ഐഫോണ്‍ 5 ല്‍ വേഗമേറിയ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് -റിപ്പോര്‍ട്ട്

Posted on: 09 Sep 2012




ആപ്പിള്‍ കമ്പനിയുടെ അടുത്ത ഐഫോണ്‍ വേഗമേറിയ 4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, യു.എസ്., യൂറോപ്പ്, ഏഷ്യ തുടങ്ങി ലോകത്തെവിടെയുമുള്ള നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നതാകും പുതിയ ഐഫോണെന്നും റിപ്പോര്‍ട്ട് പറയുന്നു.

4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിനെ പിന്തുണയ്ക്കുന്നതാകും ഐഫോണ്‍ 5 എന്ന വിവരം 'വാള്‍സ്ട്രീറ്റ് ജേര്‍ണലാ'ണ് റിപ്പോര്‍ട്ട് ചെയ്തത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആപ്പിളിന്റെ മുഖ്യപ്രതിയോഗിയായ സാംസങ് ഇപ്പോള്‍ തന്നെ 4ജി ഉള്ള രണ്ടു മോഡലുകള്‍ രംഗത്തെത്തിച്ചിട്ടുണ്ട് -ഗാലക്‌സി നോട്ടും (ഏമഹമഃ്യ ചീലേ) ഗാലക്‌സി എസ് മൂന്നും.

ഐഫോണിനില്ലെന്ന് സാംസങ് അവകാശപ്പെട്ടിരുന്ന 4ജി പിന്തുണ ഐഫോണ്‍ 5 ല്‍ വരുന്നതോടെ, ആപ്പിളിന് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ പിടി ഒന്നുകൂടി മുറുക്കാനാകും.

അടുത്ത തലമുറ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സങ്കേതമാണ് എല്‍.ടി.ഇ (LTE). ഉള്ളടക്കഘടകങ്ങളും വീഡിയോ സ്ട്രീമിങും വെബ് ബ്രൈസിങുമെല്ലാം ഉന്നതവേഗത്തില്‍ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.

അമേരിക്കയില്‍ ടി-മൊബൈല്‍, എടി ആന്‍ഡ് ടി, വെറൈസണ്‍ തുടങ്ങിയവയൊക്കെ യു.എസില്‍ അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന മൊബൈല്‍ കമ്പനികളാണ്.

ഇത്തരം മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളെ 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം, അതിവേഗ വയര്‍ലെസ്സ് കണക്ഷന്‍ വഴി ഡേറ്റാകൈമാറ്റം ഏറും, വരുമാനവും വര്‍ധിക്കും.

ആപ്പിളിന്റെ ക്ഷണക്കത്ത്


പുതിയ ഫോണിന് ഐഫോണ്‍ 5 എന്നാണ് പേരിട്ടിരിക്കുന്നതെന്നതിന് സൂചന ആപ്പിള്‍ തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ 'യെര്‍ബ ബ്യുവേന സെന്റര്‍ ഓഫ് ആര്‍ട്‌സി'ല്‍ സപ്തംബര്‍ 12 ന് നടക്കുന്ന മാധ്യമസമ്മേളനത്തിന് ആപ്പിള്‍ അയച്ച ക്ഷണക്കത്തിലാണ് ആ സൂചനയുള്ളത്.

എല്‍.ടി.ഇ. പിന്തുണ മാത്രമല്ല, ഐഫോണ്‍ 5 ന് വലിയ സ്‌ക്രീനാകും ഉള്ളതെന്നും പലകേന്ദ്രങ്ങളും ഇതിനകം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

ഒരുകാര്യം ഏതായാലും തീരുമാനമായിട്ടുണ്ട് -ഐഫോണ്‍ 5 പ്രവര്‍ത്തിക്കുക ഐഒഎസ് 6 (iOS 6) പ്ലാറ്റ്‌ഫോമിലാകും. ജൂണിലാണ് മൊബൈല്‍ സോഫ്റ്റ്‌വേറായ ഐഒഎസ് 6 ആപ്പിള്‍ അവതരിപ്പിച്ചത്.
TAGS:
iphone 5  |  apple  |  ios 6  |  lte networks  |  4g lte  |  smartphone 


Stories in this Section