സ്മാര്‍ട്ടാകാന്‍ ലാവയുടെ ഐറിസ് എന്‍ 320

Posted on: 29 Nov 2012


-പി.എസ്.രാകേഷ്
3000 രൂപയ്ക്ക് ഡ്യുവല്‍സിം മോഡലുകള്‍ വില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റ് കമ്പനി എന്ന നിലയ്ക്കാണ് ലാവ മൊബൈല്‍സ് ഇന്ത്യക്കാര്‍ക്കിടയില്‍ പരിചിതമായത്. മൈക്രോമാക്‌സ്, കാര്‍ബണ്‍ എന്നീ ഇന്ത്യന്‍ കമ്പനികളുടെ പുറകില്‍ നില്‍ക്കാനായിരുന്നു എല്ലാകാലത്തും ലാവയുടെ വിധി. പക്ഷേ, കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കമ്പ്യൂട്ടര്‍ പ്രൊസസര്‍ നിര്‍മാതാക്കളായ ഇന്റല്‍, മൊബൈല്‍ ഫോണ്‍ പ്രൊസസറുണ്ടാക്കിയപ്പോള്‍ അതാദ്യമായി ഉപയോഗിച്ചത് ലാവ കമ്പനിയായിരുന്നു. അങ്ങനെ ലോകത്തെ ആദ്യ 'ഇന്റല്‍ ഇന്‍സൈഡ്' മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായി ലാവ ചരിത്രത്തിലിടം നേടി.

രണ്ടാഴ്ച മുമ്പ് ഐറിസ് എന്‍ 350 എന്ന മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ലാവ ബജറ്റ് ആന്‍ഡ്രോയ്ഡ് ഫോണ്‍ രംഗത്തേക്കും പ്രവേശിച്ചു. ഇപ്പോഴിതാ അതേ നിരയിലേക്ക് എന്‍ 320 എന്ന മോഡലും ലാവ മൊബൈല്‍സ് അവതരിപ്പിച്ചിരിക്കുന്നു.

ഐറിസ് എന്‍ 320 ന്റെ വിശേഷങ്ങളും സ്‌പെസിഫിക്കേഷനും അറിയുന്നതിനു മുമ്പായി, ഈ ഡ്യുവര്‍ സിം ഫോണിന്റെ വിലയെന്താണെന്ന് നോക്കാം - 3,999 രൂപ. ഈ വിലയ്ക്ക് കിട്ടുന്ന സ്മാര്‍ട്‌ഫോണില്‍ പ്രതീക്ഷിക്കാവുന്ന സൗകര്യങ്ങള്‍ക്കൊരു പരിധിയുണ്ടെന്ന് ആദ്യം മനസിലാക്കണം.

പക്ഷേ, കാശു മുടക്കുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നില്ല ഈ ലാവ ഫോണ്‍. 3.2 ഇഞ്ച് മള്‍ട്ടിടച്ച് കപ്പാസിറ്റീവ് സ്‌ക്രീനാണ് ഇതിനുള്ളത്. സാംസങ് ഗാലക്‌സി വൈ എന്ന ജനപ്രിയമോഡലിനേക്കാള്‍ 0.2 ഇഞ്ച് സ്‌ക്രീന്‍ വലിപ്പക്കൂടുതലുണ്ട് ഐറിസിനെന്നര്‍ഥം. റിസൊല്യൂഷന്‍ 320 X 480 പിക്‌സല്‍സ്.

എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ രണ്ട് മെഗാപിക്‌സല്‍ ക്യാമറ, ഒരു ഗിഗാഹെര്‍ട്‌സ് സിംഗിള്‍കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ് എന്നീ സംവിധാനങ്ങളും. ത്രിജി ഇല്ലാത്തത് പോരായ്മ തന്നെയാണ്; പക്ഷേ, വില ഇത്രേയല്ലേയുള്ളൂ!

100 എം.ബി. ഇന്റേണല്‍ മെമ്മറിയുളള ഐറിസില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് ഫോണ്‍ ഓടുന്നത്. ഡ്യുവല്‍ ബാന്‍ഡ് ജി.എസ്.എം., എഫ്.എം. റേഡിയോ, ഓറിയന്റേഷന്‍ സെന്‍സര്‍ എന്നിവയും ഐറിസിലുണ്ട്.

1400 എം.എ.എച്ച്. ബാറ്ററി ഊര്‍ജ്ജം പകരുന്ന ഈ ഫോണിന് 115 ഗ്രാമാണ് തൂക്കം. തുടര്‍ച്ചയായ നാലുമണിക്കൂര്‍ നേരത്തെ സംസാരസമയവും 16 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്.

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ നാട്ടിലുണ്ട്. പക്ഷേ, വിലക്കൂടുതല്‍ കാരണം അവരൊക്കെ മോഹം മനസിലടക്കിപ്പിടിക്കുകയാണ്. അത്തരക്കാരെയും കോളേജ് വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ ഐറിസിന് സാധിക്കും.

രാജ്യമൊട്ടാകെ ആയിരം ഡിസ്ട്രിബ്യൂട്ടര്‍മാരും അയ്യായിരത്തിലേറെ ഡീലര്‍മാരുമുള്ള ലാവ മൊബൈല്‍സ് ഐറിസ് എന്‍ 320 വ്യാപകമായി വിറ്റഴിക്കുമെന്നതില്‍ സംശയം വേണ്ട. അയ്യായിരം രൂപയില്‍ താഴെ വിലയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളുടെ നിരയില്‍ കടുത്ത മത്സരം കാഴ്ചവെക്കാന്‍ ഐറിസ് എന്‍ 320 യ്ക്കാകും.

മൈക്രോമാക്‌സിന്റെ നിജ്ഞ 3 എ57 എന്ന മോഡലിനോടാകും ഐറിസിന് കാര്യമായി മത്സരിക്കേണ്ടിവരിക. ഐറിസിന്റെ അതേ സ്‌പെസിഫിക്കേഷനുകളും സൗകര്യങ്ങളുമുളള നിജ്ഞയ്ക്ക് 4750 രൂപയാണ് വില. ത്രിജി ഉണ്ടെന്നതും സ്‌ക്രീന്‍ വലിപ്പം കൂടുമെന്നതും മാത്രമാണ് നിജ്ഞയെ ഐറിസിനേക്കാള്‍ അല്പം ഉയരത്തില്‍ നിര്‍ത്തുന്നത്.
TAGS:
lava  |  iris n320  |  android 2.3  |  dual sim phone  |  india 


Stories in this Section