ഇനി 'മാതൃഭൂമി' കമ്പ്യൂട്ടറും വായിച്ചുതരും!

Posted on: 18 May 2013


- സുനില്‍ പ്രഭാകര്‍
കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍ ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്‌നേഹികള്‍ക്കെല്ലാം ആനന്ദം പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ ലഭ്യത ആ ഭാഷയുടെ വളര്‍ച്ചയുടെ അളവുകോലായിത്തന്നെ കണക്കാക്കാം.

മലയാളത്തെ സംബന്ധിച്ച് തുടക്കത്തില്‍ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിങ്ങില്‍ (ഡിടിപി) മാത്രം ഒതുങ്ങി നിന്നിരുന്ന ഭാഷാകംപ്യൂട്ടിങ് സങ്കേതങ്ങള്‍ ഇന്ന് വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രമാണങ്ങള്‍ തയ്യാറാക്കാനും അച്ചടിച്ചെടുക്കാനുമുള്ള എഡിറ്ററുകള്‍, നിഘണ്ടുകള്‍, അക്ഷരത്തെറ്റ് പരിശോധനാ സംവിധാനം, പാഠം വായിച്ചുതരുന്ന ടെക്സ്റ്റ് ടു സ്പീച്ച്, സ്‌കാന്‍ ചെയ്ത, ചിത്രരൂപത്തിലുള്ള താളിനെ എഡിറ്റ് ചെയ്യാവുന്ന വിധത്തിലാക്കി മാറ്റുന്ന, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അക്ഷരചിത്രത്തെ അക്ഷരമായി തിരിച്ചറിയുന്ന ഓപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗനൈസര്‍ തുടങ്ങിയ ഭാഷാധിഷ്ഠിത സാങ്കേതിക വിദ്യകളെല്ലാം ഇന്ന് മലയാളത്തിലും വികസിച്ചു വരികയാണ്.

വിന്‍ഡോസ്, ലിനക്‌സ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഓപ്പണ്‍ ഓഫീസ് പോലുള്ള ഓഫീസ് പാക്കേജുകളും ഇപ്പോള്‍ മലയാളത്തിലുമുണ്ട്. യുണികോഡിന്റെ ആവിര്‍ഭാവത്തോടെ ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമായ വിവരശേഖരം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം മുഖ്യകാരണം ഭാഷാ സ്‌നേഹികളായ, എന്‍ജിനീയര്‍മാരടക്കമുള്ള മലയാളികളുടെയും സര്‍ക്കാര്‍, സര്‍ക്കാരിതര സാങ്കേതിക സ്ഥാപനങ്ങളുടെയും പരിശ്രമമാണെന്ന് പറയാതെ വയ്യ.

ഇക്കൂട്ടത്തില്‍ പെടുന്ന സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാരിന്റ കീഴിലുള്ള സി-ഡാക് ( C-DAC ) തിരുവനന്തപുരത്തെ സി-ഡാക് കേന്ദ്രത്തില്‍ മലയാള ഭാഷാ സാങ്കേതികവിദ്യയുടെ വികസനത്തിനായി ഒരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഭാഷാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഇതിനകം സംഭാവന ചെയ്തിട്ടുള്ള അവരുടെ ഏറ്റവും പുതിയ സംഭാവനയാണ് 'വാര്‍ത്താമൊഴി' ( Varthamozhi ).

മുഖ്യധാരാ മലയാളപത്രങ്ങളുടെ വെബ്‌സൈറ്റിലുള്ള വാര്‍ത്തകള്‍ വായിച്ചുതരുന്ന സോഫ്റ്റ്‌വേറാണിത്. ഉദാഹരണത്തിന് മാതൃഭൂമി വെബ്‌സൈറ്റിലെ അപ്പപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വായനക്കാരന്റെ നിര്‍ദ്ദേശാനുസരണം വായിച്ചുകേള്‍പ്പിക്കാന്‍ ഇതിനാകും. രാവിലെ ചായക്കടയിലെ നാട്ടുകൂട്ടത്തെ ഉച്ചത്തില്‍ പത്രം വായിച്ചുകേള്‍പ്പിക്കുന്ന യുവാവിന്റെ മനോഹരമായ ദൃശ്യം സിനിമകളിലെങ്കിലും കണ്ടിട്ടുള്ളവര്‍ ഓര്‍ത്തുനോക്കുക. ഇവിടെ ആ ജോലി കമ്പ്യൂട്ടര്‍ ഏറ്റെടുത്തിരിക്കുന്നു.

