മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ പാടില്ല - യു.എസ്.സുപ്രീംകോടതി

Posted on: 14 Jun 2013
വാഷിങ്ടണ്‍ : മനുഷ്യജീനുകള്‍ 'പ്രകൃതിയുടെ സൃഷ്ടിയാണെ'ന്നും, അത് ആര്‍ക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാന്‍ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഗവേഷണരംഗത്ത് ദൂരവ്യാപകമായ ഫലങ്ങളുവാക്കാന്‍ പോന്ന ഈ വിധി, സുപ്രീംകോടതി ഐക്യകണ്‌ഠേനെയാണ് പ്രസ്താവിച്ചത്.

ജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ കഴിയാത്തത് ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വാദം തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയവയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ജീന്‍വകഭേദത്തിന്റെ പേറ്റന്റ്, അമേരിക്കന്‍ ബയോടെക് കമ്പനിയായ 'മിരിയാഡ് ജനറ്റിക്‌സ്' സ്വന്തമാക്കിയിരുന്നു. അത് ചോദ്യംചെയ്ത് നടന്ന കേസിലാണ് ഈ സുപ്രധാന വിധി.

തനിക്ക് സ്തനാര്‍ബുദവും ഗര്‍ഭാശയാര്‍ബുദവും വരാന്‍ ജനിതകസാധ്യത കൂടുതലുണ്ടെന്ന് കണ്ട്, സ്തനങ്ങള്‍ നീക്കംചെയ്ത് കൃത്രിമസ്തനങ്ങള്‍ വെച്ചുപിടിച്ചിപ്പ കാര്യം അടുത്തയിടെ ഒസ്‌കാര്‍ ജേതാവ് ആന്‍ജെലിന ഷോലി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ മേല്‍സൂചിപ്പിച്ച ജീനുകള്‍ സമീപകാലത്ത് ജനശ്രദ്ധയിലെത്തിയിരുന്നു.

അര്‍ബുദസാധ്യത മനസിലാക്കാന്‍ പുതിയ ടെസ്റ്റുകള്‍ വികസിപ്പിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് അവസരം നല്‍കുന്നതാണ് കോടതി വിധിയെന്ന് ഡോക്ടര്‍മാരും രോഗികളും കരുതുന്നു. സ്വാഭാവികമായും ഈ രംഗത്ത് മത്സരമുണ്ടാകും. അത് ടെസ്റ്റിന്റെ ചെലവ് കുറയ്ക്കും. ഈ അര്‍ബുദജീന്‍ ഒരാളുടെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റിന് അമേരിക്കയില്‍ നിലവില്‍ 3300 ഡോളര്‍ (1.9 ലക്ഷം രൂപ) ആണ് ചെലവ്.

'പ്രകൃതിദത്തമായി ഉണ്ടാകുന്ന ഡി.എന്‍.എ.ഭാഗം പ്രകൃതിയുടെ സൃഷ്ടി'യാണ്. അതുകൊണ്ട് പേറ്റന്റ് ചെയ്യാന്‍ കഴിയില്ല - വിധിയില്‍ ജസ്റ്റിസ് ക്ലാരെന്‍സ് തോമസ് ചൂണ്ടിക്കാട്ടി. പേറ്റന്റ് സംരക്ഷിക്കാനായി മിരിയാഡ് കമ്പനി ഉന്നയിച്ച അഞ്ച് അവകാശവാദങ്ങളും കോടതി തള്ളി.


'ജീനുകളിലോ ഡി.എന്‍.എ.യിലോ കോഡീകരിച്ചിട്ടുള്ള ജനിതക വിവരങ്ങളില്‍ മിരിയാഡ് എന്തെങ്കിലും മാറ്റം വരുത്തുകയോ, എന്തെങ്കിലും പുതിയതായി സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല' - വിധിയില്‍ പറയുന്നു.

പുതിയ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെങ്കില്‍ ജീനുകള്‍ പേറ്റന്റ് ചെയ്യാന്‍ കഴിയണമെന്നാണ് ബയോടെക് കമ്പനികളുടെ വാദം. പുതിയ കോടതി വിധി പക്ഷേ, അത്ര പ്രതികൂലമാകില്ലെന്നാണ് കമ്പനികള്‍ വിശ്വാസിക്കുന്നു. കാരണം, പ്രകൃതിദത്ത ജീനുകള്‍ക്ക് മാത്രമേ പേറ്റന്റ് പാടില്ല എന്ന് കോടതി പറഞ്ഞിട്ടുള്ളൂ. കൃത്രിമ ജീനുകള്‍ക്കും കൃത്രിമമായി സൃഷ്ടിക്കുന്ന ഡി.എന്‍.എ.ഭാഗങ്ങള്‍ക്കും പേറ്റന്റ് നേടുന്നതില്‍ തടസ്സമില്ല.

മാനവജിനോം പദ്ധതിയുടെ ഭാഗമായി മനുഷ്യന്റെ ജനിതകശ്രേണി മുഴുവന്‍ പൊതുവായി ലഭ്യമായതോടെ, സാധാരണ ജീനുകള്‍ക്ക് പേറ്റന്റ് കരസ്ഥമാക്കാനുള്ള നീക്കം കമ്പനികള്‍ ഉപേക്ഷിച്ചിരുന്നു. കൃത്രിമമായി സൃഷ്ടിച്ച ഡി.എന്‍.എ.ഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ കമ്പനികള്‍ കൂടുതല്‍ പേറ്റന്റ് നേടുന്നത്.

BRCA1, BRCA2
എന്നീ ജീന്‍വകഭേദങ്ങള്‍ പേറ്റന്റ് ചെയ്താണ് മിരിയാഡ് കമ്പനി വിവാദത്തില്‍പെട്ടത്. സ്തനാര്‍ബുദ, ഗര്‍ഭാശയാര്‍ബുദ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ഈ ജീന്‍ വകഭേദങ്ങളാണിവ. ഈ ജീന്‍വകഭേദങ്ങളുടെ സ്ഥാനം കണ്ടെത്തി, വേര്‍തിരിച്ചെടുത്ത്, ജനിതകശ്രേണി മനസിലാക്കിയതിന്റെ പേരില്‍ തങ്ങള്‍ക്ക് പേറ്റന്റിന് അവകാശമുണ്ടെന്നായിരുന്നു കമ്പനിയുടെ വാദം. അത് കോടതി തള്ളി.

എന്നാല്‍, തങ്ങള്‍ രൂപപ്പെടുത്തിയ സ്തനാര്‍ബുദ ടെസ്റ്റിന് ഇപ്പോഴും പേറ്റന്റ് സംരക്ഷണമുണ്ടെന്ന് മിരിയാഡ് കമ്പനി പറഞ്ഞു.

മനുഷ്യജീനുകള്‍ പേറ്റന്റ് ചെയ്ത് സ്വന്തമാക്കാനുള്ള സ്വകാര്യ കമ്പനികളുടെ ശ്രമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജനകീയശാസ്ത്ര പ്രവര്‍ത്തകരും ശക്തമായി രംഗത്തുണ്ട്. ഗവേഷകര്‍, രോഗികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും പബ്ലിക്ക് പേറ്റന്റ് ഫൗണ്ടേഷനും ചേര്‍ന്നാണ് മിരിയാഡിനെതിരെ കോടതിയെ സമീപിച്ചത്.
TAGS:


Stories in this Section