വിന്‍ഡോസ് 8 എത്തി: ഇന്ത്യയില്‍ 699 രൂപ മുതല്‍

Posted on: 26 Oct 2012


-സ്വന്തം ലേഖകന്‍
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8 വിപണിയിലെത്തി. ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക പരിപാടിയിലാണ് പുതിയ വിന്‍ഡോസ് അവതരിപ്പിക്കപ്പെട്ടത്. വെള്ളിയാഴ്ച ഇന്ത്യയിലും വിന്‍ഡോസ് 8 ലഭ്യമായി. 699 രൂപ മുതലാണ് വിന്‍ഡോസ് 8 ന് ഇന്ത്യയില്‍ വില.

ഡെല്‍, ഏസര്‍, എച്ച്‌സിഎല്‍, എച്ച് പി, ലെനോവൊ, സാംസങ്, സോണി, തോഷിബ, വിപ്രോ, സെനിത്, ഫ്യുജിറ്റ്‌സ്യു എന്നിങ്ങനെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന 250 ഓളം വ്യത്യസ്ത വിന്‍ഡോസ് 8 ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്ന്, മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്‌കര്‍ പ്രമാണിക് പ്രസ്താവനയില്‍ പറഞ്ഞു.

വിന്‍ഡോസ് 8 ലോഡ് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനൊപ്പം, നിലവിലുള്ള വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 കമ്പ്യൂട്ടറുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയുമാകാം.

അപ്‌ഗ്രേഡിന് ഓണ്‍ലൈന്‍ വഴി വിന്‍ഡോസ് 8 പ്രോ (Windows 8 Pro) ഡൗണ്‍ലോഡ് ചെയ്യാന്‍ 1999 രൂപ മതി. എന്നാല്‍, ഡിവിഡി അപ്‌ഗ്രേഡ് വേണമെങ്കില്‍ 3499 രൂപ മുടക്കണം. 2013 ജനവരി 31 വരെയാണ് ഈ ഓഫര്‍. അതുകഴിഞ്ഞാല്‍ വിന്‍ഡോസ് 8 ഒഎസിന് ഏതാണ്ട് 11,000 രൂപ വില വരുമെന്നാണ് കരുതുന്നത്.

അതേസമയം, 2012 ജൂണ്‍ രണ്ടിന് ശേഷം വാങ്ങിയ ഏത് വിന്‍ഡോസ് 7 പിസിയും 2013 ജനവരി 31 വരെ 699 രൂപ മുടക്കി വിന്‍ഡോസ് 8 പ്രോയിലേക്ക് ഓണ്‍ലൈന്‍ വഴി അപ്‌ഗ്രേഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് www.windowsupgradeoffer.com കാണുക.

ഇരട്ടമുഖം

ശരിക്കും ഇരട്ടമുഖമാണ് വിന്‍ഡോസ് 8 ന്റേത്. മൗസും കീബോര്‍ഡുമുപയോഗിക്കുന്ന പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും, ടച്ച്‌സ്‌ക്രീന്‍ ഉള്ള ടാബ്‌ലറ്റിനും ഉപയോഗിക്കാം. വിന്‍ഡോസ് 8 (Windows 8) ഡെസ്‌ക്‌ടോപ്പിനും, വിന്‍ഡോസ് ആര്‍.ടി (Windows RT) ടച്ച്‌സ്‌ക്രീനിനും.


വിന്‍ഡോസിന്റെ ആദ്യപതിപ്പായ വിന്‍ഡോസ് 1.0 അവതരിപ്പിക്കപ്പെട്ടിട്ട് ഏതാണ്ട് 27 വര്‍ഷം തികയുന്ന സമയത്താണ് വിന്‍ഡോസ് 8 എത്തുന്നത്. എം.എസ്.ഡോസിന്റെ സ്വാധീനത്തില്‍നിന്ന് വിന്‍ഡോസിനെ മുക്തമാക്കിയ വിന്‍ഡോസ് 95 ന് ശേഷം, ആ ഒഎസിന് സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് വിന്‍ഡോസ് 8 ലേത്.

ആഗോളതലത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗത്ത് വന്‍സ്വാധീനം ചെലുത്താന്‍ മൈക്രോസോഫ്റ്റിനെ പ്രാപ്തമാക്കിയത് 1995 ല്‍ പുറത്തുവന്ന വിന്‍ഡോസ് 95 പതിപ്പായിരുന്നു. അതേസമയം, കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗത്തിലേക്ക് (ടാബ്‌ലറ്റുകള്‍ വഴി മൊബൈല്‍ കമ്പ്യൂട്ടിങിലേക്ക്) പ്രവേശിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ഉറച്ച തീരുമാനമാണ് വിന്‍ഡോസ് 8 വിളിച്ചോതുന്നത്.