തലക്കെട്ടുകള്‍ വായിച്ചുവിടുന്ന യുവാവിനോട് ഇഷ്ടവാര്‍ത്തകള്‍ വരുമ്പോള്‍ 'അതൊന്ന് ഉറക്കെ വായിച്ചേ' എന്ന് കല്പന നല്‍കുന്ന തനി നാട്ടിന്‍പുറത്തുകാരനെപ്പോലെ ഇനി നമുക്ക് കമ്പ്യൂട്ടറിനോടും കല്പിക്കാനാവും. കാരണം 'വാര്‍ത്താമൊഴി' ശബ്ദനിര്‍ദ്ദേശങ്ങളും അനുസരിക്കും. തലക്കെട്ടുകള്‍ വെബ്‌സൈറ്റിലെ അതേ ക്രമത്തില്‍ വായിച്ചുവിടുന്ന 'വാര്‍ത്താമൊഴി'യോട് ഇഷ്ടവാര്‍ത്തവരുമ്പോള്‍ അത് വിശദമായി വായിച്ചുതരുവാന്‍ നമുക്കാവശ്യപ്പെടാം.

ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കു പുറമെ കീബോര്‍ഡിലൂടെയും മൗസിലൂടെയും 'വാര്‍ത്താമൊഴി'യോട് 'നിര്‍ദ്ദേശി'ക്കാം. ഇതിനെല്ലാം പുറമെ മെനു അധിഷ്ഠിത നാവിഗേഷന്‍ സംവിധാനവും ഇതിലുണ്ട്.


വെബ്‌സൈറ്റിലെ വാര്‍ത്തകളെ അതത് വിഭാഗങ്ങളായി ക്രമാനുഗതമായി ഡൗണ്‍ലോഡ് ചെയ്ത് വായിക്കുകയാണ് 'വാര്‍ത്താമൊഴി' ചെയ്യുന്നത്. ഓരോന്നിന്റയും തലക്കെട്ടുകള്‍ വായിച്ചുപോകും. വിശദമായി അറിയേണ്ട വാര്‍ത്തയുടെ തലക്കെട്ട് കേള്‍ക്കുമ്പോള്‍ അത് വായിക്കാന്‍ നമുക്ക് ആവശ്യപ്പെടാം. അത് വായിച്ചു കഴിയുമ്പോള്‍ വീണ്ടും തലക്കെട്ടുകളിലേക്ക് തിരിച്ചുപോവും. വായിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയെയും അതത് വാര്‍ത്താ വിഭാഗങ്ങളെയും സ്വന്തം സമ്പര്‍ക്കമുഖത്തില്‍ (Interface) കാണിച്ചുതരികയും ചെയ്യും.

പരിചയ സമ്പന്നരായവര്‍ക്കും തുടക്കക്കാര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ ബിഗിനര്‍, അഡ്വാന്‍സ്ഡ് മോഡുകളും 'വാര്‍ത്താമൊഴി'യില്‍ ഉണ്ട്. രണ്ട് മോഡുകളും കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളെ പിന്തുണയ്ക്കുന്നു. മൗസിന്റെ രണ്ട് ബട്ടണുകള്‍ മാത്രം ഉപയോഗിച്ചും ഇതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഇത് കാഴ്ച തീരെയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും ആശ്വാസമാണ്. ആവശ്യമുള്ള സഹായ നിര്‍ദ്ദേശങ്ങള്‍ 'അശരീരി'യായിത്തന്നെ നല്‍കും. അന്ധര്‍ക്കും വികലാംഗര്‍ക്കും ഉപകാരപ്പെടണം എന്ന ലക്ഷ്യം കൂടി 'വാര്‍ത്താമൊഴി'യുടെ സൃഷ്ടാക്കള്‍ക്കുണ്ട്.

വാര്‍ത്താവിഭാഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം; ശബ്ദവും അക്ഷരവലിപ്പവും കൂട്ടുകയും കുറയ്ക്കാനുമുള്ള സംവിധാനം; മുന്‍ വാര്‍ത്ത, പിന്‍വാര്‍ത്ത, വിശദവാര്‍ത്ത എന്നിങ്ങനെ നാവിഗേറ്റ് ചെയ്യാനുള്ള അനുവാദം, വാര്‍ത്ത സംഭരിച്ചുവെയ്ക്കാനുള്ള അവസരം - ഇതെല്ലാം 'വാര്‍ത്താമൊഴി' നല്‍കുന്നുണ്ട്.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 'വാര്‍ത്താമൊഴി' സോഫ്റ്റ്‌വേര്‍ www.malayalamresourcecentre.org എന്ന വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

-sunilparavur@gmail.com
TAGS:
malayalam computing  |  c-dac  |  varthamozhi  |  malayalam  |  innovation  |  mathrubhumi 


Stories in this Section