ഡിജിറ്റ്‌സ് - കൈകളെ മാന്ത്രികമാക്കാന്‍ മൈക്രോസോഫ്റ്റിന്റെ വിദ്യ

Posted on: 09 Oct 2012


-സ്വന്തം ലേഖകന്‍
ഇന്ദ്രജാലം കാട്ടുന്നവരുടെ മുഖ്യ ആയുധം അവരുടെ കൈകളാണ്. കൈകളുടെ ചലനങ്ങള്‍കൊണ്ട് അത്ഭുതവിദ്യകള്‍ അവര്‍ പുറത്തെടുക്കുന്നു.

ഡിജിറ്റല്‍ലോകത്ത് ഇത്തരമൊന്ന് സാധ്യമാകുമെന്ന് കാട്ടിത്തരികയാണ് മൈക്രസോഫ്റ്റ്. കൈയുടെ ചലനംകൊണ്ട് കമ്പ്യൂട്ടറിനെയും സ്മാര്‍ട്ട്‌ഫോണിനെയും മാത്രമല്ല, കമ്പ്യൂട്ടര്‍ ഗെയിമിലെ ഉപകരണങ്ങള്‍ വരെ നിയന്ത്രിക്കാനുള്ള വിദ്യ. 'ഡിജിറ്റ്‌സ്' (Digits) എന്നാണ് ആ മാന്ത്രകസങ്കേതത്തിന് പേരിട്ടിരിക്കുന്നത്.

കൈത്തണ്ടയില്‍ കെട്ടുന്ന ഒരു സെന്‍സറാണ് ഡിജിറ്റ്‌സിന്റെ മുഖ്യഭാഗം. യൂസറിന്റെ കരചലനങ്ങളുടെ ത്രിഡി മാതൃകകള്‍ തത്സമയം സൃഷ്ടിക്കാന്‍ ഈ സെന്‍സര്‍ സഹായിക്കുന്നു.

ഭാവിയില്‍ ആംഗ്യങ്ങള്‍കൊണ്ട് കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും അടക്കം ഒട്ടേറെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ വഴിയൊരുക്കുന്ന സാങ്കേതികവിദ്യയാണിതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഡിജിറ്റ്‌സിന്റെ പ്രാഥമിക രൂപമാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്.

സെന്‍സര്‍ ഘടിപ്പിച്ച കൈയുറകളെക്കാള്‍ സൗകര്യപ്രദമാണ് പുതിയ ഉപകരണമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. എന്നാല്‍, ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആളുകള്‍ ഇത്തരം ഉപകരണം കൈത്തണ്ടയില്‍ അണിയുമോ എന്നാണ് പലര്‍ക്കും സംശയം.


കേംബ്രിഡ്ജ് സര്‍വകലാശാലയിലെ മൈക്രോസോഫ്റ്റിന്റെ കമ്പ്യൂട്ടര്‍ സയന്‍സ് ലബോറട്ടറി (Microsoft Research)യാണ് ഡിജിറ്റ്‌സ് സെന്‍സര്‍ രൂപപ്പെടുത്തിയത്. ന്യൂകാസില്‍ സര്‍വകലാശാല, ക്രിറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സഹായവും പദ്ധതിക്കുണ്ടായിരുന്നു.

മസാച്യൂസെറ്റ്‌സില്‍ നടന്ന ഒരു സമ്മേളനത്തിലാണ് ഡിജിറ്റ്‌സ് സെന്‍സര്‍ അവതരിപ്പിക്കപ്പെട്ടത്. ക്യാമറ അടിസ്ഥാനമായുള്ള ഒരു സെന്‍സറാണ് ഡിജിറ്റ്‌സില്‍ ഉപയോഗിക്കുന്നത്. കരചലനത്തെ തത്സമയം വിശകലനം ചെയ്ത്, യൂസറുടെ കരചലനം എന്താണ് അര്‍ഥമാക്കുന്നതെന്ന് മനസിലാക്കിയെടുക്കാന്‍ അതിന് സാധിക്കുന്നു.

ഇന്‍ഫ്രാറെഡ് ലേസര്‍ കിരണങ്ങളാണ് സെന്‍സറിനായി ഡിജിറ്റ്‌സില്‍ ഉപയോഗിക്കുന്നത്. കൈയുടെ ചലനം വ്യക്തമായി പിടിച്ചെടുക്കാനായി എല്‍.ഇ.ഡികളും ഉപയോഗിക്കുന്നു.

ബാഹ്യമായ ഒരു സംവിധാനവും ഡിജിറ്റ്‌സ് സെന്‍സര്‍ ഉപയോഗിക്കുന്നില്ല. എന്നുവെച്ചാല്‍, യൂസര്‍ എവിടെയെങ്കിലും അടങ്ങിയിരിക്കണമെന്ന് നിര്‍ബന്ധമില്ല. നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ ഡിജിറ്റല്‍ ലോകവുമായി ഇടപഴകാന്‍ ഡിജിറ്റ്‌സിന് കഴിയും - പ്രോജക്ട് മേധാവി ഡേവിഡ് കിം പറയുന്നു.

ഡിജിറ്റ്‌സിന്റെ പ്രാഥമികരൂപത്തില്‍ സെന്‍സറിന് വലിപ്പം കൂടുതലുണ്ട് എന്നത് പ്രശ്‌നമല്ല. കൈയില്‍ കെട്ടുന്ന വാച്ചിന്റെ വലിപ്പത്തിലേക്ക് ആത്യന്തികമായി അതെത്തുമെന്നാണ് പ്രതീക്ഷയെന്ന് കിം അറിയിച്ചു.Stories in this Section