ജീവന്‍ കാക്കാന്‍ സ്മാര്‍ട്‌ഫോണ്‍

Posted on: 20 May 2013


-പി.എസ്.രാകേഷ്
എന്തെങ്കിലും പരിശോധനകള്‍ക്കായി ആസ്പത്രികളില്‍ പതിവായി പോവുന്നവര്‍ക്കറിയാം അതിന്റെ പൊല്ലാപ്പ്. ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങി കാശുമടച്ച് ലബോറട്ടറിയുടെ മുന്നില്‍ ചെന്നാല്‍ കാണാം ഒരു പൂരത്തിനുള്ള ആളെ. മണിക്കൂറുകള്‍ കാത്തുനിന്ന് പരിശോധന നടത്തിയാലോ അതിന്റെ റിസല്‍ട്ട് കിട്ടാന്‍ പിന്നെയും കാത്തിരിപ്പ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുകയാണ് ലൈഫ് വാച്ച് വി എന്ന സ്മാര്‍ട്‌ഫോണ്‍. ഇസ്രായേലിലെ ലൈഫ് വാച്ച് ടെക്‌നോളജീസ് എന്ന മെഡിക്കല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന ഈ സ്മാര്‍ട്‌ഫോണില്‍ സ്‌തെസ്‌കോപ്പും തെര്‍മോമീറ്ററും ഇ.സി.ജി. മോണിറ്ററും ബ്ലഡ്ഷുഗര്‍ പരിശോധനാസംവിധാനവുമെല്ലാമുണ്ട്. ശരിക്കും പോക്കറ്റിലൊതുങ്ങുന്ന ആസ്പത്രി തന്നെയാണ് ലൈഫ് വാച്ച് വി ( Life Watch V ).

ഇ.സി.ജി., ശരീര താപനില, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയമിടിപ്പിന്റെ നിരക്ക്, ഓക്‌സിജന്‍ സാചുറേഷന്‍, ശരീരത്തിലെ കൊഴുപ്പ്, സ്‌ട്രെസ് ടെസ്റ്റ് എന്നീ ഏഴു പരിശോധനകള്‍ നടത്താന്‍ ലൈഫ് വാച്ച് വി ധാരാളം മതി. ഫോണിന്റെ പലഭാഗങ്ങളിലുള്ള സെന്‍സറുകള്‍ക്കു മേല്‍ തൊട്ടാല്‍ മതി ഈ പരിശോധനകള്‍ക്ക്.

ഫോണിനൊപ്പം ലഭിക്കുന്ന സ്ലീവ് കൈത്തണ്ടയില്‍ ചുറ്റിയശേഷം അതിന്റെ വയര്‍ ഫോണില്‍ ഘടിപ്പിച്ചാല്‍ രക്തസമ്മര്‍ദ്ദമറിയാം. ബ്ലഡ് ഷുഗര്‍ ഡിറ്റക്ഷന്‍ സ്ട്രിപ്പില്‍ ഒരു തുള്ളി രക്തമുറ്റിച്ച ശേഷം അത് ഫോണില്‍ കുത്തിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുമറിയാം. നാലുവിരലുകള്‍ ഫോണിന്റെ നാലുഭാഗത്തുള്ള സെന്‍സറുകള്‍ക്ക് മേല്‍ 35 സെക്കന്‍ഡ് വച്ചാല്‍ മാത്രം മതി, ഇ.സി.ജി. റിപ്പോര്‍ട്ട് ലഭിക്കാന്‍.

ഈ പരിശേധാനഫലങ്ങളെല്ലാം ക്ലൗഡ് സംവിധാനം വഴി അപ്പോള്‍ തന്നെ സേവ് ചെയ്യപ്പെടും. ആവശ്യമെങ്കില്‍ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ഈ വിവരങ്ങള്‍ ഈമെയില്‍ ആയി അയച്ചുകൊടുക്കാനുള്ള സംവിധാനവുമുണ്ട്. നിങ്ങളുടെ ശരീരാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്നതിനും മരുന്നുകള്‍ കൃത്യസമയത്ത് കഴിക്കാന്‍ ഓര്‍മിപ്പിക്കുന്നതിനുമൊക്കെ ലൈഫ് വാച്ച് വി സഹായിക്കും.


ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വാച്ച് വിയില്‍ ഒരു ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസറാണുള്ളത്. അഞ്ച് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 0.3 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഇതിലുണ്ട്. 480 X 480 പിക്‌സല്‍സ് റിസൊല്യൂഷനുളള 4.3 ഇഞ്ച് എല്‍.സി.ഡ്. സ്‌ക്രീനാണ് ഈ ഫോണിനുളളത്.

ലൈഫ് വാച്ച് വിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കല്‍ ഡാറ്റ വിശകലനം ചെയ്യാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങാനും ലൈഫ് വാച്ച് ടെക്‌നോളജീസ് ആലോചിക്കുന്നുണ്ട്. ആദ്യഘട്ടമായി അമേരിക്കയിലാകും ഇത്തരം സെന്ററുകള്‍ ആരംഭിക്കുക. ഇതിലെ പരിശോധനാഫലങ്ങള്‍ ഉടനടി വിശകലനം ചെയ്തശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ വേണ്ട ചികിത്സകള്‍ നിര്‍ദേശിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പോക്കറ്റിലൊതുങ്ങുന്ന ആസ്പത്രിയായി ഹെല്‍ത്ത്‌വാച്ച് വി മാറുമെന്നുറപ്പ്.

സ്‌തെതസ്‌കോപ്പ് അടക്കമുളള മെഡിക്കല്‍ ആപ്ലിക്കേഷനുകള്‍ മുമ്പേ ഇറങ്ങിയിട്ടുണ്ടെങ്കിലും പരിശോധനകള്‍ക്കായി മാത്രമൊരു സ്മാര്‍ട്‌ഫോണ്‍ എന്നതാണ് ഹെല്‍ത്ത്‌വാച്ച് വിയെ വേറിട്ടു നിര്‍ത്തുന്നത്. വിവിധ രാജ്യങ്ങളില്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ തിരഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍ കമ്പനി.

പലരാജ്യങ്ങളിലും ആരോഗ്യപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള നിയമനൂലാമാലകള്‍ മറികടന്ന് ഈ ഫോണ്‍ ആഗോള വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് ലൈഫ് വാച്ച് ടെക്‌നോളജീസ് ഇപ്പോള്‍. തടസങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ ഏതാനും മാസങ്ങള്‍ക്കകം ഈ ഫോണ്‍ ലോകം മുഴുവനുമെത്തും. 25000 രൂപയ്ക്കടുത്താകും ഹെല്‍ത്ത് വാച്ച് വി സ്മാര്‍ട്‌ഫോണിന്റെ വില.
Stories in this Section