ഫെയ്‌സ്ബുക്കില്‍ 'മലയാളീഗ്രാഫി'ക്ക് നല്ലകാലം

Posted on: 25 Mar 2013


-ബി.എസ് ബിമിനിത്‌ഇനിയും നീ ഇതുവഴി വരില്ലേ ആനകളേയും തെളിച്ചുകൊണ്ട്...നല്ല ഭംഗിയുള്ള അക്ഷരങ്ങളില്‍ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ ജഗതിയുടെ കോമഡിക്കവിതയുടെ ഈ രണ്ടുവരി ഫെയ്‌സ്ബുക്ക് കവറാക്കിയവരുടെ എണ്ണം കൂടിവരുന്നു. ഇതുമാത്രമല്ല, മലയാളത്തിലെ ഹിറ്റായ ഡയലോഗുകളും കവിതാശകലങ്ങളുമൊക്കെ ഇങ്ങനെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി മാറിയ ഈ പരീക്ഷണം തുടങ്ങിയത് കൊച്ചിയില്‍ നിന്നാണ്. രണ്ടു യുവാക്കള്‍ ചേര്‍ന്ന് നടത്തിയ കൊച്ചു പരീക്ഷണമായിരുന്നു 'മലയാളീഗ്രഫി'യുടെ തുടക്കം.

കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ വഴങ്ങിക്കിട്ടാന്‍ ചില്ലറയൊന്നുമായിരുന്നില്ല ബുദ്ധിമുട്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും നെറ്റില്‍ ഒത്തുകൂടിയ മലയാളികളുടെ സ്ഥിരോത്സാഹത്തിന്റെ നീണ്ട ചരിത്രമുണ്ട് വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും ബ്ലോഗുകളിലുമൊക്കെ രാജകീയ പ്രൗഢിയോടെ നിലകൊള്ളുന്ന മലയാളം ലിപിയുടെ പിറവിക്ക് പിന്നില്‍. വെബ്ബില്‍ അക്ഷരങ്ങള്‍ കൊണ്ട് ചിത്രം രചിച്ചുതുടങ്ങിയ 'മഗ്ര' യുടെ പ്രധാന്യമേറുന്നത് ഇങ്ങനെയാണ്.


മലയാളീഗ്രാഫിയുടെ ചെല്ലപ്പേരാണ് മഗ്ര. മലയാളം, ഗ്രാഫിക്‌സ്, കാലിഗ്രാഫി എന്നീ വാക്കുകള്‍ ചേര്‍ന്നാണ് മലയാളിഗ്രാഫിയുണ്ടായത്. കൊച്ചിയിലെ സോള്‍ട്ട്മാംഗോട്രീ എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ ഹിരണ്‍ വേണുഗോപാലനും അവരുടെ ആര്‍ട്ട് ഡയറക്ടര്‍ ഒറിയോണും ചേര്‍ന്ന് മലയാളത്തില്‍ ലളിതമായ കവര്‍പേജുണ്ടാക്കി ഫെയ്‌സ്ബുക്കിലിട്ടു. അതിനുള്ള വരവേല്‍പ്പ് ഗംഭീരമായിരുന്നു. പലരും അത് അനുകരിച്ചു തുടങ്ങി. മലയാള ലിപികളുപയോഗിച്ച് ഭംഗിയായി എഴുതുന്ന ഈ രീതിയെ ഇവര്‍ മലയാളീഗ്രാഫിയെന്ന് വിളിച്ചു. അതേപേരില്‍ ഫെയ്‌സ്ബുക്കില്‍ ഒരു പേജും തുടങ്ങി. മഗ്രയുണ്ടാകുന്നത് അങ്ങനെയാണ്.

മഗ്രയുടെ ഫെയ്‌സ്ബുക്ക് പേജ് ( www.facebook.com/malayaleegraphy)
തുടങ്ങി നാലുണിക്കൂറിനകം ആയിരം ലൈക്ക്. മൂന്നു ദിവസം കൊണ്ട് ആരാധകര്‍ ആറായിരം കടന്നു. മിന്നാരം എന്ന സിനിമയിലെ 'ബാഭാരതം.. ബിരിയാണിയുടെ ബാ', നാടോടിക്കാറ്റിലെ 'ഇല്ല സാര്‍, ഇന്നലെ ഞങ്ങളില്ല സാര്‍' തുടങ്ങിയ ഡയലോഗുകളും പത്മരാജന്റെ ലോല ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളിലെ വരികള്‍ക്കും വന്‍ ആരാധകരുണ്ടായി. മഗ്ര നാല്‍പ്പതെണ്ണമുണ്ടാക്കിയപ്പോള്‍ ഫെയ്‌സ്ബുക്കിലും ഗൂഗില്‍ പ്രസ്സിലുമൊക്കെ അതിനേക്കാള്‍ സൃഷ്ടികള്‍ സ്വതന്ത്രമായുണ്ടായി. അങ്ങനെ മലയാളീഗ്രഫി വൈറലായി.


മലയാളം കാലിഗ്രഫി ഇതുവരെ എവിടെയും ശേഖരിക്കപ്പെട്ടിരുന്നില്ല. മഗ്രയുടെ വരവോടെ മുന്‍പ് മലയാളത്തിലുണ്ടായിരുന്ന ഇത്തരം പരീക്ഷണങ്ങളും നെറ്റില്‍ ശേഖരിക്കപ്പെട്ടുതുടങ്ങിയത് മഗ്രയുടെ വലിയ നേട്ടമായി കാണുന്നുവെന്ന്് ഹിരണ്‍ വേണുഗോപാലന്‍ പറയുന്നു. മലയാളത്തില്‍ ആശയ സംവാദനം മാസികയിലും പച്ചക്കുതിരയിലും നേരത്തെ സൈനുല്‍ ആബിദ് ചെയ്ത ഡിസൈനുകളും സമാനമായ മറ്റ് പരീക്ഷണങ്ങളും പ്രചരിച്ചു തുടങ്ങി.

തിരുവനന്തപുരത്ത് 'കചടതപ' യെന്ന പേരില്‍ നാരായണ ഭട്ടതിരി നടത്തിയ പ്രദര്‍ശനമാണ് തങ്ങളെ ഇത്തരമൊരു പരീക്ഷണത്തിന് പ്രചോദിപ്പിച്ചത്. പോസ്റ്റര്‍ ഡിസൈനിംഗായിരുന്നു ആദ്യം ഉദ്ദേശിച്ചത്. കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഫെയ്‌സ്ബുക്ക് കവര്‍ ഡിസൈനാണ് നല്ലതെന്നു തോന്നി - ഹിരണ്‍ പറഞ്ഞു. മലയാളിഗ്രാഫിയെക്കുറിച്ച് അറിയാന്‍ ഒരുപാടുപേര്‍ ഒറിയോണിനേയും ഹിരണിനേയും സമീപിക്കുന്നുണ്ട്. അതുതന്നെയാണ് മഗ്രയുടെ വലിയ നേട്ടവും.


Stories in this Section