സൂക്ഷിക്കുക; ഇന്‍സ്റ്റഗ്രാമിന്റെ പേരില്‍ വ്യാജന്‍

Posted on: 21 Apr 2012


-സ്വന്തം ലേഖകന്‍
അസാധാരണ വിജയമായി മാറിയ 'ഇന്‍സ്റ്റഗ്രാം' ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്റെ പേരില്‍ വ്യാജപ്രോഗ്രം പ്രചരിക്കുന്നതായി മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിന്റെ വ്യാജനാണ് കെണിയൊരുക്കുന്നതത്രേ. വ്യാജ എസ്.എം.എസിലൂടെ ഉപയോക്താക്കളുടെ പക്കല്‍നിന്ന് പണം തട്ടുകയാണ് ലക്ഷ്യം.

ഇന്‍സ്റ്റഗ്രാമിന്റെ പ്രശസ്തി സൈബര്‍ക്രിമിനലുകള്‍ ചൂഷണം ചെയ്യുന്ന കാര്യം സുരക്ഷാ സൈറ്റായ 'സോഫോസ്' (Sophos) ആണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ക്രിമിനലുകളാണ് വ്യാജ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ഗൂഗിള്‍ പ്ലേ' സ്റ്റോറില്‍
നിന്നല്ലാതെ മറ്റേതെങ്കിലും സൈറ്റില്‍നിന്ന് ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍, ചിലപ്പോള്‍ ആ പേരിലുള്ള ദുഷ്ടപ്രോഗ്രാമാകും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെത്തുകയെന്ന് സോഫോസ് പറയുന്നു.

ദുഷ്ടപ്രോഗ്രം (malware) ഇന്‍സ്‌റ്റോള്‍ ചെയ്യപ്പെട്ടാല്‍, നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ അനാവശ്യ ടെക്‌സ്റ്റ് മെസേജുകള്‍ സ്വയം അയയ്ക്കാനാരംഭിക്കും. എന്നാല്‍, അതിലൂടെ ക്രിമിനലുകള്‍ എങ്ങനെയാണ് കാശ് തട്ടുന്നതെന്ന് സോഫോസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലില്ല.

കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കിയത്. ഒരാഴ്ച്ചയ്ക്കകം അത് 50 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ആന്‍ഡ്രോയിഡ് പതിപ്പിറങ്ങി അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ നൂറുകോടി ഡോളര്‍ (ഏതാണ്ട് 5000 കോടി രൂപ) നല്‍കി ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു എന്ന വിവരവും പുറത്തുവന്നു.

മൈക്ക് ക്രീഗര്‍, കെവിന്‍ സിസ്‌ട്രോം എന്നീ യുവാക്കള്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ് ഫോട്ടോഷെയറിങിനായി ഇന്‍സ്റ്റഗ്രാം ആപ്പ് (Instagram App) വികസിപ്പിച്ചത്. അതിന്റെ ഐഫോണ്‍ ആപ്ലിക്കേഷനാണ് ആദ്യം രൂപപ്പെടുത്തിയത്. നിലവില്‍ 30 മില്യണ്‍ യൂസര്‍മാര്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതായാണ് കണക്ക്. ഒരോ ദിവസവും അഞ്ച് മില്യണ്‍ ചിത്രങ്ങള്‍ വീതം ഈ ആപ്ലിക്കേഷന്‍ വഴി അപ്‌ലോഡ് ചെയ്യപ്പെടുന്നു.

ഇന്‍സ്റ്റഗ്രാം നേടുന്ന വന്‍ജനപ്രീതിയാണ് അതിന്റെ വ്യാജപതിപ്പിറക്കാന്‍ സൈബര്‍ക്രിമിനലുകളെ പ്രേരിപ്പിക്കുന്നത്.
TAGS:
instagram  |  cybercriminals  |  sophos  |  photo sharing  |  mobile apps  |  malware 


Stories in this Section