'വിമതഫോണു'മായി മുന്‍ നോക്കിയ സംഘം

Posted on: 21 May 2013


-സ്വന്തം ലേഖകന്‍
നോക്കിയ വിട്ട് പോയവര്‍ പുതിയ സ്മാര്‍ട്ട്‌ഫോണുമായി രംഗത്തേക്ക്. 'വിമതഫോണ്‍' എന്ന് വിശേഷിപ്പിക്കാവുന്ന യോള ( Jolla ) സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം വിപണിയിലെത്തും. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിന്റെ വില 513 ഡോളര്‍ (ഏതാണ്ട് 28,000 രൂപ) ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫിന്നിഷ് മൊബൈല്‍ ഭീമനായ നോക്കിയയില്‍നിന്ന് വിട്ടുപോയ സംഘം ഹെല്‍സിങ്കിയില്‍ 2011 ല്‍ സ്ഥാപിച്ച യോള ലിമിറ്റഡ് കമ്പനിയാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്. നോക്കിയ മുമ്പ് രൂപംനല്‍കിയ മീഗോ ( MeeGo ) ഓപ്പറേറ്റിങ് സിസ്റ്റം ഏറ്റെടുത്ത് 'സെയ്ല്‍ഫിഷ് ഒഎസ്' ( Sailfish operating system ) ആയി വികസിപ്പിക്കുകയാണ് യോള ചെയ്തത്.

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു മൊബൈല്‍ ഒഎസിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തുന്നു എന്നതാണ് യോളയുടെ സവിശേഷത. സെയ്ല്‍ഫിഷ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ ആദ്യമായാണ് പുറത്തുവിടുന്നത്.


സെയ്ല്‍ഫിഷ് ഒരു ഓപ്പണ്‍ സോഫ്റ്റ്‌വേറാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിനായി വികസിപ്പിച്ച ആപ്ലിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും. 4ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കാനും സെയ്ല്‍ഫിഷ് ഒഎസിനാകും.

സെയ്ല്‍ഫിഷിന്റെ യൂസര്‍ ഇന്റര്‍ഫേസ് പൂര്‍ണമായും നിയന്ത്രിക്കുന്നത് സെയ്പ്പുകളും ആംഗ്യങ്ങളും കൊണ്ടാണ്. നാവിഗേഷന്‍ കട്ടകളേ അതിലില്ല. ഡ്യുവല്‍കോര്‍ പ്രൊസസറാണ് യോളയ്ക്ക് കരുത്തു പകരുക. എട്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. മാറ്റിവെയ്ക്കാവുന്ന ബാറ്ററിയും ഫോണിലുണ്ട്.

'ശരിക്കും സ്വതന്ത്രമായ' ഒരു മൊബൈലാണ് യോളയെന്ന്, യോളയുടെ സോഫ്റ്റ്‌വേര്‍ മേധാവി മാര്‍ക് ഡില്ലന്‍ പറഞ്ഞു. 4.5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് യോള സ്മാര്‍ട്ട്‌ഫോണിനുള്ളത്.

മറ്റിവെയ്ക്കാവുന്ന പുറകുവശത്തെ പാനലിന് 'ദി അഥര്‍ ഹാഫ്' ( The Other Half ) എന്നാണ് പേര്. വ്യത്യസ്ത നിറങ്ങളില്‍ പിന്‍പാനല്‍ ഉണ്ട്. പിന്‍പാനല്‍ ഏത് നിറത്തിലുള്ളതാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച്, സ്‌ക്രീനിലും നിറഭേദങ്ങളുണ്ടാകും.


സെയ്ല്‍ഫിഷ് ഒഎസ് ആണ് യോളയുടെ തുറുപ്പുശീട്ട്. നോക്കിയ വികസിപ്പിച്ച് ഉപേക്ഷിച്ച ഒഎസ് ആണത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സോഫ്റ്റ്‌വേറിന് വേണ്ടിയായിരുന്നു സെയ്ല്‍ഫിഷിനെ നോക്കിയ കൈവിട്ടത്. നോക്കിയയുടെ ആ നീക്കത്തില്‍ പ്രതിഷേധിച്ച് പുറത്തുപോയവരാണ്, ഇപ്പോള്‍ യോളയുമായി രംഗത്തെത്തുന്നത്. അതുകൊണ്ട് യോളയെ 'വിമതഫോണ്‍' എന്ന് പലരും വിശേഷിപ്പിക്കുന്നു.

മീഗോ സോഫ്റ്റ്‌വേര്‍ അടിസ്ഥാനമാക്കി ഒറ്റ ഹാന്‍ഡ്‌സെറ്റ് മാത്രമാണ് നോക്കിയ പുറത്തിറക്കിയത് - N9-00 മാത്രം. ആ സോഫ്റ്റ്‌വേറിന് നോക്കിയ വേണ്ട അവസരം നല്‍കിയില്ലെന്ന് മീഗോ ടീമിലുണ്ടായിരുന്നു പലരും കരുതുന്നു.


TAGS:
jolla  |  nokia  |  meego  |  sailfish operating system  |  smartphones 


Stories in this Section