6500 രൂപയ്ക്ക് എ68 സ്മാര്‍ട്ടി

Posted on: 20 Dec 2012


-പി.എസ്.രാകേഷ്‌രണ്ട് ബെഡ്‌റൂം, പൂന്തോട്ടം, കാര്‍ കയറ്റിയിടാനുള്ള സൗകര്യം, ബാത്ത് റൂം അറ്റാച്ച്ഡ്, എ.സി., പൂജാമുറി.. വീടന്വേഷിച്ചു വന്ന മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ഡിമാന്റുകള്‍ കേട്ട ബ്രോക്കര്‍ ബോബി കൊട്ടാരക്കര ഞെട്ടി. ഇത്തരമൊരു വീട് മാസം 150 രൂപ വാടകയ്ക്ക് കിട്ടണമെന്ന് കേട്ടപ്പോഴാണ് ബോബി ശരിക്കും തകര്‍ന്നുപോയത്. നാടോടിക്കാറ്റിലെ ഈ തകര്‍പ്പന്‍ ഹാസ്യ സീനിന്റെ പുതിയ വെര്‍ഷന്‍ ദിവസേന ലൈവായി കാണുന്നവരാണ് മൊബൈല്‍ കടയുടമകള്‍.

സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ വരുന്ന ചെത്തുപിള്ളേര്‍ സ്‌പെസിഫിക്കേഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. ആന്‍ഡ്രോയ്ഡ് 4.0 വെര്‍ഷന്‍, ത്രിജി, ക്വാഡ്‌കോര്‍ പ്രൊസസര്‍, അഞ്ചിഞ്ചില്‍ കുറയാത്ത ഡിസ്‌പ്ലേ, എട്ട് മെഗാപിക്‌സല്‍ ക്യാമറ... ഇതൊക്കെ തികഞ്ഞ ഫോണിന് 15,000 രൂപയെങ്കിലും വിലയാകുമെന്ന് കടക്കാര്‍ പറഞ്ഞാല്‍ 'ചേട്ടാ കുറച്ചുകൂടി താഴട്ടെ' എന്നാകും കസ്റ്റമേഴ്‌സ്. എത്രവരെ താഴാമെന്ന് ചോദിച്ചാല്‍ ഒരയ്യായിരം വരെ എന്നാകും മറുപടി!

ഇത്തരം ആവശ്യക്കാരെ കണ്ടറിഞ്ഞാകും ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് എ68 സ്മാര്‍ടി എന്ന പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലിറക്കിയത്. 6500 രൂപ വിലയുണ്ട് ഈ ഫോണിന്. പക്ഷേ, ഇതിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് ഒ.എസ്., നാലിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേ, അഞ്ച് മെഗാപിക്‌സല്‍ കാമറ, ഡ്യൂവല്‍ സിം...15000 രൂപ മുടക്കിയാല്‍ പോലും ഇത്തരം സംവിധാനങ്ങളുളള മറ്റൊരു ഫോണ്‍ ലഭിക്കില്ലെന്ന് മൈക്രോമാക്‌സ് വെല്ലുവിളിക്കുന്നു.

ഇതിലേറ്റവും പ്രധാനം 480 X 800 പിക്‌സല്‍ റിസൊല്യൂഷനുള്ള നാലിഞ്ച് ഐ.പി.എസ്. പാനല്‍ ഡിസ്‌പ്ലേ തന്നെ. ഇന്‍പ്ലേന്‍സ്വിച്ചിങ് ടെക്‌നോളജി എന്നതിന്റെ ചുരുക്കപ്പേരാണ് ഐ.പി.എസ്. ഏത് ആംഗിളില്‍ നോക്കിയാലും സ്‌ക്രീനിന് നിറവ്യത്യാസം തോന്നില്ലെന്നതാണ് ഐ.പി.എസിന്റെ പ്രത്യേകത. സ്‌ക്രീനില്‍ തൊടുന്ന ഭാഗത്തും നിറവ്യത്യാസമുണ്ടാകില്ല. ജപ്പാനിലെ ഹിറ്റാച്ചി കമ്പനിക്കാണ് ഐ.പി.എസ്. ടെക്‌നോളജിയുടെ പേറ്റന്റുള്ളത്. സാധാരണ ഹൈ-എന്‍ഡ് മൊബൈല്‍ഫോണ്‍ മോഡലുകളില്‍ മാത്രം കണ്ടുവരാറുളള ഐ.പി.എസ്. സ്‌ക്രീന്‍ ബജറ്റ് ഫോണുകളില്‍ കാണുന്നത് ആദ്യമായിട്ടാണ്.

ഒരു ഗിഗാഹെര്‍ട്‌സ് ്രെപാസസറിനൊപ്പം 512 എം.ബി. റാമാണ് ഫോണിലുള്ളത്. രണ്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുള്ള സ്മാര്‍ടിയില്‍ 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാകും. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 144 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും വാഗ്ദാനം ചെയ്യുന്ന 1600 എം.എ.എച്ച് ലി-അയണ്‍ ബാറ്ററിയാണ് ഫോണിലുള്ളത്. ഫ്ലാഷ്, മള്‍ട്ടിഷോട്ട്, നൈറ്റ്‌വിഷന്‍, സൂം സപ്പോര്‍ട്ട് എന്നീ സംവിധാനങ്ങളോടു കൂടിയതാണ് ഫോണിലെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ.

കണ്ക്ടിവിറ്റിക്കായി വൈഫൈ, ജി.പി.ആര്‍.എസ്., എഡ്ജ് സാങ്കേതികവിദ്യകളാണ് സ്മാര്‍ടിയിലുള്ളത്. ത്രിജി ഇല്ലാത്തത് വലിയൊരു പോരായ്മയെന്ന് പറയാതെ വയ്യ. ബദ്ധഎതിരാളികളായ കാര്‍ബണിന്റെ എ15 എന്ന മോഡലിേനാടാവും മൈക്രോമാക്‌സ് സ്മാര്‍ടി എ 68 ന് മത്സരിക്കേണ്ടിവരുക. ഏതാണ്ടിതേ സ്‌പെസിഫിക്കേഷനുകളുള്ള എ 15 ന് 5900 രൂപയേ ഉള്ളൂ വില. പക്ഷേ ഡിസ്‌പ്ലേയുടെയും ക്യാമറയുടെയും മികവ് സ്മാര്‍ടിക്ക് തുണയായേക്കും.
TAGS:


Stories in this Section