ഐബിഎമ്മിന്റെ പുതിയ ചിപ്പ് വരുന്നു; സെര്‍ച്ച് വേഗത്തിലാകും

Posted on: 11 Dec 2012ഇലക്ട്രോണിക് രൂപത്തിലും പ്രകാശരൂപത്തിലും വിവരകൈമാറ്റം സാധ്യമാകുന്ന ചിപ്പുകളാണ് ഐബിഎം വികസിപ്പിച്ചിരിക്കുന്നത്‌


ഇലക്ട്രിക്കല്‍ സിഗ്‌നലുകള്‍ക്ക് പകരം, പ്രകാശസ്പന്ദനങ്ങളായി ഡേറ്റാ കൈമാറ്റം സാധ്യമാകുന്ന ചിപ്പ് ഐബിഎം വികസിപ്പിച്ചു. കമ്പ്യൂട്ടര്‍ സെര്‍വറുകളിലെ പ്രോസസറുകള്‍ക്കിടയില്‍, നിലവിലുള്ളതിലും വേഗത്തില്‍ വന്‍തോതിലുള്ള വിവരകൈമാറ്റം നടത്താന്‍ വഴിതുറക്കുന്ന മുന്നേറ്റമാണിത്.

കമ്പ്യൂട്ടിങ് പവര്‍ കുറയ്ക്കാനും, ആപ്‌സുകളുടെയും, സെര്‍ച്ച് പോലുള്ള നെറ്റ് സര്‍വീസുകളുടെയും പ്രവര്‍ത്തനം വേഗത്തിലാക്കാനും പുതിയ ചിപ്പ് സഹായിക്കും. മാത്രമല്ല, ചെലവ് കുറയ്ക്കാനും ഈ മുന്നേറ്റം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ ചിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍, പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇലക്ട്രോണ്‍ ഡിവൈസസ് മീറ്റീങില്‍ അവതരിപ്പിക്കും.

ഇലക്ട്രോണ്‍ പ്രവാഹത്തിന്റെ രൂപത്തിലല്ലാതെ, പ്രകാശസ്പന്ദനങ്ങളായി ഡേറ്റ കൈമാറ്റം സാധ്യമാകുന്നത് രണ്ടുതരത്തില്‍ പ്രയോജനകരമാകുമെന്ന്, പുതിയ മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘം പറഞ്ഞു.

സെര്‍വര്‍ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അകലെയുള്ള വിവിധ ഭാഗങ്ങളിലേക്ക് യാതൊരു ചോര്‍ച്ചയും കൂടാതെ വിവരകൈമാറ്റം സാധ്യമാകുമെന്നതാണ് അതില്‍ ആദ്യത്തെ ഗുണം. രണ്ടാമത്തെ മെച്ചം, ഡേറ്റാകൈമാറ്റം പ്രകാശവേഗത്തിലാകും എന്നതാണ്. അതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ വളരെ വേഗത്തില്‍ പങ്കിടാന്‍ കഴിയും.


ഡേറ്റാകേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ചിപ്പുകളുടെ റാക്കുകള്‍ക്കിടയില്‍ ഡേറ്റകൈമാറ്റത്തിന് ചെമ്പുകമ്പികള്‍ക്ക് പകരം ഓപ്ടിക്കല്‍ കേബിളുകള്‍ ഉപയോഗിക്കുന്ന രീതി ഇതിനകം പലയിടത്തും പ്രചാരത്തിലുണ്ട്.

പക്ഷേ, അതിലൊരു കുടുക്കുണ്ട്. ലൈറ്റ്എന്‍കോഡഡ് ഡേറ്റയെ ഇലക്ട്രിക് അധിഷ്ഠിതമായി പരസ്പരം മാറ്റാന്‍ പ്രത്യേക ഉപകരണങ്ങള്‍ വേണം. എങ്കിലേ അവയെ പ്രോസസറുകള്‍ക്ക് ഉപയോഗിക്കാനാവൂ. പുതിയ മുന്നേറ്റം വഴി ഈ ഡേറ്റാ പരിവര്‍ത്തനം കമ്പ്യൂട്ടര്‍ ചിപ്പില്‍ തന്നെ സാധ്യമാക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.

ഇലക്ട്രിക് സര്‍ക്യൂട്ടുകളെയും ഓപ്ടിക്കല്‍ ഘടകങ്ങളെയും ഒരേപോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ചിപ്പുകള്‍ നിര്‍മിക്കാനാണ് വഴിതുറന്നിരിക്കുന്നത്. സ്വാഭാവികമായും ചെലവ് വളരെ കുറയും.

നിങ്ങളൊരു സെര്‍ച്ച് എഞ്ചിനില്‍ ഒരു സംഗതി തിരയുമ്പോള്‍ എന്താണ് സംഭവിക്കുക. നിങ്ങളയയ്ക്കുന്ന ഡേറ്റ ഒരു ഡേറ്റാകേന്ദ്രത്തിലേക്കാണ് എത്തുക. അവിടെ ഏതെങ്കിലും ഒരു ചിപ്പിലോ, അല്ലെങ്കില്‍ ഒരു റാക്കിലെ ചിപ്പുകളിലോ ആയിരിക്കില്ല നിങ്ങളാവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഡേറ്റാകേന്ദ്രത്തില്‍ പലയിടങ്ങളിലെ ചിപ്പുകളില്‍ ചിതറിക്കിടക്കുകയാവാം.

'ഡേറ്റാകേന്ദ്രത്തിലെ ചിപ്പുകളെ എങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, എത്രവേഗം നിങ്ങള്‍ തിരയുന്ന വിവരം കിട്ടുന്നു എന്നത്'-ഐബിഎം റിസര്‍ച്ചിലെ നാനോഫോട്ടോണിക്‌സ് ശാസ്ത്രജ്ഞന്‍ ഡോ.സോളമന്‍ അസ്സിഫ അറിയിച്ചു.

നിലവിലുള്ള ടെക്‌നോളജി ഉപയോഗിച്ച് സമയമെടുത്തേ നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കൂ. എന്നാല്‍, പുതിയ സാങ്കേതികവിദ്യ നിലവില്‍ വരുന്നതോടെ സെര്‍ച്ച് അടക്കമുള്ള വെബ്ബ് സര്‍വീസുകളുടെ വേഗം ഏറെ വര്‍ധിക്കും - അദ്ദേഹം അറിയിക്കുന്നു.
TAGS:
ibm chip  |  ibm  |  innovation  |  processor technology 


Stories in this Section