എട്ടിന്റെ വഴിയില്‍ എച്ച്.ടി.സി.യും

Posted on: 27 Sep 2012


-പി.എസ്.രാകേഷ്‌
സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്. മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത് ഈ വര്‍ഷം ജൂണിലാണ്. ആന്‍ഡ്രോയിഡ് ഒ.എസില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്താന്‍ വിധിക്കപ്പെട്ട ആപ്പിളൊഴികെയുള്ള സ്മാര്‍ട്്‌ഫോണ്‍ കമ്പനികള്‍ പുതിയൊരു സാധ്യതകൂടി ലഭിച്ചതില്‍ സന്തോഷിച്ചു. വിന്‍ഡോസ് ഫോണ്‍ 8 ല്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണ്‍ എന്ന ബഹുമതി സ്വന്തമാക്കിയത് സാംസങ് ആറ്റിവ് എസ് എന്ന മോഡലാണ്. തൊട്ടുപുറകെ ലൂമിയ 920, ലൂമിയ 820 എന്നീ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയയും വിന്‍ഡോസ് 8 വഴിയിലേക്ക് നീങ്ങി.

ഇപ്പോഴിതാ തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി.യുടെ ഊഴവുമെത്തി. വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് 8, എസ്് 8 എന്നീ മോഡലുകള്‍ ഒരേ വേദിയില്‍ അവതരിപ്പിച്ചുകൊണ്ട് എച്ച്.ടി.സി. മത്സരത്തിനിറങ്ങുകയാണ്. ആന്‍ഡ്രോയിഡിന്റെ മികവില്‍ വിപണിയില്‍ മുന്നേറികൊണ്ടിരിക്കുന്ന സാംസങിനെ തളയ്ക്കുക തന്നെയാണ് എച്ച്.ടി.സി.യുടെ ലക്ഷ്യം.

കാഴ്ചയിലും ഡിസ്‌പ്ലേ മികവിലും ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങളിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന മോഡലുകളാണ് 8 എക്‌സും 8 എസും. 1.5 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം എസ്4 ഡ്യുവല്‍കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോകോളിങിനായി 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 1800 എം.എ.എച്ച്്. ബാറ്ററി എന്നിങ്ങനെ നീളുന്നു എക്‌സ് 8 ഫോണിന്റെ വിശേഷങ്ങള്‍. 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ജി-സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഈ ഫോണിലുണ്ട്.

ഒരു ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം എസ് 4 ഡ്യുവല്‍കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, അഞ്ച് മെഗാപിക്‌സല്‍ കാമറ, 1700 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് 8 എസിലുള്ളത്. 8 എസിന്റെ ഡിസ്‌പ്ലേ സ്‌ക്രീന്‍ നാലിഞ്ചാണെങ്കില്‍ 8 എക്‌സിന്റേത് 4.3 ഇഞ്ചാണ്.


വലിപ്പം കൂടിയതുകൊണ്ടാകും 8 എക്‌സിന് ഭാരവും കൂടുതലാണ്, 130 ഗ്രാം. 8 എസിന് 113 ഗ്രാമേയുള്ളൂ. 8 എക്‌സിന്റെ സ്‌ക്രീന്‍ റിസൊല്യൂഷന്‍ 1280/720 പിക്‌സല്‍സ്. 8 എസിന്റേത് 800/480 പിക്‌സല്‍സ്. പോറല്‍ വീഴാത്ത ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേയാണ് രണ്ടു ഫോണുകള്‍ക്കുമുള്ളത്.

കാലിഫോര്‍ണിയ ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക്, ഫ്ലെയിം റെഡ്, ലൈം ലൈറ്റ് യെല്ലോ എന്നീ കിടിലന്‍ നിറങ്ങളിലാണ് 8 എക്‌സ് ലഭിക്കുക. ഡോമിനോ, ഫിയസ്റ്റ റെഡ്, അറ്റ്‌ലാന്റിക് ബ്ലൂ, ഹൈ-റൈസ് ഗ്രേ എന്നീ നിറങ്ങളില്‍ 8 എസും ലഭ്യമാകും.

നവംബര്‍ മുതല്‍ 50 രാജ്യങ്ങളില്‍ ഈ ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്ന് എച്ച്.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുഫോണുകളുടെയും വില എത്രയാണെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 8 എസിന് 12000-18000 രൂപ വരെയും, 8 എക്‌സിന് 25,000 രൂപയ്ക്ക് അടുത്തുമായിരിക്കും വിലയെന്ന് ചില അഭ്യൂഹങ്ങളുണ്ട്.

സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനും സാംസങിനും പുറകിലായിപ്പോയ എച്ച്.ടി.സി. വിന്‍ഡോസ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് വന്‍തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ നിരയായ വണ്‍ സീരീസിന്റെ മാര്‍ക്കറ്റിങിലായിരുന്നു കമ്പനി നാളിതുവരെ ശ്രദ്ധ നല്‍കിയിരുന്നത്.

എന്നാല്‍, കഴിഞ്ഞവര്‍ഷം ആദ്യംമുതല്‍ക്ക് വിപണിയില്‍ വന്‍തിരിച്ചടികള്‍ നേരിടേണ്ടിവന്നു കമ്പനിക്ക്. ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ വിപണനത്തില്‍ സാംസങ് മേല്‍ക്കൈ നേടിയതും ഇക്കാലത്തുതന്നെ. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പങ്കാളിയായ നോക്കിയ ലിമിറ്റഡിനാണ് എച്ച്.ടി.സി.യുടെ പുതിയ നീക്കം ബേജാറ് സൃഷ്ടിക്കുന്നത് വേറെ കാര്യം.
TAGS:
htc  |  windows phone 8x  |  windows phone 8s  |  windows phone 8  |  microsoft  |  smartphone 


Stories in this Section