ഇന്റര്‍നെറ്റിന്റെ സൃഷ്ടാക്കള്‍ക്ക് എന്‍ജിനീയറിങ് പുരസ്‌കാരം

Posted on: 19 Mar 2013റോബര്‍ട്ട് കോഹ്ന്‍, ലൂയിസ് പൗസിന്‍ എന്നിവര്‍


ഇന്റര്‍നെറ്റിനെ ആധുനിക വിവരവിനിമയ വിപ്ലവത്തിന്റെ നട്ടെല്ലാക്കി മാറ്റിയ അഞ്ച് പ്രമുഖര്‍ പ്രഥമ 'ക്യൂന്‍ എലിസബത്ത് പ്രൈസ് ഫോര്‍ എന്‍ജീനിയറിങ്' പങ്കിട്ടു. ടിം ബേണേഴ്‌സ്-ലീ, റോബര്‍ട്ട് കോഹ്ന്‍, വിന്റണ്‍ സെര്‍ഫ്, ലൂയിസ് പൗസിന്‍, മാര്‍ക് ആര്‍ഡ്രീസന്‍ എന്നിവര്‍ പത്തുലക്ഷം പൗണ്ട് (8 കോടി രൂപ) വരുന്ന സമ്മാനത്തുക പങ്കിടും.

പോയ പതിറ്റാണ്ടുകളില്‍ ലോകം സാക്ഷിയായ ആശയവിനിമയ വിപ്ലവത്തിന്റെ ആണിക്കല്ലായി മാറിയത്, ഈ അഞ്ചുപേര്‍ നടത്തിയ മുന്നേറ്റങ്ങള്‍ ആയിരുന്നുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

എന്‍ജിനീയറിങ് രംഗത്തിന് നൊബേല്‍ പുരസ്‌കാരമില്ല. ആ കുറവ് പരിഹരിക്കാനുള്ള നീക്കമായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

വിന്റണ്‍ സെര്‍ഫും ടിം ബേണേഴ്‌സ്-ലീയും


അവാര്‍ഡ് ജേതാക്കളില്‍ ഏറ്റവും അറിയപ്പെടുന്ന വ്യക്തി ബേണേഴ്‌സ്-ലീ ആണ്. 1980 കളുടെ അവസാനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്, വേള്‍ഡ് വൈഡ് വെബ്ബ് (www) രൂപപ്പെടുത്തിയത്. ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പങ്കുവെയ്ക്കല്‍ എളുപ്പമാക്കുക വഴി, സാധാരണക്കാരുടെ പക്കല്‍ ഇന്റര്‍നെറ്റിനെ എത്തിച്ചത് വെബ്ബിന്റെ ആവിര്‍ഭാവമാണ്.

ഇന്റര്‍നെറ്റ് എന്ന വിവരവിനിമയ ശൃംഗല യാഥാര്‍ഥ്യമാക്കിയത്, അതിലൂടെ ഡേറ്റ എങ്ങനെ കൈമറ്റം ചെയ്യപ്പെടണം എന്ന് നിശ്ചയിച്ചതോടെയാണ്. TCP/IP പ്രോട്ടോക്കോളുകളാണ് അതിന് വഴിയൊരുക്കിയത്. ആ പ്രോട്ടോക്കോളുകള്‍ക്ക് 1970 കളില്‍ രൂപംനല്‍കിയ വിദഗ്ധരാണ് റോബര്‍ട്ട് കോഹ്ന്‍, വിന്റണ്‍ സെര്‍ഫ് എന്നിവര്‍.

മാര്‍ക് ആര്‍ഡ്രീസന്‍
ഇന്റര്‍നെറ്റിലൂടെ അയയ്ക്കപ്പെടുന്ന ഡേറ്റ ലക്ഷ്യസ്ഥാനത്ത് എത്താന്‍ പാകത്തില്‍, അതിനെ ശരിയായി ലേബല്‍ ചെയ്യാനുള്ള സങ്കേതം കണ്ടെത്തയത് ലൂയിസ് പൗസിന്‍ ആണ്.

വേര്‍ഡ് വൈഡ് വെബ്ബിന്റെ ആവിര്‍ഭാവത്തെ തുടര്‍ന്ന്, ഇന്റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ വലിയ പങ്ക് വഹിച്ചത് 'മൊസൈക്' (Mosaic) എന്ന ബ്രൗസറിന്റെ രംഗപ്രവേശമാണ്. ആദ്യത്തെ ജനകീയ ബ്രൗസറായ മൊസൈക് വികസിപ്പിച്ച വിദഗ്ധനാണ് മാര്‍ക് ആന്‍ഡ്രീസന്‍.

ബക്കിങ്ഹാം കൊട്ടാരത്തില്‍വെച്ച് ജൂണില്‍ ബ്രിട്ടീഷ് രാജ്ഞി അവാര്‍ഡ് വിതരണം ചെയ്യും.


Stories in this Section