മെഗാഅപ്‌ലോഡിന് പിന്‍ഗാമി വരുന്നു

Posted on: 01 Nov 2012


-സ്വന്തം ലേഖകന്‍കിം ഡോട്ട്‌കോം


മെഗാഅപ്‌ലോഡ് ഒരു സംഭവമായിരുന്നു. ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രിയ സൈറ്റുകളിലൊന്ന്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആ സൈറ്റ് പൂട്ടി, സൈറ്റിന്റെ ഉടമ കിം ഡോട്ട്‌കോമിനെ അറസ്റ്റുചെയ്തു.

താന്‍ അറസ്റ്റു ചെയ്യപ്പെട്ട് കൃത്യം ഒരുവര്‍ഷം തികയുന്ന ദിവസം, 2013 ജനവരി 20 ന്, പുതിയ അപ്‌ലോഡ് സര്‍വീസ് ആരംഭിക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കിം. 'മെഗാ' (Mega) എന്നാണ് മെഗാഅപ്‌ലോഡിന്റെ പിന്‍ഗാമിയുടെ പേര്.

സൂപ്പര്‍ഹിറ്റ് സിനിമകള്‍ മുതല്‍ കുടുംബ ഫോട്ടോകള്‍ വരെ അപ്‌ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് ഉപഭോക്തക്കള്‍ ഉപയോഗിച്ചിരുന്ന, മെഗാഅപ്‌ലോഡ്' (Megaupload) സൈറ്റിന്റെ പിന്‍ഗാമി പുതിയൊരു ഓണ്‍ലൈന്‍ സ്‌റ്റോറേജ് സൈറ്റായിരിക്കുമെന്നും, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഫയലുകള്‍ക്ക് മേല്‍ നേരിട്ടുള്ള നിയന്ത്രണം നല്‍കുന്നതാകും ആ സര്‍വീസ് എന്നും കിം പ്രസ്താവിച്ചു.

സിനിമ ഉള്‍പ്പടെ കോപ്പിറൈറ്റുള്ള ഉള്ളടക്കം അനധികൃതമായി അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍, അമേരിക്കയുടെ നിര്‍ദേശപ്രകാരം ന്യൂസിലന്‍ഡ് പോലീസാണ്, ആ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന മെഗാഅപ്‌ലോഡ് പൂട്ടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വഴി 17.5 കോടി യു.എസ്.ഡോളര്‍ മെഗാഅപ്‌ലോഡ് സമ്പാദിച്ചതായാണ് അമേരിക്ക ആരോപിക്കുന്നത്.

സൈറ്റിനെതിരെയുള്ള ക്രിമിനല്‍ നടപടി മുന്നോട്ടു കൊണ്ടുപോകാമെന്ന് യു.എസ്.ഫെഡറല്‍ കോടതി ഉത്തരവിട്ട് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മെഗാഅപ്‌ലോഡ് സ്ഥാപകന്‍ കിമ്മിനെ വിചാരണയ്ക്കായി അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനുള്ള നടപടി അടുത്ത മാര്‍ച്ചില്‍ ന്യൂസിലന്‍ഡില്‍ ആരംഭിക്കും.


അമേരിക്ക കേന്ദ്രമായുള്ള വെബ്‌ഹോസ്റ്റിങ് കമ്പനികളാവില്ല 'മെഗാ' സര്‍വീസിനായി സഹകരിക്കുകയെന്ന് കിം വ്യക്തമാക്കി. അതിനാല്‍ സൈറ്റ് നിയമവിരുദ്ധമെന്നാരോപിച്ച് യു.എസ്.അധികൃതര്‍ക്ക് അടച്ചുപൂട്ടാന്‍ കഴിയില്ല. 'പുതിയ മെഗായെ യു.എസ്.പ്രോസിക്യൂട്ടര്‍മാര്‍ ഭീഷണിപ്പെടുത്തില്ല'-കിം റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്ലൗഡ് അധിഷ്ഠിത സര്‍വീസ് ആയിരിക്കും പുതിയ മെഗാ സൈറ്റ് നല്‍കുക. ഫോട്ടോകള്‍, ടെക്‌സ്റ്റ് ഫയലുകള്‍, മ്യൂസിക്, സിനിമ തുടങ്ങിയവ യൂസര്‍മാര്‍ക്ക് എന്‍ക്രിപ്റ്റഡ് ഫയലുകളായി മെഗാ സര്‍വീസില്‍ സൂക്ഷിക്കാം. 'ക്ലൗഡില്‍ നിങ്ങള്‍ സംഭരിക്കുന്ന വിവരങ്ങളുടെ താക്കോല്‍ നിങ്ങളുടെ പക്കല്‍ തന്നെയായിരിക്കും'-കിം പറഞ്ഞു.

വേഗവും സംഭരണശേഷിയും കൂടുതലുള്ളതായിരിക്കും പുതിയ സൈറ്റെന്നും കിം അറിയിച്ചു. പുതിയ സര്‍വീസിലുപയോഗിക്കുന്ന എന്‍ക്രിപ്ഷന്‍ സങ്കേതമാണ്, മെഗാഅപ്‌ലോഡില്‍ നിന്നുള്ള അതിന്റെ പ്രധാന വ്യത്യാസം. എന്‍ക്രിപ്റ്റഡ് ഫയലുകളാകയാല്‍, സൈറ്റിന്റെ ചുമതലക്കാര്‍ക്ക് ഉള്ളടക്കത്തില്‍ ഉത്തരവാദിത്വം ഉണ്ടാകില്ല.

എന്‍ക്രിപ്റ്റഡ് ഫയലുകളാകയാല്‍, എന്താണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് യൂസര്‍ക്ക് മാത്രമേ അറിയാന്‍ കഴിയൂ. അതിനാല്‍, ഫയലുകള്‍ പൈറേറ്റഡ് ഉള്ളടക്കം ഉള്ളവ അല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഉള്ളടക്കം കൈയാളുന്ന യൂസര്‍ക്ക് തന്നെയാകും.
TAGS:
kim dotcom  |  megaupload  |  mega  |  online storage  |  online piracy 


Stories in this Section