വയര്‍ലെസ് കമ്മ്യൂണിക്കേന് കരുത്തേകാന്‍ ഇന്റലിന്റെ വൈഫൈ ചിപ്പ്

Posted on: 23 Sep 2012


-സ്വന്തം ലേഖകന്‍
അടുത്തയിടെ ഇന്റല്‍ അവതരിപ്പിച്ച വൈഫൈ ചിപ്പ്, കമ്മ്യൂണിക്കേഷന്‍ രംഗത്ത് പുത്തന്‍ കുതിപ്പിന് വഴിതെളിച്ചേക്കുമെന്ന് നിരീക്ഷകര്‍. ഒരു പതിറ്റാണ്ടുനീണ്ട ഗവേഷണത്തിന്റെ ഫലമാണ് പുതിയ മുന്നേറ്റം ഇന്റലിന് സാധ്യമായത്. വൈഫൈ റേഡിയോയെ കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുമായി ആഴത്തില്‍ കൂട്ടിയിണക്കാന്‍ ഇത് സഹായിക്കും.

ഒരാഴ്ച മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഇന്റല്‍ ഡെവലപ്പര്‍ ഫോറത്തിലാണ്, മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ആറ്റം പ്രൊസസറിനൊപ്പം ഡിജിറ്റല്‍ വൈഫൈ റേഡിയോ കൂട്ടിയിണക്കിയ ചിപ്പിന്റെ ആദ്യരൂപം അവതരിപ്പിക്കപ്പെട്ടത്. മൈക്രോപ്രൊസസറുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അതേ ചിപ്പുകള്‍കൊണ്ട് വൈഫൈ റേഡിയോയും സാധ്യമാകുമെന്നാണ് ഇന്റല്‍ തെളിയിച്ചത്.

പരമ്പരാഗതമായി വൈഫൈ റേഡിയോകള്‍ താരതമ്യേന വലിയ ഉപകരണങ്ങളാണ്. ചിപ്പിന് വെളിയിലാണ് അവ സ്ഥിതിചെയ്യുക. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ചിപ്പിനുള്ളില്‍ തന്നെ വൈഫൈ റേഡിയോകളെ കുടിയിരുത്താനാകുമെന്ന് ഇന്റല്‍ പറയുന്നു.

മൂന്നു സംഗതികള്‍ ഇതുവഴി സംഭവിക്കാമെന്ന് 'ടെക്‌നോളജി റിവ്യൂ' വിലയിരുത്തുന്നു. കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വയര്‍ലെസ്സായി പ്രവര്‍ത്തിക്കാനാകും എന്നതാണ് ആദ്യത്തേത്. രണ്ടാമതായി, അത്തരം ഉപകരണങ്ങള്‍ കൂടുതല്‍ ഊര്‍ജക്ഷമതയാര്‍ജിക്കും. വിവിധ ഡിജിറ്റല്‍ റേഡിയോകളെ ഒറ്റ ചിപ്പില്‍ കുടിയിരുത്താം എന്നതാണ് മൂന്നാമത്തെ സംഗതി. മൊബൈല്‍ ഫോണുകള്‍ പോലുള്ള ഗാഡ്ജറ്റുകളുടെ വിലകുറയാന്‍ ഇത് വഴിയൊരുക്കും.

ഡിജിറ്റല്‍ വൈഫൈ റെഡിയോയുമായി ബന്ധപ്പെട്ട രണ്ട് സങ്കേതങ്ങളാണ് ഇന്റല്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. 'ഇന്റല്‍ ലാബ്‌സ്' വികസിപ്പിച്ച അവയില്‍ ആദ്യത്തേതിന് 'മൂര്‍സ് ലോ റേഡിയോ' ('Moore's Law Radio') എന്നാണ് പേരിട്ടിരിക്കുന്നത്. 32 നാനോമീറ്റര്‍ സാങ്കേതികവിദ്യയുപയോഗിച്ച് രൂപപ്പെടുത്തിയ ആദ്യ പൂര്‍ണ വൈഫൈ ഡിജിറ്റല്‍ റേഡിയോ എന്നാണ് 'മൂര്‍സ് ലോ റേഡിയോ'യെ ഇന്റല്‍ വിശേഷിപ്പിക്കുന്നത്.

'റോസ്‌പോയന്റ്' (Rosepoint)
എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തേത്, രണ്ട് ആറ്റം പ്രൊസസര്‍ കോറുകള്‍ ഒരു ഡിജിറ്റല്‍ വൈഫൈ ട്രാന്‍സീവറുമായി ചേര്‍ത്ത് ഒറ്റ ചിപ്പില്‍ സമ്മേളിപ്പിച്ചതാണ്.

