വിവര്‍ത്തനം വിരല്‍ത്തുമ്പില്‍ !

Posted on: 28 Jan 2013
ഭാഷ എവിടെയും പ്രശ്‌നമാണ്; വിവര്‍ത്തനവും. എന്നാല്‍, അച്ചടിച്ച കടലാസിലെ വാക്കിന് കീഴില്‍ പേനയോ പെന്‍സിലോ കൊണ്ട് വരയിടുമ്പോള്‍, ആ വാക്കിന്റെ വിവര്‍ത്തനം നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ അതേ പ്രതലത്തില്‍ തെളിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. തീര്‍ച്ചയായും പുതിയൊരു സാധ്യതയാണ് അത് തുറന്നു തരിക.

വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ പുതിയ പാത വെട്ടിത്തെളിക്കുകയാണ് മൂന്ന് ഡിസൈനര്‍മാര്‍ ചേര്‍ന്ന്. അവര്‍ വികസിപ്പിക്കുന്ന ഉപകരണമാണ് 'ഐവി ഗൈഡ്' (Ivy Guide).

ചെറിയൊരു സ്‌കാനര്‍/പ്രൊജക്ടര്‍ പോലെയാണ് ഐവി ഗൈഡ് പ്രവര്‍ത്തിക്കുക. പേനയിലോ പെന്‍സിലിലോ അനായാസം ഘടിപ്പിക്കാന്‍ പാകത്തിലാണ് അതിന്റെ രൂപകല്‍പ്പന.

യു.എസ്.ബി.യില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യാം


അതിലെ ട്രാന്‍സ്‌ലേഷന്‍ ബട്ടണ്‍ ഓണ്‍ ചെയ്ത ശേഷം പേനയുപയോഗിച്ച് (അല്ലെങ്കില്‍ പെന്‍സിലുപയോഗിച്ച്) ഏതെങ്കിലും വാക്കിന് കീഴില്‍ വരയിടുമ്പോള്‍, ഐവി ഗൈഡ് അത് സ്‌കാന്‍ ചെയ്യും. എന്നിട്ട്, വിവര്‍ത്തനത്തിനായി നിങ്ങള്‍ നിശ്ചയിച്ച ഭാഷയിലുള്ള തത്തുല്യമായ വാക്ക് ആ കടലാസില്‍ തന്നെ പ്രൊജക്ട് ചെയ്ത് കാണിക്കും. ബട്ടണില്‍ അമര്‍ത്തിയാല്‍ അത് അപ്രത്യക്ഷമാകും.

ഒരു കമ്പ്യൂട്ടറിന്റെ യു.എസ്.ബി.പോര്‍ട്ടില്‍ ഘടിപ്പിച്ച് ഐവി ഗൈഡ് ചാര്‍ജ് ചെയ്യുകയുമാകാം.

ഭാഷ കൂടുതല്‍ മികവോടെ മനസിലാക്കാന്‍ ഈ സങ്കേതം സഹായിക്കും. പല രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കും, പല ഭാഷകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നവര്‍ക്കും, പുതിയ ഭാഷ പഠിക്കുന്നവര്‍ക്കുമൊക്കെ ഈ സങ്കേതം തുണയാകും.

ഷി ജിയാന്‍, സണ്‍ ജിയാഹാവോ, ലി കി എന്നീ ഡിസൈനര്‍മാരാണ് ഐവി ഗൈഡ് എന്ന ഉപകരണം വികസിപ്പിക്കാന്‍ രംഗത്തുള്ളത്. രൂപകല്‍പ്പനയുടെ ഘട്ടത്തിലാണ് ഇത്. അതിനാല്‍ എന്ന് വിപണിയിലെത്തുമെന്ന് ചോദിക്കരുത്.
TAGS:


Stories in this Section