പുതിയ ഫയല്‍ ഷെയറിങ് സൈറ്റുമായി കിം ഡോട്ട്‌കോം

Posted on: 20 Jan 2013
പൂട്ടിപ്പോയ 'മെഗാഅപ്‌ലോഡ്' സൈറ്റിന്റെ സ്ഥാപകന്‍ കിം ഡോട്ട്‌കോം പുതിയ ഫയല്‍ഷെയറിങ് സര്‍വീസ് ആരംഭിച്ചു. ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമുള്ള പുതിയ സൈറ്റിന്റെ പേര് 'മെഗാ' (Mega) എന്നാണ്.

കഴിഞ്ഞ ജനവരിയില്‍ അധികൃതര്‍ അടച്ചുപൂട്ടിയ മെഗാഅപ്‌ലോഡ് (Megaupload) സൈറ്റിന്റെ പിന്‍ഗാമി തന്നെയാണ് പുതിയ സര്‍വീസ്. ഏതുതരം ഫയലുകളും അപ്‌ലോഡ് ചെയ്യാനും സൂക്ഷിച്ചു വെയ്ക്കാനും പുതിയ സര്‍വീസ് അവസരമൊരുക്കുന്നു.

ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള മെഗാ സൈറ്റ് (Mega.co.nz) ഞായറാഴ്ച രാവിലെയാണ് ഓണ്‍ലൈനിലെത്തിയത്.

മെഗാഅപ്‌ലോഡ് സൈറ്റ് പൂട്ടുകയും തന്റെ വീടും ഓഫീസും റെയ്ഡ് ചെയ്യുകയും ഓണ്‍ലൈന്‍ ചോരണത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്ത യു.എസ്.അധികൃതരോടുള്ള പ്രതികാരമല്ല പുതിയ സര്‍വീസെന്ന് നേരത്തെ ഡോട്ട്‌കോം പ്രസ്താവിച്ചിരുന്നു.

പുതിയ സൈറ്റ് നിയമവിധേയമായ ഒന്നാണെന്നും അത് പൂട്ടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, ആ ശ്രമം വിഫലമാകുമെന്നും ഡോട്ട്‌കോം പറഞ്ഞു. 'തികച്ചും നിയമപരമായി പ്രവര്‍ത്തിക്കുന്ന സൈറ്റാണിത്; ഡ്രോപ്പ്‌ബോക്‌സ് (Dropbox), ബോക്‌സ്‌നെറ്റ് (Boxnet) തുടങ്ങിയ സൈറ്റുകളെപ്പോലെ' - അദ്ദേഹം അറിയിച്ചു.

മെഗാ സര്‍വീസ് ഓണ്‍ലൈനിലെത്തി മണിക്കൂറുകള്‍ക്കകം രണ്ടരലക്ഷം പേര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി ഡോട്ട്‌കോം ട്വീറ്റില്‍ വെളിപ്പെടുത്തി. തുടക്കത്തിലെ സെര്‍വര്‍ പരിമിതി മൂലം ഒട്ടേറെപ്പേര്‍ക്ക് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല.

ഒരോ യൂസര്‍ക്കും 50 ജിബി ഡേറ്റ വീതം സൗജന്യമായി മെഗാ സര്‍വീസില്‍ സൂക്ഷിക്കാമെന്ന്, ട്വിറ്റര്‍ വഴി ഡോട്ട്‌കോം അറിയിച്ചു. ഈ മേഖലയിലെ മറ്റ് സൈറ്റുകളായ ഡ്രോപ്പ്‌ബോക്‌സ്, മൈക്രോസോഫ്റ്റിന്റെ സ്‌കൈ ഡ്രൈവ് (SkyDrive) തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതിലും കൂടുതലാണിത്.

കിം ഡോട്ട്‌കോം


എന്‍ക്രിപ്റ്റഡ് സങ്കേതം ഉപയോഗിക്കുന്നതിനാല്‍, ഡേറ്റ അപ്‌ലോഡ് ചെയ്തയാള്‍ക്ക് മാത്രമേ അത് കൈകാര്യം ചെയ്യാനാകൂ. ക്ലൗഡില്‍ സൂക്ഷിക്കുന്നതിനാല്‍, ഫയലുകള്‍ വീണ്ടെടുക്കുകയും പങ്കിടുകയും ചെയ്യുന്നത് അനായാസമാകും.

പകര്‍പ്പവകാശമുള്ള ഡേറ്റ പല യൂസര്‍മാരും നിയമവിരുദ്ധമായി ഷെയര്‍ ചെയ്യുന്നു എന്നാരോപിച്ചാണ്, 2012 ല്‍ റെയ്ഡ് ചെയ്ത് മെഗാഅപ്‌ലോഡ് സൈറ്റ് യു.എസ്.അധികൃതര്‍ പൂട്ടിയത്. അത്തരം ഡേറ്റ വഴി കമ്പനിയുടെ സ്ഥാപകനായ ഡോട്ട്‌കോമും മറ്റ് ഉന്നതരും പണമുണ്ടാക്കിയെന്നും ആരോപിക്കപ്പെട്ടു.

ആരോപണങ്ങള്‍ നിഷേധിച്ച ഡോട്ട്‌കോം, അമേരിക്കയ്ക്ക് തന്നെ വിട്ടുകൊടുക്കുന്നതിനെതിരെ ന്യൂസിലന്‍ഡില്‍ നിയമപോരാട്ടത്തിലാണ്. അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറണമോ എന്ന കാര്യം മാര്‍ച്ചില്‍ കോടതി പരിഗണിക്കാനിരിക്കുകയാണ്.

പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും റെയ്ഡിന് മുമ്പ് മെഗാഅപ്‌ലോഡിനെതിരെ തെളിവുകള്‍ ശേഖരിച്ച രീതി ന്യൂസിലന്‍ഡില്‍ വിവാദമുയര്‍ത്തുകയുണ്ടായി. അതിന്റെ പേരില്‍ ഡോട്ട്‌കോമിനോട് ന്യൂസിസന്‍ഡ് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിക് പോലുള്ള പ്രമുഖരുടെ പിന്തുണയും ഡോട്ട്‌കോമിനുണ്ട്.

മെഗാഅപ്‌ലോഡിന് 500 ലക്ഷം യൂസര്‍മാരാണ് ഉണ്ടായിരുന്നത്. സൈറ്റിനെതിരെ നടപടിയുണ്ടായതോടെ, അത്രയും യൂസര്‍മാര്‍ അപ്‌ലോഡ് ചെയ്ത 25 പെറ്റാബൈറ്റ്‌സ് ഡേറ്റ നിയമക്കുരുക്കില്‍ പെട്ടു.

ആ ഡേറ്റ തിരികെക്കിട്ടാനും യൂസര്‍മാര്‍ക്ക് അത് ഉപയോഗിക്കാനുമായി നിയമനടപടി തുടരുകയാണെന്ന് ഡോട്ട്‌കോം ഒരു സന്ദേശത്തില്‍ പറഞ്ഞു.
TAGS:
kim dotcom  |  file sharing site  |  mega  |  copyright issue  |  megaupload 


Stories in this Section