കഴുകി വൃത്തിയാക്കാം, ഈ കീബോര്‍ഡ്

Posted on: 26 Nov 2012


-സ്വന്തം ലേഖകന്‍
എത്ര അച്ചടക്കവും ശ്രദ്ധയുമുള്ള ആളായാലു ശരി, ചിലപ്പോള്‍ അബദ്ധം പറ്റാം. കമ്പ്യൂട്ടര്‍ കീബോര്‍ഡിന് മുകളില്‍ കാപ്പി തൂവുകയോ, ഭക്ഷണം വീഴുകയോ ഒക്കെ ചെയ്യാം. അങ്ങനെയുള്ള അവസരങ്ങളില്‍ മിക്കവരും ആഗ്രഹിക്കും, കീബോര്‍ഡ് ഒന്ന് കഴുകി വൃത്തിയാക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന്!

അത് വെറും ആഗ്രഹം മാത്രമായിരുന്നു ഇത്രകാലവും. ഇനി അതങ്ങനെയല്ല. വെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ രംഗത്തെത്തുകയാണ്.....ലോഗിടെക് കമ്പനിയാണ് ഇതിന് പിന്നില്‍.

സാധാരണ കീബോര്‍ഡുകളെപ്പോലെ സുഖകരമായി ടൈപ്പ് ചെയ്യാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 'ലോഗിടെക് വാഷബില്‍ കീബോര്‍ഡ് കെ 310' ന്റെ സവിശേഷത, അതിനെ നന്നായി കഴുകിയെടുക്കാം എന്നതാണ്. വെള്ളത്തില്‍ മുക്കി തന്നെ കഴുകാം.

കീബോര്‍ഡിന് പിന്‍ഭാഗത്തുള്ള സുക്ഷിരങ്ങള്‍ വഴി വെള്ളം ഒഴുകി പൊയ്‌ക്കൊള്ളും. കീബോഡിലെ കട്ടകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ലേസര്‍പ്രിന്റിങ് വഴി ചേര്‍ത്തിട്ടുള്ളതാണ്, യു.വി.കോട്ടിങും ഉണ്ട്. അതിനാല്‍, നനയുന്നതുകൊണ്ട് അവ മങ്ങി നിറംകെടില്ല.


മാത്രമല്ല, 50 ലക്ഷം ക്ലിക്കുകള്‍ വരെ ഏല്‍ക്കാന്‍ കഴിവുള്ള കട്ടകളാണ് കീബോര്‍ഡിലേത്. അതിനാല്‍, ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കുകയുമാവാം.

ഒരു കപ്പ് കാപ്പിയോ അല്ലെങ്കില്‍ കോളയോ കീബോര്‍ഡിന് മേല്‍ തൂവിയെന്ന് പറഞ്ഞ് ഇനി പരിഭ്രാന്തരാകേണ്ട കാര്യമില്ല, ലോഗിടെകിലെ സീനിയര്‍ ഡയറക്ടര്‍ സോഫീ ലീ ഗുയെന്‍ പറയുന്നു.

ഈടുനില്‍ക്കുന്നതും ഉപയോഗിക്കാന്‍ സൗകര്യപ്രദവും ആണ് പുതിയ കീബോര്‍ഡ്. വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 എന്നീ ഒഎസുകള്‍ ഉള്ള കമ്പ്യൂട്ടറുകളില്‍ ഇത് പ്രവര്‍ത്തിക്കും.

ഇന്റര്‍നെറ്റ്, ഈമെയില്‍, പ്ലെ, വോള്യം തുടങ്ങി കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലേക്ക് എളുപ്പത്തിലെത്താനായി 12 ഹോട്ട് കീകളും പുതിയ കീബോര്‍ഡിലുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ 39.99 ഡോളറാണ് (2000 ലേറെ രൂപ) ഇതിന് കമ്പനി വിലയിട്ടിരിക്കുന്നത്. (ചിത്രങ്ങള്‍ കടപ്പാട് : ലോഗിടെക്)
Stories in this Section