വിന്‍ഡോസ് 8 ന്റെ ചുമതലക്കാരന്‍ മൈക്രോസോഫ്റ്റ് വിടുന്നു

Posted on: 13 Nov 2012
വിന്‍ഡോസ് 8 ന്റെ ചുമതലക്കാരന്‍ സ്റ്റീവന്‍ സിനോഫ്‌സ്‌കി മൈക്രോസോഫ്റ്റ് വിടുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി മൂന്നാഴ്ച തികയുംമുമ്പാണ്, ആ ഒഎസിന്റെ അമരക്കാരന്‍ കമ്പനിയോട് വിടവാങ്ങുതായുള്ള വാര്‍ത്ത എത്തുന്നത്.

സിനോഫ്‌സ്‌കി വിടവാങ്ങുന്ന വിവരം തിങ്കളാഴ്ചയാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയത്. പ്രതീക്ഷിച്ചത്ര വില്‍പ്പന വിന്‍ഡോസ് 8 ന് ഇല്ലാത്തതാകാം ഇതിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

വിന്‍ഡോസ് 8
ന്റെയും അതിന്റെ പുതിയ ഇന്റര്‍ഫേസിന്റെയും പ്രതിനിധിയായി ലോകം കണ്ടിരുന്നത് സിനോഫ്‌സ്‌കിയെയാണ്. വിന്‍ഡോസ് 8 ന്റെ വികസനം സംബന്ധിച്ച് തുടര്‍ച്ചയായി അദ്ദേഹം ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2012 ഒക്ടോബര്‍ 26 നാണ് വിന്‍ഡോസ് 8 വിപണിയിലെത്തിയത്.

സിനോഫ്‌സ്‌കി വഹിച്ചിരുന്ന ഉത്തരവാദിത്വം ഇനി ജൂലി ലാര്‍സണ്‍-ഗ്രീനിനായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 7 രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച എന്‍ജിനിയറായിരുന്നു ജൂലി. വിന്‍ഡോസിന്റെ ബിസിനസ് കാര്യങ്ങള്‍ സി.എഫ്.ഒ.ടാമി റില്ലെര്‍ നോക്കും.

എന്തുകൊണ്ട് സിനോഫ്‌സ്‌കി പോകുന്നു എന്നകാര്യം മൈക്രോസോഫ്റ്റ് പറഞ്ഞില്ല. അദ്ദേഹം ഇതുവരെ ചെയ്ത കാര്യങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് മേധാവി സ്റ്റീവ് ബാല്‍മെര്‍ നന്ദി പ്രകാശിപ്പിച്ചു.

സിനോഫ്‌സ്‌കിയും മൈക്രോസോഫ്റ്റ് എക്‌സിക്യുട്ടീവിലെ മറ്റ് അംഗങ്ങളും തമ്മില്‍ ആശയസംഘര്‍ഷം നിലനിന്നിരുന്നതായും, കൂട്ടായ പ്രവര്‍ത്തനത്തില്‍ സഹകരിച്ചു പോകുന്ന രീതിയല്ല സിനോഫ്‌സ്‌കിയുടേതെന്നും 'ഓള്‍ തിങ്‌സ് ഡി ബ്ലോഗ്' (All Things D blog) പറയുന്നു.

'പ്രസിഡന്റ് ഓഫ് വിന്‍ഡോസ് ആന്‍ഡ് വിന്‍ഡോസ് ലൈവ്' എന്നതായിരുന്നു മൈക്രോസോഫ്റ്റില്‍ സിനോഫ്‌സ്‌കിയുടെ ഔദ്യോഗിക പദവി. കമ്പനി പുറത്തിറക്കിയ 'സര്‍ഫേസ്' ടാബ്‌ലറ്റ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് സിനോഫ്‌സ്‌കിയാണ്. മാത്രമല്ല, ആം (ARM) അധിഷ്ഠിത പ്രൊസസറുകള്‍ക്ക് ചേര്‍ന്ന വിധത്തില്‍ വിന്‍ഡോസ് വേര്‍ഷന്‍ വരുന്ന കാര്യം രണ്ടുവര്‍ഷംമുമ്പ് സിനോഫ്‌സ്‌കി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

പരസ്പര ധാരണ പ്രകാരമാണ് സിനോഫ്‌സ്‌കി മൈക്രോസോഫ്റ്റ് വിടുന്നത്. തന്റെ മുന്‍കമ്പനിയെക്കുറിച്ച് നല്ലതു മാത്രമേ സിനോഫ്‌സ്‌കിക്ക് പറയാനുള്ളു. 'മൈക്രോസോഫ്റ്റില്‍ ചിലവിട്ട വര്‍ഷങ്ങളില്‍ എത്രമാത്രം അനുഗ്രങ്ങള്‍ ഞാന്‍ അനുഭവിച്ചുവെന്ന് കണക്കുകൂട്ടുക അസാധ്യമാണ്'-ഒരു പ്രസ്താവനയില്‍ സിനോഫ്‌സ്‌കി പറഞ്ഞു.

ടെക്‌നോളജി രംഗത്തെ മറ്റൊരു ഭീമനായ ആപ്പിളിലും ഏതാണ്ട് സമാനമായ സ്ഥാനചലനങ്ങളുണ്ടായ സമയമാണിത്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചുമതലക്കാരന്‍ സ്‌കോട്ട് ഫോര്‍സ്റ്റാള്‍, റീട്ടെയ്ല്‍ മേധാവി ജോണ്‍ ബ്രൊവെറ്റ് എന്നിവര്‍ ആപ്പിള്‍ വിടുന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. ആപ്പിളിന്റെ പുതിയ മാപ്പിങ് സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരും കമ്പനി വിടുന്ന സാഹചര്യം സൃഷ്ടിച്ചത്.

മൈക്രോസോഫ്റ്റിലും ആപ്പിളിലും മാത്രമല്ല, മറ്റൊരു പ്രധാന കമ്പനിയായ യാഹൂ പുതിയ മേധാവിയെ നിയമിച്ചതും അടുത്തയിടെയാണ്. യാഹൂവിന്റെ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ടത്, 'ഗൂഗിളിന്റെ പ്രഥമ വനിത' എന്നറിയപ്പെട്ടിരുന്ന മരിസ മേയറാണ്.

ബിസിനസ് മാതൃകകള്‍ മാറുന്നു, പ്രതീക്ഷിക്കാത്ത കോണുകളില്‍നിന്ന് പുതിയ മത്സരം വരുന്നു, സാമ്പത്തിക വെല്ലുവിളികള്‍ കൂടുതല്‍ കടുത്തതാകുന്നു. ഈ സാഹചര്യത്തോട് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാ വന്‍കിട കമ്പനികളുമെന്ന്, ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവനിലെ വിദഗ്ധന്‍ മനോജ് മേനോന്‍ ബി.ബി.സിയോട് പറഞ്ഞു. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സ്ഥാനചലനങ്ങളും.
TAGS:
microsoft  |  windows  |  steven sinofsky  |  windows 8  |  operating system 


Stories in this Section