ഇന്‍ടെക്‌സിന്റെ ഐ-ബഡ്ഡി ടാബ്‌

Posted on: 31 Jul 2012


-പി.എസ്.രാകേഷ്‌
ഇന്ത്യന്‍ ബ്രാന്‍ഡ് മൊബൈല്‍ഫോണ്‍ കമ്പനികളെല്ലാം ഇപ്പോള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ രംഗത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. കാര്‍ബണ്‍, മൈക്രോമാക്‌സ് എന്നിവയ്‌ക്കെല്ലാം സ്വന്തമായി ടാബ്‌ലറ്റ് ബ്രാന്‍ഡുണ്ട്്. വില കുത്തനെ കുറഞ്ഞു എന്നതാണ് ഈ രംഗത്തേക്ക് ഇന്ത്യന്‍ കമ്പനികള്‍ വന്നതുകൊണ്ടുണ്ടായ നേട്ടം. പതിനായിരം രൂപ പരിധിയിലായിരുന്നു നേരത്തെ ലോ-എന്‍ഡ് ടാബുകള്‍ കിട്ടിയിരുന്നതെങ്കില്‍, ഇപ്പോഴത് 7000 രൂപയായിട്ടുണ്ട്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടാബുകള്‍ പ്രകടനത്തിന്റെ കാര്യത്തിലും അത്ര മോശമല്ല. ഡിസ്‌പ്ലെ, ഔട്ട്പുട്ട് എന്നിവയില്‍ ആപ്പിള്‍ ഐപാഡിന്റെയോ സാംസങ് ഗാലക്‌സി പാഡിന്റെയോ മേന്‍മ പ്രതീക്ഷിക്കാനാവില്ലെങ്കിലും, അത്യാവശ്യം ഇന്റര്‍നെറ്റ് നോക്കാനും വീഡിയോ കാണാനുമൊക്കെ ഇവ ധാരാളം മതി.

ഇന്ത്യന്‍ ടാബ്‌ലറ്റ് നിരയിലേക്കെത്തിയ ഏറ്റവും പുതിയ അംഗമാണ് ഇന്‍ടെക്‌സിന്റെ ഐ-ബഡ്ഡി ടാബ്‌ലറ്റ് (i-Buddy tablet). ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടെക്‌സ് ടെക്‌നോളജീസ് ആണ് നിര്‍മാതാക്കള്‍. കമ്പ്യൂട്ടര്‍ ആക്‌സസറീസ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ നിര്‍മാതാക്കളായ ഇന്‍ടെക്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 779 കോടിരൂപാ വിറ്റുവരവ് നേടിയിരുന്നു.

ഒമ്പതു മില്ലിമീറ്റര്‍ മാത്രം കനമുള്ള ഐ-ബഡ്ഡിയാണ് ഏഴിഞ്ച് ശ്രേണിയില്‍ ഇന്ത്യയിലിറങ്ങിയ ഏറ്റവും കനം കുറഞ്ഞ ടാബെന്ന് കമ്പനി അവകാശപ്പെടുന്നു. 6500 രൂപയാണ് ഇതിന്റെ വില. ആന്‍ഡ്രോയിഡ് 4.0 (ഐസ്‌ക്രീം സാന്‍വിച്ച്) വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ-ബഡ്ഡിയില്‍ ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാം എന്നിവയാണുള്ളത്.


ഏഴിഞ്ച് വിസ്താരമുളള മള്‍ട്ടിടച്ച് കപ്പാസിറ്റീവ് സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 480 ഗുണം 800 പിക്‌സല്‍സ്. നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയുണ്ട്. 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാം. വി.ജി.എ. ഫ്രണ്ട് ക്യാമറയുള്ളതിനാല്‍ വീഡിയോ ചാറ്റിങും നടക്കും. 2350 എം.എ.എച്ച്. ലിത്തിയം-അയണ്‍ പോളിമര്‍ ബാറ്ററിയാണ് ഈ ടാബിന് ഊര്‍ജം പകരുന്നത്.

വൈഫൈ കണക്ടിവിറ്റി സപ്പോര്‍ട്ട് ചെയ്യുന്ന ഐ-ബഡ്ഡിയില്‍ ഇന്‍ടെക്‌സിന്റെ ഡോംഗിള്‍ ഉപയോഗിച്ച് ത്രിജി സംവിധാനവുമേര്‍പ്പെടുത്താം. റിലയന്‍സ്, എയര്‍സെല്‍ എന്നീ കമ്പനികളൂടെ നെറ്റ്‌വര്‍ക്കിലേക്കാണ് ഇന്‍ടെക്‌സ് ത്രിജി ഡോംഗിള്‍ പ്രവേശനം ഉറപ്പാക്കുക. 1550 രുപയാണ് ഇന്‍ടെക്‌സ് ത്രിജി ഡോംഗിളിന്റെ വില.

ഏതാണ്ട് എല്ലാ വീഡിയോ, ഓഡിയോ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന ഐ-ബഡ്ഡി ടാബില്‍ കാല്‍ക്കുലേറ്റര്‍, കലന്‍ഡര്‍, ആംഗ്രി ബേഡ്‌സ്, ഫ്രൂട്ട് നിഞ്ച തുടങ്ങിയ ആപ്‌സും ഗെയിംസും ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആപ്‌സ് വേണമെന്നുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ലോഞ്ചിങ് വേളയിലെ പ്രമോഷനല്‍ ഓഫര്‍ എന്ന നിലയ്ക്ക് ഐ-ബഡ്ഡി ടാബിനൊപ്പം 2600 രൂപ വിലയുള്ള ലെതര്‍ കവര്‍ കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. വളരെ നേരിയൊരു കീബോര്‍ഡ് കൂടി ഈ കവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലെതര്‍കവര്‍ ഉപയോഗിച്ച് ടാബിനെ ഒരു നെറ്റ്ബുക്ക് പോലെ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു.

ഒരുവര്‍ഷത്തെ വാറന്റിയുമായി എത്തുന്ന ഐ-ബഡ്ഡി രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം മുഴുവന്‍ ലഭിച്ചുതുടങ്ങും. ദക്ഷിണേന്ത്യന്‍ വിപണികളിലാണ് ഐ-ബഡ്ഡി ആദ്യമായി എത്തുക. സ്‌നാപ്ഡീല്‍ പോലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇപ്പോള്‍ തന്നെ ടാബ് വില്‍പനയ്‌ക്കെത്തിക്കഴിഞ്ഞു. 6300 രൂപ വിലയുള്ള മൈക്രോമാക്‌സ് ഫണ്‍ബുക്ക് ആയിരിക്കും ഐ-ബഡ്ഡിയുടെ പ്രധാന എതിരാളി.


Stories in this Section