പഴയ വിന്‍ഡോസ് പതിപ്പുകളില്‍നിന്ന് വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നതോടെ, കമ്പ്യൂട്ടറുകളുടെ പ്രകടനം മികച്ചതായി മാറുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. അതോടെ, കമ്പ്യൂട്ടറിന്റെ ബാറ്ററിലൈഫ് വര്‍ധിക്കുകയും, മെമ്മറി ഉപയോഗം കുറയുകയും, ബൂട്ടിങ് വേഗത്തിലാവുകയും ചെയ്യും.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി വികസിപ്പിച്ചിട്ടുള്ള വിന്‍ഡോസ് ആര്‍.ടി. സ്വതന്ത്രമായി വാങ്ങാന്‍ കിട്ടില്ല. ഉപകരണങ്ങളില്‍ ലോഡ് ചെയ്ത നിലയ്‌ക്കേ അത് ലഭിക്കൂ. വിന്‍ഡോസ് ആര്‍.ടി.ടാബ്‌ലറ്റുകളുടെ ഗുണനിലവാരത്തിന്റെ നിയന്ത്രണം ഒരു പരിധിവരെ മൈക്രോസോഫ്റ്റ് നേരിട്ട് നിര്‍വഹിക്കും.

'വിന്‍ഡോസ് ആപ് സ്റ്റോറി'ല്‍ നിന്നുള്ള ആപ്ലിക്കേഷനുകള്‍ മാത്രമേ വിന്‍ഡോസ് ആര്‍.ടി.യില്‍ പ്രവര്‍ത്തിക്കൂ. മാത്രമല്ല, മൈക്രോസോഫ്റ്റ് ഓഫീസ് വേര്‍ഷന്‍ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ടാകും. അതേസമയം, വിന്‍ഡോസ് 8 ല്‍ സ്‌റ്റോറില്‍ നിന്നുള്ള ആപ്‌സുകള്‍ കൂടാതെ, വിന്‍ഡോസ് 7 കമ്പ്യൂട്ടറില്‍ ഉപയോഗത്തിലിരുന്ന ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

RT for 'Run Time'
'Run Time' എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍.ടി. വിന്‍ഡോസ് ഫോണ്‍ സോഫ്ട്‌വേറിന്റെ ടാബ്‌ലറ്റുകള്‍ക്കായി ഓപ്ടിമൈസ് ചെയ്ത വകഭേദമാണ് വിന്‍ഡോസ് ആര്‍.ടി. എന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. മാത്രമല്ല, ആം (ARM) മൊബൈല്‍ ചിപ്പുകളാകും വിന്‍ഡോസ് ആര്‍.ടി.ടാബ്‌ലറ്റുകള്‍ക്ക് കരുത്തുപകരുക.

വിന്‍ഡോസ് ആര്‍.ടി.പ്രവര്‍ത്തിക്കാന്‍ ചില സ്‌പെസിഫിക്കേഷനുകളും മൈക്രോസോഫ്റ്റ് നിശ്ചയിച്ചിട്ടുണ്ട്. വിന്‍ഡോസ് ആര്‍.ടി. ടാബ്‌ലറ്റുകളുടെ സ്‌ക്രീന്‍ റിസല്യൂഷണ്‍ 1366 x 768 ആയിരിക്കണം എന്നതാണ് അതിലൊന്ന്. ബില്‍ട്ടിന് സ്‌റ്റോറേജ് കുറഞ്ഞത് 10 ജിബി ആവശ്യമാണ്. ആക്‌സലെറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, 720പി റിസല്യൂഷണ്‍ ക്യാമറ എന്നിവയും കൂടിയേ തീരൂ. പൂര്‍ണരൂപത്തില്‍ ഒരു യുഎസ്ബി പോര്‍ട്ടെങ്കിലും വേണം. ബ്ലൂടൂത്ത് 4.0 ന്റെ പിന്തുണയും ആവശ്യമാണ്.

മുമ്പത്തെ വിന്‍ഡോസ് പതിപ്പുകളില്‍നിന്ന് വിന്‍ഡോസ് 8 നുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അതിന്റെ 'സ്റ്റാര്‍ട്ട് സ്‌ക്രീന്‍ ഇന്റര്‍ഫേസ്' (Start screen interface) ആണ്. വിന്‍ഡോസിലെ പരിചിതമായ സ്റ്റാര്‍ട്ട് ബട്ടണ്‍ വിന്‍ഡോസ് 8 ല്‍ ഇല്ല. ഹോംസ്‌ക്രീനില്‍ ടൈലുകളായാണ് പ്രോഗ്രാമുകള്‍ പ്രത്യക്ഷപ്പെടുക. വിന്‍ഡോസ് ഫോണ്‍ ഫീച്ചറില്‍നിന്ന് കടംകൊണ്ട ഡിസൈനാണത്.

ഹോംസ്‌ക്രീനിലെ ടൈല്‍ ഡിസൈന് 'മെട്രോ' എന്നാണ് മുമ്പ് പേരിട്ടിരുന്നതെങ്കിലും, ചില നിയമപ്രശ്‌നങ്ങള്‍ മൂലം അത് മൈക്രോസോഫ്റ്റിന് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ അതിനെ 'വിന്‍ഡോസ് യൂസര്‍ ഇന്റര്‍ഫേസ്' എന്ന് വിളിക്കുന്നു.

ടാബ്‌ലറ്റുകള്‍ക്കായി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണ് വിന്‍ഡോസ് ആര്‍.ടി. എങ്കിലും, വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളും ഉണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വന്തം ടാബ്‌ലറ്റായ 'സര്‍ഫേസ്' (Surface) തന്നെ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും-വിന്‍ഡോസ് ആര്‍.ടി.യിലും വിന്‍ഡോസ് 8 ലും.
TAGS:
microsoft  |  windows 8  |  os  |  windows rt  |  surface  |  tablet computers 


Stories in this Section