എല്‍.ജി.യുടെ ഒപ്ടിമസ് വു ഫാബ്‌ലറ്റ് ഇന്ത്യയിലും

Posted on: 25 Oct 2012


-പി.എസ്.രാകേഷ്‌
ടാബ്‌ലറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും കൂടിച്ചേരുന്ന സങ്കര ഗാഡ്റ്റിനെയാണ് ഫാബ്‌ലറ്റ് എന്ന് ചെല്ലപ്പേരിട്ടുവിളിക്കുന്നത്. സ്‌ക്രീന്‍ വലിപ്പം അഞ്ചിഞ്ചിനും ഏഴിഞ്ചിനുമിടയ്ക്കാണെങ്കില്‍ അതിനെ ഫാബ്‌ലറ്റിന്റെ ഗണത്തില്‍ പെടുത്താം. 2010 - ല്‍ ഡെല്‍ പുറത്തിറക്കിയ സ്ട്രീക്ക് ആണ് ലോകത്തെ ആദ്യ ഫാബ്‌ലറ്റ്. പിന്നീട് സാംസങ് ഗാലക്‌സി നോട്ട്, എച്ച്.ടി.സി. ജെ. ബട്ടര്‍ഫ്ലൈ, എല്‍.ജി. ഒപ്ടിമസ് വു എന്നിങ്ങനെ ഒട്ടേറെ ഫാബ്ലറ്റ് മോഡലുകള്‍ വിപണിയിലെത്തി. ഇതില്‍ സാംസങ് ഗാലക്‌സി നോട്ട് ആണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. വിപണിയിലെത്തി ഒരു വര്‍ഷം തികയുന്നതിനുമുമ്പേ ഒരു കോടി ഗാലക്‌സി നോട്ട് മോഡലുകള്‍ വിറ്റഴിക്കാന്‍ സാംസങിനു സാധിച്ചു.

ഗാലക്‌സി നോട്ടിന്റെ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സാംസങിന്റെ നാടായ ദക്ഷിണ കൊറിയയില്‍ നിന്നുളള എല്‍.ജി.കമ്പനി അതിനൊരു പ്രതിയോഗിയെ അവതരിച്ചത്. എല്‍.ജി. ഒപ്ടിമസ് വു എന്നു പേരുള്ള ഈ ഹൈബ്രിഡ് ഫോണ്‍ ഫിബ്രവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് കൊറിയന്‍, ജപ്പാന്‍ വിപണികളില്‍ പരീക്ഷണാര്‍ഥം എത്തി. ഇപ്പോഴിതാ ഒപ്ടിമസ് വു ഇന്ത്യയിലുമെത്തുന്നു. ദീപാവലിയുടെ വമ്പന്‍ കച്ചവടം മുന്നില്‍ കണ്ടാണ് ഈ സമയത്ത് ഒപ്ടിമസ് വു ഇന്ത്യയില്‍ എത്തിക്കുന്നതെന്ന് വ്യക്തം.

4:3 അനുപാത ഡിസ്‌പ്ലേയോടുകൂടിയ അഞ്ച് ഇഞ്ച് മള്‍ട്ടിടച്ച് എക്‌സ്.ജി.എ. ഐ.പി.എസ്. സ്‌ക്രീനാണ് ഒപ്ടിമസ് വൂവിന്റെ ആകര്‍ഷണം. 768 ത 1024 പിക്‌സല്‍ റിസൊല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഈ ഫോണിനുള്ളത്. 139.6 മില്ലിമീറ്റര്‍ നീളവും 90.4 മില്ലിമീറ്റര്‍ വീതിയും 8.5 മില്ലിമീറ്റര്‍ ഘനവുമുള്ള ഫോണിന്റെ ഭാരം 168 ഗ്രാമാണ്. ഗാലക്‌സി നോട്ടിനേക്കാള്‍ വലിപ്പത്തില്‍ അല്പം ചെറുതാണ് ഒപ്ടിമസ് വു.

ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് വൂവില്‍ എന്‍വിഡിയ ടെഗ്ര 3 മൊബൈല്‍ പ്രൊസസറാണുള്ളത്. ചിപ്പ്‌സെറ്റിലെ ക്വാഡ്‌കോര്‍ പ്രൊസസര്‍ മള്‍ട്ടിടാസ്‌കിങ് അനായാസമാക്കും. 2080 എം.എ.എച്ചിന്റെ സിയോ പ്ലസ് ബാറ്ററിയാണ് ഈ ഫാബ്‌ലറ്റിന് ഊര്‍ജ്ജം പകരുന്നത്. സാധാരണ സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ലി-അയണ്‍ ബാറ്ററിയേക്കാള്‍ ഒന്നരമടങ്ങ് അധികം ചാര്‍ജ് നില്‍ക്കുമെന്നതാണ് സിയോ പ്ലസ് ബാറ്ററിയുടെ പ്രത്യേകതയെന്ന് എല്‍.ജി. അവകാശപ്പെടുന്നു. ഗാലക്‌സി നോട്ടില്‍ 3100 എം.എച്ച്. ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

എട്ട് മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3ജി കണക്ടിവിറ്റി, ഒരു ജി.ബി. റാം, 32 ജി.ബി. സ്‌റ്റോറേജ് ശേഷി എന്നിവയും ഒപ്ടിമസ് വൂവിലുണ്ട്. എല്‍.ഇ.ഡി.ഫ്ലാഷ്, എട്ട് എക്‌സ് സൂം, എച്ച്.ഡി.ആര്‍., പനോരമ, കണ്ടിന്വസ് ഷോട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുള്ള ക്യാമറയാണ് ഫോണിലേത്.

സാംസങിന്റെ ഗാലക്‌സി നോട്ട് തന്നെയാകും ഇന്ത്യയില്‍ ഒപ്ടിമസ് വൂവിന്റെ മുഖ്യഎതിരാളി. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ജെല്ലിബീന്‍ ഒ.എസ്., കൂടുതല്‍ ശേഷിയുള്ള ബാറ്ററി, മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നീ മികവുകളുമായി ഗാലക്‌സി നോട്ടിന്റെ പുതിയ വെര്‍ഷനായ ഗാലക്‌സി നോട്ട് 2 ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്. 37,900 രൂപ വിലയുള്ള ആ ഫോണുമായാണ് ഒപ്ടിമസ് വൂവിന് മത്സരിക്കേണ്ടി വരിക. 34500 രൂപയാണ് എല്‍.ജി.അതിന്റെ ഫാബ്‌ലറ്റിന് വിലയിട്ടിരിക്കുന്നത്.


Stories in this Section