഡായി പ്രവര്‍ത്തിപ്പിക്കാവുന്ന ടൈപ്പ് കവറും ടാബ്‌ലറ്റിനൊപ്പം ലഭിക്കും. ടാബ്‌ലറ്റുകളിലെ പ്രധാന ന്യൂനതയായ കീബോര്‍ഡിന്റെ അഭാവം നികത്താന്‍ സര്‍ഫേസിനാകുമെന്നു ചുരുക്കം. ടാബ്‌ലറ്റിനെ കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ പോെലയാക്കി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ബില്‍ട്ട് ഇന്‍ കിക്ക്‌സ്റ്റാന്‍ഡും സര്‍ഫേസിനുണ്ട്.


സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണ്‍, വീഡിയോകോളിങിനായി ക്യാമറ, യുഎസ്ബി. പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്‌ലോട്ട്, മൈക്രോ എച്ച്ഡി വീഡിയോ കണക്ടര്‍ എന്നിവയും സര്‍ഫേസിലുണ്ട്. ഇന്റല്‍ പ്രൊസസറിലും എ.ആര്‍.എം. പ്രൊസസറിലും പ്രവര്‍ത്തിക്കുന്ന സര്‍ഫേസിന്റെ രണ്ടു മോഡലുകള്‍ പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റലിനെ അപേക്ഷിച്ച് എ.ആര്‍.എം. പ്രൊസസറുകള്‍ക്ക് വില കുറവായതിനാല്‍ ടാബ്‌ലറ്റ് മോഡലിനും വില കുറയും. അതുകൊണ്ടുതന്നെ എല്ലാതരം ആളുകളെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നുറപ്പ്.

മൂന്ന് മാസത്തിനുള്ളില്‍ സര്‍ഫേസ് ടാബ്‌ലറ്റുകള്‍ ലോകമെങ്ങും ലഭിച്ചുതുടങ്ങുമെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ നല്‍കുന്ന സൂചന. ഈ ടാബ്‌ലറ്റുകള്‍ക്ക് എന്തുവില വരുമെന്ന ചോദ്യത്തിന് വിപണിയിലെത്തും വരെ കാത്തിരിക്കുക എന്നതായിരുന്നു മറുപടി.TAGS:
microsotf  |  surface  |  tablet computers  |  windows 8 


Stories in this Section