ഇന്റര്‍നെറ്റ് 'ജീവിതത്തിലെ അനിവാര്യ ഘടകം'-ജര്‍മന്‍ കോടതി

Posted on: 27 Jan 2013
ഇന്റര്‍നെറ്റ് മനുഷ്യജീവിതത്തിന്റെ 'അനിവാര്യ ഘടകമാണെന്നും', ഇന്റര്‍നെറ്റ് സര്‍വീസ് മുടക്കിയാല്‍ സേവനദാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും ജര്‍മന്‍ ഫെഡറല്‍ കോടതി വിധിച്ചു.

തന്റെ ഡി.എസ്.എല്‍. കണക്ഷന്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്ന ഒരാള്‍ നല്‍കിയ കേസിലാണ്, കാള്‍സൃഹെയിലെ ഫെഡറല്‍ കോടതി ജഡ്ജി കഴിഞ്ഞ ദിവസം ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

2008 അവസാനവും 2009 ആദ്യവുമായി രണ്ടുമാസക്കാലം തനിക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നതിന്റെ പേരിലായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്തതിന് തനിക്ക് നഷ്ടപരിഹാരം വേണമെന്നായിരുന്നു വാദം.

അനിവാര്യമായ സംഗതികള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള വകുപ്പ് ജര്‍മന്‍ നിയമത്തിലുണ്ട്. 'ഇന്ന് ഇന്റര്‍നെറ്റിന് വലിയ പങ്കാണുള്ളത്. വ്യക്തിജീവിതത്തെ അത് വളരെ നിര്‍ണായകമായി ബാധിക്കുന്നു. അതിനാല്‍, ഒരു കാര്‍ നഷ്ടപ്പെടുന്നതുമായി താരതമ്യം ചെയ്യാവുന്ന സംഗതിയാണ് ഇന്റര്‍നെറ്റ് സര്‍വീസ് മുടങ്ങുന്നത്' -കോടതി പറഞ്ഞു.


Stories in this Section