ക്ലൗഡിന്റെ കരുത്തുമായി 'ലിറ്റില്‍ പ്രിന്റര്‍'

Posted on: 17 Aug 2012


-സ്വന്തം ലേഖകന്‍
ഇത്രകാലവും കമ്പ്യൂട്ടര്‍ പ്രിന്റര്‍ എന്നത് കുറച്ചു മാത്രം ശ്രദ്ധയാകര്‍ക്കുന്ന ഒരു ഉപകരണമായിരുന്നു. മുറിയുടെ മൂലയില്‍ അനാകര്‍ഷകമായി ഇരിക്കുന്ന, പ്രിന്റ് എടുക്കേണ്ട വേളയില്‍ മാത്രം നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു യന്ത്രം.

എന്നാല്‍, ലണ്ടന്‍ കേന്ദ്രമായുള്ള 'ബെര്‍ഗ് ക്ലൗഡ്' (Berg Cloud) കമ്പനി പുറത്തിറക്കുന്ന 'ലിറ്റില്‍ പ്രിന്റര്‍' (Little Printer) കഥ മാറ്റിയെഴുതിയേക്കാം. ക്ലൗഡ് കമ്പ്യൂട്ടിങിന്റെയും മൊബൈല്‍ കമ്പ്യൂട്ടിങിന്റെയും സാധ്യതകള്‍ ഒരേസമയം ഉപയോഗിക്കുന്ന ഈ ഉപകരണത്തിന് ഒരു ചായക്കപ്പിന്റെ വലിപ്പം പോലുമില്ല!


വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുള്ള ലിറ്റില്‍ പ്രിന്ററിലൂടെ, ദൈനംദിന ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളുടെ ഹാര്‍ഡ്‌കോപ്പികള്‍ എടുക്കാന്‍ സാധിക്കും. ന്യൂസ് ഹെഡ്‌ലൈനുകളുടെയും, സുഹൃത്തുക്കളുടെ പിറന്നാള്‍ റിമൈന്‍ഡറുകളുടെയും, ഗൂഗിള്‍ കലണ്ടറിന്റെയുമൊക്കെ കോപ്പികള്‍ അനായാസം പ്രിന്റുചെയ്‌തെടുക്കാം.

ഫോര്‍സ്‌ക്വയര്‍, ഗൂഗിള്‍, ദി ഗാര്‍ഡിയന്‍ എന്നിവയുമായി ബെര്‍ഗുണ്ടാക്കിയ പങ്കാളിത്ത കരാറാണ്, ലിറ്റില്‍ പ്രിന്ററിന്റെ പ്രവര്‍ത്തനം അനായാസമാക്കുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ ലിറ്റില്‍ പ്രിന്ററിലേക്ക് നേരിട്ടയയ്ക്കാന്‍ സാധിക്കും. പ്രിന്ററിന്റെ ഉടമസ്ഥന് അതിന്റെ കോപ്പിയെടുക്കാം.


സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് ചുവടുവെയ്ക്കുന്ന ലോകത്തിന് അനുയോജ്യമായ ഉപകരണമാണ് ലിറ്റില്‍ പ്രിന്റര്‍. സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിന്റെ ഏതാണ്ട് വലിപ്പത്തിലാണ് 3.3 ഇഞ്ച് വിസ്താരമുള്ള ലിറ്റില്‍ പ്രിന്ററിലൂടെ കോപ്പികള്‍ ലഭിക്കുക.

മാത്രമല്ല, ഈ പ്രിന്റര്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും (app) ബെര്‍ഗ് കമ്പനി തയ്യാറാക്കിക്കഴിഞ്ഞു. ഐഫോണിനും ആന്‍ഡ്രോയിഡിനും വിന്‍ഡോസ് ഫോണിനും വെവ്വേറെ ആപുകള്‍ തയ്യാറായിക്കഴിഞ്ഞു.


ഇത്തരമൊരു 'ഇത്തിരിപ്രിന്റര്‍' പുറത്തിറക്കാന്‍ പോകുന്ന വിവരം കഴിഞ്ഞ നവംബറിലാണ് ബെര്‍ഗ് കമ്പനി ലോകത്തെ അറിയിച്ചത്. വലിയ വാര്‍ത്താപ്രാധാന്യം അതിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഏഴുമാസമായി പുതിയ പ്രിന്റര്‍ കുറ്റവും കുറവും തീര്‍ത്ത് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബെര്‍ഗ് ഗവേഷകര്‍.

ഇപ്പോള്‍ ലിറ്റില്‍ പ്രിന്റര്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. 259 ഡോളര്‍ (ഏതാണ്ട് 14000 രൂപ) വിലയും, ഷിപ്പിങ് ചാര്‍ജും നല്‍കിയാല്‍ മതി.
TAGS:


Stories in this Section