റേഡിയോ എന്ന് കേള്‍ക്കുമ്പോള്‍, ആകാശവാണി പരിപാടികള്‍ കേള്‍ക്കാനുപയോഗിക്കുന്ന ആ ഇലക്ട്രോണിക് പെട്ടിയെന്ന കേവല അര്‍ഥത്തില്‍ എടുക്കരുത്. വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന 3ജി, 4ജി, വൈഫൈ, ബ്ലൂത്ത്ടൂത്ത് തുടങ്ങിയവയൊക്കെ വ്യത്യസ്ത റേഡിയോകളാണ്. ജി.പി.ആര്‍.എസിന്റെ പൂര്‍ണരൂപം തന്നെ 'ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വീസ്' എന്നാണെന്നോര്‍ക്കുക.

ഏത് റേഡിയോയും സാങ്കേതികമായി പറഞ്ഞാല്‍ 'ട്രാന്‍സീവേഴ്‌സ്' (transceivers) ആണ്. പൊതുവായ ചില ഘടകങ്ങള്‍ ഇവയ്ക്ക് കൂടിയേ തീരൂ. പുറത്തുനിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന റിസീവര്‍, പുറത്തേക്ക് സിഗ്നലുകള്‍ അയയ്ക്കാനുള്ള ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് പ്രധാനം. ദുര്‍ബല സിഗ്നലുകളെ ശക്തിപ്പെടുത്താനുള്ള ആംപ്ലിഫയറുകള്‍, സിഗ്നലുകള്‍ തിരഞ്ഞെടുക്കാനും ട്യൂണ്‍ ചെയ്യാനുമുള്ള ഫില്‍ട്ടറുകള്‍, മിക്‌സറുകള്‍ എന്നിവ. മോഡുലേഷനും ഡീമോഡുലേഷനും, ഡേറ്റാ എന്‍കോഡിങിനും ഡീകോഡിങിനും ആവശ്യമായ ബേസ്ബാന്‍ഡ്. ഇവയാണ് പൊതുവായ ഘടകങ്ങള്‍.

ഈ റേഡിയോ ഘടകങ്ങള്‍ ഒന്നൊന്നായി ഡിജിറ്റല്‍രൂപത്തിലാക്കുന്നതില്‍ പോയ വര്‍ഷങ്ങളില്‍ എന്‍ജിനിയര്‍മാര്‍ വിജയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ബേസ്ബാന്‍ഡ്‌സ് ഏറെ വര്‍ഷങ്ങളായി ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്.

ബ്ലൂടൂത്ത് റേഡിയോകളും ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍ രൂപത്തിലാക്കുന്നതില്‍ സാങ്കേതികരംഗം വിജയിച്ചു കഴിഞ്ഞു. 3ജി സര്‍വീസിനുള്ള പ്രധാന റേഡിയോ ഘടകങ്ങളെല്ലാം ഇന്റല്‍ തന്നെ ഇതിനകം ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ആവര്‍ത്തി പരിധികളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈഫൈ റേഡിയോ ഇനിയും അനലോഗ് രൂപത്തില്‍ നിന്ന് ഡിജിറ്റലാക്കുന്നതില്‍ പൂര്‍ണമായി വിജയിക്കാനായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ്, മൈക്രോപ്രൊസസറുകള്‍ക്കുള്ള അതേ ചിപ്പുകള്‍കൊണ്ട് വൈഫൈ റേഡിയോ സാധ്യമാകുമെന്ന് ഇന്റല്‍ തെളിയിച്ചിരിക്കുന്നത്. രണ്ടും ഒരേ ചിപ്പുകള്‍കൊണ്ട് നിര്‍മിക്കുന്നതിനാല്‍, നിര്‍മാണം സുഗമമാകും. ഏത് ചിപ്പിലും വൈഫൈ റേഡിയോ ഉള്‍പ്പെടുത്തുക കുറഞ്ഞ ചെലവില്‍ സാധിക്കും.

ചിപ്പിനുള്ളില്‍ തന്നെ വൈഫൈ റേഡിയോ കുടിയിരിക്കുമെന്ന് വന്നാല്‍, ചിപ്പുപയോഗിക്കുന്ന ഏത് ഉപകരണത്തിനും വയര്‍ലെസ് കണക്ടിവിറ്റി സാധ്യമാകും-എസ്.ഡി.കാര്‍ഡായാലും ഡിഷ്‌വാഷറുകളായാലും ടെലിവിഷനായാലും കാറായും വ്യത്യാസമില്ല-എ.ബി.ഐ.യിലെ വിദഗ്ധന്‍ പീറ്റര്‍ കൂനേയ് അഭിപ്രായപ്പെടുന്നു.

ചിപ്പുകള്‍ ചെറുതാകുമ്പോള്‍ സ്വാഭാവികമായും വൈഫൈ റേഡിയോകളും അതിനനുസരിച്ച് ചെറുതാകും. സ്വാഭാവികമായും ഊര്‍ജോപയോഗം കുറയും.
TAGS:
intel  |  wi-fi chip  |  wi-fi radio  |  rosepoint  |  moore's law radio  |  innovation 


Stories in this Section